ന്യൂഡൽഹി: ലോകത്തെ ശതകോടീശ്വരൻമാരിൽ ഒന്നാമനും ഇലക്ട്രിക് കാർ നിർമ്മാണ കമ്പനിയായ ടെസ്‌ലയുടെ സ്ഥാപകനുമായ ഇലോൺ മസ്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചിത്രം പങ്കുവച്ച് ബി.ജെ.പി.
ഇന്ത്യയിലെ ഇലക്ട്രിക് കാർ വിപണിയിൽ പ്രവേശിക്കാനുള്ള അമേരിക്കൻ ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‌ലയുടെ തീരുമാനത്തിന് പിന്നാലെയാണ് ബി.ജെ,പി എലോൺ മസ്കിന്റെ കൈപിടിച്ച് നിൽക്കുന്ന നരേന്ദ്രമോദിയുടെ ചിത്രം ട്വീറ്റ് ചെയ്തത്.. 2015ൽ അമേരിക്കയിൽ ടെസ്‌ല കമ്പനി സന്ദർശിച്ച മോദി, ഇലോൺ മസ്‌കുമായി സൗഹൃദസംഭാഷണം നടത്തുന്ന ചിത്രമാണിത്. ഒന്നരമണിക്കൂറോളം മോദി അന്നു കമ്പനിയിൽ ചെലവിട്ടിരുന്നു. 'ബെംഗളൂരു യൂണിറ്റുമായി ടെസ്ല ഇന്ത്യയിലേക്ക് ഡ്രൈവ് ചെയ്‌തെത്തുന്നു' എന്നും ബിജെപി ട്വീറ്റ് ചെയ്തിട്ടുണ്ട്.
'വാഗ്ദാനം ചെയ്തതു പോലെ' എന്നാണ് ഇന്ത്യയിലേക്കെത്തുന്നതിനെക്കുറിച്ച് മസ്‌ക് ട്വീറ്റ് ചെയ്തിരിക്കുന്നത്. 'അടുത്ത വർഷം ഉറപ്പായും' എന്ന് കഴിഞ്ഞ ഒക്‌ടോബറിൽ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. 'ഇന്ത്യക്കു ടെസ്‌ലയെ വേണം' എന്നെഴുതിയ ടീഷർട്ടിന്റെ ചിത്രം പങ്കുവച്ചായിരുന്നു അന്നു മസ്‌കിന്റെ വാഗ്ദാനം.
As promised
ടെസ്‌ല ഇന്ത്യ മോട്ടേഴ്സ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് ഇന്ത്യയിലെ ഉപസ്ഥാപനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂണിൽ പ്രവർത്തനം ആരംഭിക്കും. മോഡൽ 3 സെഡാനാവും ഇന്ത്യയിൽ ആദ്യം വിൽപനയ്ക്ക് എത്തുക.
നിലവിൽ ഇറക്കുമതി തീരുവ മൂലം ടെസ്ലയുടെ കാറുകൾക്ക് ഇന്ത്യയിൽ വലിയ വിലയാണ്. എന്നാൽ കമ്പനി ഇന്ത്യയിൽ നിർമാണം ആരംഭിക്കുന്നതോടെ ഇടത്തരക്കാർക്ക് താങ്ങാൻ കഴിയുന്ന വിലയ്ക്ക് കാറുകൾ ലഭ്യമാക്കാൻ കഴിയുമെന്നു കമ്പനി അവകാശപ്പെടുന്നു. ബെംഗളൂരുവിനു സമീപം തുംകുറിൽ ടെസ്ലക്ക് നിർമാണ യൂണിറ്റ് ആരംഭിക്കാൻ കർണാടക സർക്കാർ സ്ഥലം വാഗ്ദാനം ചെയ്തുവെന്നാണു റിപ്പോർട്ട്.