തിരുവനന്തപുരം: തൊഴിൽ നഷ്‌ടപ്പെട്ട് നാട്ടിൽ എത്തുന്ന പ്രവാസികൾക്ക് നൈപുണ്യ വികസനം നൽകി വീണ്ടും വിദേശത്ത് അയക്കാൻ സഹായം നൽകുന്ന പദ്ധതി ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. പദ്ധതിക്കുവേണ്ടി 100 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. സമാശ്വാസ പ്രവർത്തനങ്ങൾക്ക് 30 കോടി രൂപയും പ്രഖ്യാപിച്ചു.
തൊഴിൽ നഷ്‌ടപ്പെട്ട് നാട്ടിൽ എത്തുന്നവരുടെ പട്ടിക തയ്യാറാക്കും. പദ്ധതി ആദ്യഘട്ടം നടപ്പാക്കിയ ശേഷം മൂന്നാം ലോക കേരള സഭ വിളിച്ചുചേർക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി രൂപ അനുവദിക്കും. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവർക്ക് 350 രൂപയായും പെൻഷൻ 3500 രൂപയായും ഉയർത്തി.
നാട്ടിൽ തിരിച്ചെത്തിയവരുടേത് 200 രൂപയായും പെൻഷൻ 3000 രൂപയായും വർദ്ധിപ്പിച്ചു. പ്രവാസി ചിട്ടി ഊർജ്ജിതപ്പെടുത്തുമെന്നും തോമസ് ഐസക് വ്യക്തമാക്കി.