trinamool

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ തൃണമൂൽ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്കുള‌ള നേതാക്കളുടെ ഒഴുക്ക് തുടരുകയാണ്. അൻപത് തൃണമൂൽ എം.എൽ.എമാർ ബിജെപിയിലെത്തുമെന്ന് ബിജെപി ബംഗാൾ അദ്ധ്യക്ഷൻ ദിലീപ് ഘോഷ് പ്രഖ്യാപിച്ചിട്ട് അധികം നാളായിട്ടില്ല.ആറോ ഏഴോ ബിജെപി എം.പിമാർ തൃണമൂലിലെത്തും എന്ന മന്ത്രി ജ്യോതിപ്രിയാ മാലികിന്റെ പ്രസ്‌താവനക്ക് മറുപടിയായിട്ടായിരുന്നു ദിലീപ് ഘോഷിന്റെ ഈ പ്രഖ്യാപനം.

ഇതിനിടെയാണ് ചലച്ചിത്ര താരവും ബിർഭും എം.പിയുമായ ശതാബ്‌ദി റോയ് തൃണമൂൽ വിടുമെന്ന് പരോക്ഷ സൂചനയുമായി സമൂഹമാദ്ധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്‌തത്. തന്റെ തീരുമാനം ശനിയാഴ്‌ച ഉച്ചയ്‌ക്ക് രണ്ടുമണിക്ക് പ്രഖ്യാപിക്കുമെന്നാണ് ശതാബ്‌ദി റോയ് അറിയിച്ചത്. 2009 മുതൽ ബിർഭുമിൽ നിന്നുള‌ള ലോക്‌‌സഭാംഗമാണ് ശതാബ്‌ദി റോയ്. പോസ്‌റ്റിന് ശേഷം ശതാബ്‌ദിയുടെ ഫോണിൽ ഇവരെ ലഭിക്കുന്നില്ലെന്ന് വിവരമുണ്ട്.

കുറച്ചുനാളുകളായി പാർട്ടി പരിപാടികളിൽ ക്ഷണിക്കാത്തതിനെ തുടർന്ന് ശതാബ്‌ദി റോയ് മാനസിക പിരിമുറുക്കത്തിലായിരുന്നു എന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. എന്നാൽ ശതാബ്‌ദിയുടെ തീരുമാനത്തിൽ മ‌റ്റൊരു ലോക്‌സഭാംഗമായ സൗഗത റോയ് അത്ഭുതം പ്രകടിപ്പിച്ചു. ഡിസംബർ മാസത്തിലാണ് മുഖ്യമന്ത്രി മമതാ ബാനർജിയ്‌ക്കൊപ്പം ഒരു പൊതുയോഗത്തിൽ പങ്കെടുത്തത്. ബംഗാളിൽ കഴിഞ്ഞ വർഷം ഡിസംബർ 19ന് ഏഴ് തൃണമൂൽ എംഎൽഎമാരും ഒരു എം.പിയും പാർട്ടിവിട്ട് ബിജെപിയിൽ ചേർന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇവർ ബിജെപിയിൽ ചേർന്നത്. ഇവർ പാർട്ടിവിട്ടതിനെ ചപ്പുചവറുകൾ ഒഴിവാക്കി എന്ന പ്രതികരണത്തോടെയായിരുന്നു തൃണമൂൽ നേരിട്ടത്.