thomas-issac

തിരുവനന്തപുരം: ബഡ്‌ജറ്റ് പ്രസംഗത്തിനിടെ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി വർദ്ധിപ്പിച്ചത് കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങളാണെന്ന് തോമസ് ഐസക് വിമർശിച്ചു. കിഫ്ബിക്കെതിരായ സംഘടിത നീക്കങ്ങൾ ചില നിക്ഷിപ്‌ത കേന്ദ്രങ്ങൾ അണിയറയിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമാണ് 2019-20 ഫിനാൻസ് അക്കൗണ്ട് റിപ്പോർട്ട് നിയമത്തെ ഭരണഘടനാ വിരുദ്ധമെന്ന് വിശേഷിപ്പിച്ചതെന്ന് ഐസക് കുറ്റപ്പെടുത്തി.

ആരോഗ്യ മേഖലയിൽപ്പോലും കേന്ദ്രസർക്കാർ ചിലവുകൾ ഗണ്യമായി ഉയർത്തിയില്ല. ഇത്തരമൊരു നയംമൂലം ലോകത്തിലെ ഏറ്റവും രൂക്ഷമായ സാമ്പത്തിക മാന്ദ്യം ഗ്രസിച്ച രാജ്യമായി ഇന്ത്യ മാറി. ഈ വർഷത്തെ ആദ്യ പാദത്തിൽ ആഗോള ഉദ്പാദനം പത്ത് ശതമാനം ഇടിഞ്ഞപ്പോൾ ഇന്ത്യയിലത് 25 ശതമാനം ആണ് ഇടിഞ്ഞത്. കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങളാണ് ഇതിനു കാരണമെന്നും ധനമന്ത്രി പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ നിലപാട് സംസ്ഥാനങ്ങളെയും പ്രതിസന്ധിയിലാക്കി. രാജ്യത്ത് മൊത്തം സർക്കാർ ചെലവിന്റെ 60 ശതമാനം സംസ്ഥാന സർക്കാരുകൾ വഴിയാണ് നടക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വരുമാനം കൊവിഡ് പ്രതിസന്ധിയിൽ മൂന്നിലൊന്നായി കുറഞ്ഞു. കേന്ദ്രസർക്കാർ ജിഎസ്ടി നഷ്‌ടപരിഹാരത്തുക വച്ചുതാമസിപ്പിക്കുകയും ചെയ്‌തു. പൂർണമായി നൽകാൻ ഇപ്പോഴും കേന്ദ്രം തയ്യാറായിട്ടില്ല. വായ്പയെടുക്കുന്നതിൽ കർക്കശമായ നിലപാട് മൂലം ഒരു സംസ്ഥാനത്തിനും ഇത് പൂർണമായി പ്രയോജനപ്പെടുത്താനായില്ല. ഇതൊക്കെ സംസ്ഥാനത്തിന്റെ പ്രതിസന്ധിയെ രൂക്ഷമാക്കിയതായി ധനമന്ത്രി വിമർശിച്ചു.

2019-20 ഫിനാൻസ് അക്കൗണ്ട് റിപ്പോർട്ട് നിയമത്തെ ഭരണഘടനാ വിരുദ്ധമെന്ന് വിശേഷിപ്പിച്ചത് കിഫ്ബിക്കെതിരായ സംഘടിത നീക്കത്തിന്റെ ഭാഗമായാണ്. ഇതിന്റെ ചുവടുപിടിച്ച് ട്രഷറി സേവിംഗ്സ് ബാങ്കിനെതിരെയും ഇതേ കോണുകളിൽനിന്ന് നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ഇതിനെയെല്ലാം ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ടെന്നും തോമസ് ഐസക് വ്യക്തമാക്കി.