sabarimala-

പത്തനംതിട്ട: ദർശന പുണ്യം പകർന്ന് പൊന്നമ്പലമേട്ടിൽ മകരസംക്രമ സന്ധ്യയിൽ മകരവിളക്ക് തെളിഞ്ഞു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ആയിരങ്ങള്‍ മകര വിളക്ക് ദര്‍ശിച്ചു. ശബരിമലയില്‍ അയ്യപ്പന് തിരുവാഭരണം ചാര്‍ത്തിയുള്ള മഹാ ദീപാരാധനയ്ക്ക് ശേഷമാണ് സന്നിധാനത്ത് തടിച്ചുകൂടിയ അയ്യപ്പഭക്തന്മാര്‍ പൊന്നമ്പലമേട്ടിലെ മകര വിളക്ക് ദര്‍ശിച്ച് മടങ്ങിയത്. ശബരീപീഠത്തിൽ നിന്നും ശരംകുത്തിയിലെത്തിയ തിരുവാഭരണ ഘോഷയാത്ര 6.15നാണ് സന്നിധാനത്തെത്തിയത്.

മുൻവർഷങ്ങളിൽ ലക്ഷങ്ങൾ ക്യാമ്പ് ചെയ്‌ത് മകരവിളക്ക് ദർശനം നടത്തിയിരുന്നെങ്കിൽ ഇത്തവണ 5000പേർക്ക് മാത്രമാണ് ദർശനത്തിന് അനുമതിയുണ്ടായിരുന്നക്. പൊന്നമ്പല മേട്ടിൽ മകരവിളക്ക് ദർശിക്കാൻ ഭക്തർ ക്യാമ്പ് ചെയ്യാറുള‌ള പുല്ലുമേട്ടിലും ഇടുക്കി ജില്ലയിലെ മ‌റ്റിടങ്ങളിലും ഇത്തവണ പ്രവേശനമില്ല. ശബരീശന് ദീപാരാധന നടക്കുന്ന സമയം പൊന്നമ്പല മേട്ടിൽ മകരവിളക്ക് ദൃശ്യമാകും.

അതേസമയം ശബരിമലയിൽ ഇത്തവണ കൊവിഡ് നിയന്ത്രങ്ങൾ ഒരുക്കുന്നത് വെല്ലുവിളിയായിരുന്നതായി തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് എൻ.വാസു അറിയിച്ചു. എന്നാൽ സുഗമ ദർശനമാണ് സന്നിധാനത്ത് ഭക്തർക്ക് ലഭിച്ചതെന്നും ശബരിമലയിൽ തീർത്ഥാടന ദിവസങ്ങൾ കൂട്ടുക എന്നത് തന്ത്രി ഉൾപ്പടെയുള‌ളവരുമായി ചർച്ച ചെയ്യേണ്ട കാര്യമാണെന്നും എൻ.വാസു അഭിപ്രായപ്പെട്ടു.

ഭക്തർ അകമഴിഞ്ഞ് സംഭാവന ചെയ്യണം എന്ന ദേവസ്വം മന്ത്രി കടകംപള‌ളി സുരേന്ദ്രന്റെ അഭിപ്രായം ബോർഡിന്റെ സാമ്പത്തിക സ്ഥിതി മനസിലാക്കിയാണ്. സർക്കാരിന് മാത്രമായി എത്ര സഹായിക്കാൻ കഴിയും? എല്ലാകാലവും സർക്കാർ സഹായത്തോടെ ബോർഡിന് നിലനിൽക്കാനാകില്ലെന്നും ആചാര, നിർമ്മാണ കാര്യങ്ങളിൽ ക്ഷേത്രങ്ങളെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യാൻ കഴിയുന്നവരുടെ സഹായം പ്രതീക്ഷിക്കുന്നതായും ദേവസ്വംബോർഡ് പ്രസി‌ഡന്റ് അറിയിച്ചു.