തിരുവനന്തപുരം: തിരുവിതാംകൂറിന്റെ തനത് സാംസ്‌കാരിക പൈതൃകവും തനിമയും നിലനിർത്തുന്നതിനായി 100 കോടി ചെലവഴിച്ച് സംസ്ഥാന സർക്കാർ ട്രാവൻകൂർ ഹെറിറ്റേജ് ടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കുന്നതോടെ ജില്ലയിലെ ചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങൾക്ക് പുത്തൻ ഉണർവാകും. വിവിധ കൊട്ടാരങ്ങൾ, മാളികകൾ, ക്ഷേത്രങ്ങൾ എന്നിവയുടെ പഴമ നഷ്ടപ്പെടാതെ സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയുടെ ടൂറിസം വികസനത്തിന് പുത്തനുണർവേകുന്ന പദ്ധതി നാല് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്. മുംബയ് ആസ്ഥാനമായുള്ള ആഫാ നരെയ്ൻ ലാംപ് അസോസിയേറ്റ്സ് ആണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.
ആദ്യ ഘട്ടത്തിൽ ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര പരിസരം, കിഴക്കേക്കോട്ട, എംജി റോഡ് മുതൽ വെള്ളയമ്പലം വരെയുള്ള പ്രൗഢഭംഗിയാർന്ന 19 കെട്ടിട സമുച്ചയങ്ങൾ എന്നിവ അത്യാധുനിക പ്രകാശ സംവിധാനങ്ങൾ സ്ഥാപിച്ച് മനോഹരമാക്കും. തുടർന്ന് കിഴക്കേകോട്ട മുതൽ ഈഞ്ചക്കൽ വരെ 21 കെട്ടിട സമുച്ചയങ്ങളും സംരക്ഷിച്ച് അലങ്കാര ദീപങ്ങളാൽ ആകർഷകമാക്കും. ഇതിന്റെ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. രണ്ടാംഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ ചരിത്ര സ്മാരകങ്ങളുടെ പുനരുദ്ധാരണമാണ് നടപ്പിലാക്കുന്നത്. ആറ്റിങ്ങൽ കൊട്ടാരം, ആനന്ദവിലാസം, രംഗവിലാസം, സുന്ദരവിലാസം കൊട്ടാരങ്ങളടക്കം സംരക്ഷിച്ച് മനോഹരമാക്കി പ്രകാശ സംവിധാനങ്ങൾ സ്ഥാപിക്കും. പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയേറ്റ് മന്ദിരം ലേസർ പ്രൊജക്ഷൻ വഴി ആകർഷകമാക്കുകയും സെക്രട്ടേറിയേറ്റ് മന്ദിരത്തിൽ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം ഡിജിറ്റൽ സംവിധാനത്തിലൂടെ ആവിഷ്‌കരിക്കുകയും ചെയ്യും. തിരുവനന്തപുരത്തിന്റെ പ്രൗഢി വിളിച്ചോതുന്ന കെട്ടിടങ്ങളെല്ലാംതന്നെ അത്യാധുനിക വൈദ്യുത ദീപാലങ്കാരങ്ങളാൽ പ്രകാശിതമാകുന്നതോടെ രാത്രികാല ടൂറിസം കേന്ദ്രം കൂടിയായി തലസ്ഥാന നഗരം മാറുമെന്നാണ് അധികതരുടെ പ്രതീക്ഷ.
കാലപ്പഴക്കം കാരണം നാശത്തിന്റെ വക്കിലെത്തിയ ചരിത്രമുറങ്ങുന്ന കെട്ടിടങ്ങളുടെ നവീകരണമാണ് രണ്ടാം ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ആറ്റിങ്ങലിലെ കോയിക്കൽ കൊട്ടാരം, 150 വർഷം പഴക്കമുള്ള അനന്ത വിലാസം കൊട്ടാരം, 1839ൽ നിർമ്മിച്ച രംഗവിലാസം കൊട്ടാരം, പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള സുന്ദര വിലാസം കൊട്ടാരം എന്നിവയും നവീകരിക്കും.
കായൽ ടൂറിസവും
ട്രാവൻകൂർ ഹെറിറ്റേജ് സർക്യൂട്ടിന്റെ ഭാഗമായി കഠിനംകുളം-അഞ്ചുതെങ്ങ് ടൂറിസം ഇടനാഴിയും നടപ്പാക്കുന്നുണ്ട്. ട്രാവൻകൂർ ഹെറിറ്റേജ് സർക്യൂട്ട് കഠിനംകുളം-അഞ്ചുതെങ്ങ് ഇടനാഴി എന്നു പേരിട്ടിരിക്കുന്ന പദ്ധതിയ്ക്ക് 8.85 കോടിയാണ് ചെലവ്. പദ്ധതിയുടെ ഭാഗമായി മുരുക്കുംപുഴ, പൗണ്ട്കടവ്, കായിക്കര കടവ്, പണയിൽകടവ്, പുത്തൻകടവ് എന്നിവിടങ്ങളിൽ ബോട്ട് ജെട്ടി നിർമ്മിക്കും. വേളിയിൽ വെൽകം ആർച്ചും ഇതിന്റെ ഭാഗമായി ഒരുക്കും.
വർക്കല ബീച്ച് സമഗ്ര വികസനത്തിന്റെ ഭാഗമായി ഒമ്പതു കോടി രൂപയുടെ ആദ്യഘട്ട നിർമാണം ആരംഭിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനു പുറമേ പാലം, വാച്ച് ടവർ, കുളം, ഉറവയുടെ ഭാഗത്തെ നവീകരണം തുടങ്ങിവയാണു നടപ്പാക്കുന്നത്. ഇതിനു പുറമേ 2.66 കോടിയുടെ പദ്ധതികൾ വർക്കലയിൽ പൂർത്തിയായിട്ടുണ്ട്. ഇതു പൂർത്തിയാകുന്നതോടെ പെരുമാതുറ, വർക്കല പ്രദേശങ്ങളടങ്ങുന്ന ഗ്രാമങ്ങളിലേക്ക് ഒട്ടനവധി സഞ്ചാരികൾ എത്തും. മൂന്നു കോടി രൂപയാണു പെരുമാതുറ ബീച്ച് വികസന പദ്ധതിക്കായി വിനിയോഗിക്കുന്നത്. റോഡ്, കുട്ടികൾക്കുള്ള പാർക്ക്, ടിക്കറ്റ് കൗണ്ടർ, പവലിയൻ, ഇരിപ്പിടങ്ങൾ, ടോയ്ലറ്റ്, നടപ്പാത, സ്നാക്സ് ബാർ, ചുറ്റുമതിൽ, സ്റ്റേജ്, ലൈഫ് ഗാർഡ് റൂം തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി ഇവിടെ. മേയ് മാസത്തോടെ നിർമ്മാണം പൂർത്തീകരിക്കുന്ന രീതിയിൽ ആണ് നിർമ്മാണം നടക്കുന്നത്.