തിരുവനന്തപുരം : കൊവിഡ് കാലം നൽകിയ ഇരുട്ടിനെ മറികടന്ന് ആനന്ദം ചൊരിയുന്ന പുലരിയെ തിരികെ എത്തിക്കാൻ ലോകം പ്രയത്നിക്കുന്നതിനെ കുറിച്ച് പാലക്കാട് കുഴൽമന്ദം ജി എച്ച് എസിലെ സ്‌നേഹ എന്ന വിദ്യാർത്ഥി രചിച്ച കവിത വായിച്ചു കൊണ്ടാണ് അടുത്ത സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റ് നിയമസഭയിൽ ധനമന്ത്രി അവതരിപ്പിച്ചത്. ലോകമെമ്പാടും സാമ്പത്തിക മാന്ദ്യത്തിന് കാരണമായ കൊവിഡിനെ കേരളം നേരിട്ടതിനെ കുറിച്ചും, കൊവിഡ് പ്രതിരോധിക്കുന്നതിൽ കേരളം കാട്ടിയ മികവിനെ ലോകം ഏറ്റെടുത്തതിനെ കുറിച്ചും നിയമസഭയിൽ തോമസ് ഐസക് എടുത്തുകാട്ടി. കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഈ ബഡ്ജറ്റിലൂടെ താൻ ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി ബഡ്ജറ്റ് അവതരണത്തിൽ പറഞ്ഞു.
കൊവിഡ് കാലത്ത് സർക്കാർ നടപ്പിലാക്കിയ പദ്ധതികളെ കുറിച്ചും ധനമന്ത്രി വിവരിച്ചു. കൊവിഡിന് സൗജന്യചികിത്സ ഉറപ്പ് വരുത്താൻ സർക്കാരിനായി. 4000 തസ്തികകൾ ആരോഗ്യ മേഖലയിൽ ഈ കാലയളവിൽ സൃഷ്ടിച്ചു. ആരോഗ്യവകുപ്പിന്റെ കരുതലും മികവും ലോക ശ്രദ്ധ നേടി, സംസ്ഥാനത്തെ ജനങ്ങളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കാനായെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പോരാളികളായ ആരോഗ്യ പ്രവർത്തകർ, പൊലീസ്, റവന്യു ഉദ്യോഗസ്ഥർ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികൾ എന്നിവർ അഭിനന്ദനം അർഹിക്കുന്നുവെന്നും ബഡ്ജറ്റ് അവതരണത്തിനിടെ ധനമന്ത്രി നന്ദി പറഞ്ഞു.