വാഷിംഗ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അട്ടിമറിക്കാൻ അനുയായികളെ ഇളക്കി വിട്ട് കോൺഗ്രസ് ആസ്ഥാനം ആക്രമിച്ച കുറ്റത്തിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്തു.197നെതിരെ 232 വോട്ടുകൾക്കാണ് ഇംപീച്ച്മെന്റ് പ്രമേയം പാസായത്. ഇതോടെ, അമേരിക്കൻ ചരിത്രത്തിൽ പ്രതിനിധി സഭ രണ്ട് തവണ ഇംപീച്ച് ചെയ്യുന്ന ആദ്യ പ്രസിഡന്റായി ട്രംപ്. ആൻഡ്രൂ ജോൺസണും ബിൽ ക്ലിന്റണും ശേഷം ഇംപീച്ച്മെന്റിന് വിധേയനാകുന്ന പ്രസിഡന്റാണ് ട്രംപ്.
ട്രംപിനെതിരെ 10 റിപ്പബ്ലിക്കൻ അംഗങ്ങളും വോട്ട് രേഖപ്പെടുത്തി. വിചാരണ ഇനി ഉപരിസഭയായ സെനറ്റിലേക്ക് നീങ്ങും. റിപ്പബ്ലിക്കൻ നിയന്ത്രണത്തിലുള്ള സെനറ്റിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം ഉണ്ടെങ്കിലേ നടപടി സാദ്ധ്യമാകൂ. 20ന് ബൈഡൻ അധികാരമേൽക്കും മുമ്പ് സെനറ്റ് വിചാരണ തുടങ്ങുമോ എന്ന് വ്യക്തമല്ല.