republic-day-

ന്യൂഡൽഹി: ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിൽ വിദേശ ഭരണാധികാരികളെ മുഖ്യാതിഥിയാക്കില്ലെന്ന് കേന്ദ്രസർക്കാർ ഔദ്യോഗികമായി അറിയിച്ചു കൊവിഡ് വൈറസ് രോഗവ്യാപനത്തെ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ നടപടി.. 55 വർഷത്തിനിടെ ഇതാദ്യമായാണ് രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ മുഖ്യാതിഥിയില്ലാതെ നടത്തുന്നത്..

ലോകത്താകെയുള്ള കൊവിഡ് 19 വ്യാപനത്തിന്റെ സാഹചര്യം കാരണം ഈ വർഷം വിദേശ രാഷ്ട്രത്തലവനെ റിപ്പബ്ലിക് ദിന പരിപാടിയിൽ മുഖ്യാതിഥിയായിരിക്കില്ലെന്ന് തീരുമാനിച്ചതായി വിദേശകാര്യമന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷം റിപ്പബ്ലിക് ദിനാഘോഷങ്ങൾ വെട്ടിച്ചുരുക്കിയിട്ടുണ്ട്.

ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനാഘാഷത്തിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ മുഖ്യാതിഥിയായി ക്ഷണിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ഇതിനായി ഇന്ത്യയിലെത്താൻ സാധിക്കില്ലെന്നും അതിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ടെലഫോൺ സംഭാഷണത്തിൽ ബോറിസ് ജോൺസൺ വ്യക്തമാക്കി. പിന്നാലെ ചില ആഫ്രിക്കൻ രാജ്യങ്ങളിലെ രാഷ്ട്രത്തലവൻമാർ മുഖ്യാതിഥിയാകും എന്ന വാർത്തയും വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം നൽകിയത്.


1966 ലാണ് രാജ്യത്ത് ഏറ്റവും ഒടുവിൽ മുഖ്യാതിഥിയില്ലാതെ റിപ്പബ്ലിക്ക് ദിന പരിപാടികൾ നടന്നത്. അന്നത്തെ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ അകാല നിര്യാണത്തെത്തുടർന്നുള്ള പ്രത്യേക സാഹചര്യങ്ങൾ കാരണമായിരുന്നു അത്. ലാൽ ബഹാദൂർ ശാസ്ത്രിയുടെ മരണശേഷം ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ 1966 ജനുവരി 24 ന് റിപ്പബ്ലിക് ദിനാഘോഷത്തിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കേയാണ് അന്ന് അധികാരമേറ്റത്.