gokulam-win

കൊൽക്കത്ത : ഐ- ലീഗിലെ ആദ്യ മത്സരത്തിൽ ചെന്നൈ സിറ്റിയോട് തോറ്റിരുന്ന ഗോകുലം കേരള എഫ്.സി രണ്ടാം മത്സരത്തിൽ നടത്തിയത് ക്ളാസിക് തിരിച്ചുവരവ്. ഇന്നലെ പഞ്ചാബ് എഫ്.സിയ്ക്ക് എതിരെ 1-3 എന്ന സ്കോറിന് പിറകിൽ ആയിരുന്ന ഗോകുലം രണ്ടാം പകുതിയിൽ നിന്ന് തിരിച്ചടിച്ച് നേടിയത് 4-3ന്റെ വിജയം . സീസണിലെ ഗോകുലത്തിന്റെ ആദ്യ വിജയമായിരുന്നു ഇത്.

പ്രതിരോധപ്പിഴവുകൾ പലതുകണ്ട മത്സരത്തിൽ ആദ്യ 25 മിനിട്ടിൽ തന്നെ ഗോകുലം രണ്ട് ഗോളിന് പിറകിലായി. 17 -ാം മിനിട്ടിലും 25-ാം മിനിട്ടിലും ചെഞ്ചോയാണ് പഞ്ചാബിനായി ഗോളുകൾ നേടിയത്‌. 27-ാം മിനിട്ടിൽ അഡ്ജയിലൂടെ ഒരു ഗോൾ മടക്കി ഗോകുലം പ്രതീക്ഷ കാത്തെങ്കിലും ആദ്യ പകുതിക്ക് മുമ്പ് നൊംഗ്റമിലൂടെ പഞ്ചാബ് എഫ്.സി മൂന്നാം ഗോളും നേടി.

രണ്ടാം പകുതിയിൽ 53-ാം മിനിട്ടിൽ ലഭിച്ച പെനാൾറ്റി ഗോകുലം സ്ട്രൈക്കർ ആന്റ്വി നഷ്ടപ്പെടുത്തിയത് ഇത് ഗോകുലം കേരളയുടെ ദിവസമല്ല എന്ന് തോന്നിപ്പിച്ചെങ്കിലും പെനാൽറ്റി നഷ്ടമാക്കിയതിന് ഇരട്ട ഗോളുകളുമായി ആന്റ്വി പരിഹാരം ചെയ്തു. 69-ാം മിനുട്ടിലും 73-ാം മിനുട്ടിലും ആന്റ്വി സ്കോർ ചെയ്തതോടെ സ്കോർ 3-3 എന്നായി. 75-ാം അലിയുടെ മിനുട്ടിൽ സെൽഫ് ഗോൾ വീണതോടെയാണ് ഗോകുലം 4-3 എന്ന ക്ലാസിക് തിരിച്ചുവരവ് സ്വന്തമാക്കിയത്. കിട്ടിയ അവസരങ്ങൾ പകുതിയെങ്കിലും ഗോകുലം കേരള മുതലെടുത്തിരുന്നു വെങ്കിലും ഇതിനേക്കാൾ ഏറെ ഗോളുകൾ പിറന്നേനെ. ജയത്തോടെ ഗോകുലം മൂന്ന് പോയിന്റുമായി നാലാം സ്ഥാനത്തേക്ക് എത്തി.