വാഷിംഗ്ടൺ: ജനപ്രതിനിധിസഭയിൽ നടന്ന വോട്ടെടുപ്പിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയത്തിന് അംഗീകാരം. വോട്ടെടുപ്പിൽ 197നെതിരെ 232 വോട്ടുകൾക്കാണ് ഇംപീച്ച്മെന്റ് പ്രമേയം പാസായത്. ഇതോടെ, അമേരിക്കൻ ചരിത്രത്തിൽ തന്നെ 2 തവണ ഇംപീച്ച് ചെയ്യപ്പെടുന്ന പ്രസിഡന്റായി ട്രംപ് മാറി
ട്രംപിനെ പുറത്താക്കണമെന്ന ആവശ്യം വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് തള്ളിയതോടെയാണ് യു.എസ് ജനപ്രതിനിധി സഭ ഇംപീച്ച്മെന്റ് നടപടികളിലേക്കു കടന്നത്. ട്രംപിനെതിരെ 10 റിപ്പബ്ലിക്കൻ അംഗങ്ങളും വോട്ട് രേഖപ്പെടുത്തി. പാർട്ടിക്കുള്ളിലും ട്രംപിനെതിരെ പടയൊരുക്കം ശക്തമാകുന്നുണ്ടെന്നാണ് വിവരം.
നിരവധി റിപ്പബ്ലിക്കൻ സെനറ്റർമാർ ട്രംപിനെതിരെ തിരിഞ്ഞതോടെ ഏറെ സങ്കീർണമായ വിചാരണയായിരിക്കും ട്രംപ് നേരിടേണ്ടിവരിക. 2019ൽ ട്രംപിനെതിരേ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നപ്പോൾ റിപ്പബ്ലിക്കൻ പാർട്ടിയിലെ ഒരംഗം പോലും പിന്തുണച്ചിരുന്നില്ല.അതേസമയം, ജനപ്രതിനിധി സഭയിൽ ഇംപീച്ച്മെന്റ് പ്രമേയം പാസായതോടെ വിചാരണ ഇനി സെനറ്റിലേക്ക് നീങ്ങും.
കുറ്റവിചാരണ പ്രമേയം ജനപ്രതിനിധി സഭ അംഗീകരിച്ചാലും റിപ്പബ്ലിക്കൻ നിയന്ത്രണത്തിലുള്ള സെനറ്റിൽ വിചാരണയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം ഉണ്ടെങ്കിലേ നടപടി സാദ്ധ്യമാകൂ.
100 അംഗ സെനറ്റിൽ 50 ഡെമോക്രാറ്റിക് അംഗങ്ങൾക്ക് പുറമേ 17 റിപ്പബ്ലിക്കന്മാർ കൂടി പിന്തുണച്ചാൽ ഇംപീച്ച്മെന്റ് യാഥാർത്ഥ്യമാകും.
അതേസമയം 20ന് മുൻപ് വിചാരണ നടപടികൾ സെനറ്റ് ആരംഭിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്.
20നാണ് ജോ ബൈഡൻ സ്ഥാനമേൽക്കുന്നത്
കുറ്റം തെളിഞ്ഞാൽ...
കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ, മുൻ പ്രസിഡന്റുമാർക്കുള്ള ആനുകൂല്യം ട്രംപിന് നഷ്ടമാകും. അതായത്,1958 ലെ ഫോർമർ പ്രസിഡന്റ്സ് ആക്ട് അനുസരിച്ച്, മുൻ പ്രസിഡന്റുമാർക്ക് അനുവദിക്കുന്ന പെൻഷൻ, ആരോഗ്യ ഇൻഷുറൻസ്, സുരക്ഷ എന്നിവ ലഭിക്കില്ല. പിന്നീട് ട്രംപിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുമാവില്ല.
രാജ്യത്ത് സമാധാനം കൊണ്ടുവരണം: ട്രംപ്
ഇംപീച്ച്മെന്റിന് പിന്നാലെ രാജ്യത്ത് സമാധാനം കൊണ്ടുവരണമെന്ന് ട്രംപ് വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളോട് പറഞ്ഞു. കാപിറ്റോൾ ആക്രമണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും തന്നെ പിന്തുടരുന്നവർ കലാപത്തിന് മുതിരരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇംപീച്ച്മെന്റിനെക്കുറിച്ച് ട്രംപ് യാതൊന്നും പരാമർശിച്ചില്ല.
ആരും നിയമത്തിന് അതീതരല്ല. യു.എസ് പ്രസിഡന്റ് പോലും
- സ്പീക്കർ നാൻസി പെലോസി