ഫോട്ടോഗ്രാഫി ഇന്ന് വലിയ ജനകീയ കലയായി മാറിക്കഴിഞ്ഞു. സോഷ്യൽ മീഡിയയും മൊബൈൽ ഫോണുകളും വ്യാപകമായതോടെ ഇതിന്റെ സാദ്ധ്യതയും വർദ്ധിച്ചു. ശരിക്കും സയൻസിന്റെ ഒരു വകഭേദമാണ് ഇത്. ഇന്ന് കെമിക്കൽ പ്രോസസിംഗ് കുറഞ്ഞെങ്കിലും എല്ലാം ഡിജിറ്റലായി മാറിയെങ്കിലും ഫിസിക്സിന്റെയും കെമിസ്ട്രിയുടെയും ഒരു സങ്കരമായാണ് ഫോട്ടോഗ്രാഫിയുടെ ഉത്ഭവം. സാഹസികമായ നിരവധി കടമ്പകൾ കടന്നാണ് ഈ നിലയിൽ എത്തിയത്. ഇന്നത്തെ ജനകീയ വിനോദോപാധിയായ സിനിമയുടേയും ടെലിവിഷന്റെയും അടിസ്ഥാനവും ഇതു തന്നെ.
ദിനംപ്രതി വളർച്ച പ്രാപിക്കുന്ന ഇതിൽ വൈൽഡ്ലൈഫ്, വെഡിംഗ്, ഫാഷൻ എന്നിങ്ങനെ പല മേഖലകളുണ്ടെങ്കിലും കലാപരമെന്നും വ്യാവസായികമെന്നും ഇതിലും രണ്ട് വിഭാഗങ്ങളുണ്ട്. എല്ലാത്തരം ആൾക്കാരെയും തൃപ്തി പെടുത്താൻ പോരുന്നതാണ് ആദ്യം പറഞ്ഞത്. എന്നാൽ നിയതമായ ഉദ്ദേശത്തോടെ വ്യാവസായിക ലക്ഷ്യത്തോടെ രൂപപ്പെടുത്തുന്നതാണ് രണ്ടാമത്തേത്. ഒരു എഴുത്തുകാരൻ വായനക്കാരെ അല്ലെങ്കിൽ അനുവാചകരെ തന്റെ കഥാപാത്രങ്ങൾക്കൊപ്പം എങ്ങനെ കൂട്ടിക്കൊണ്ടു പോകുന്നു അതുപോലെ പ്രേക്ഷകരെ തന്റെ ചിത്രങ്ങൾക്കൊപ്പം കൊണ്ടുപോകാൻ കഴിയുന്നതാണ് ഫോട്ടോഗ്രാഫറുടെ വിജയം. പിന്നെ രക്തഗ്രൂപ്പിലെ വ്യത്യാസംപോലെ ഓരോരുത്തരുടെയും ആസ്വാദനശേഷിക്ക് വ്യത്യാസമുണ്ടായിരിക്കുമെന്നു മാത്രം. അതായതു ചിലർ കൂടുതൽ ഇഷ്ടപ്പെട്ടെന്നും മറ്റുചിലർക്കു അത്രയും ഇഷ്ടപ്പെട്ടില്ലെന്നും വരാം.
ഷട്ടിൽ, ബാഡ്മിന്റൻ തുടങ്ങിയവയൊക്കെ ചെറുപ്പത്തിൽ കളിക്കാത്തവർ ചുരുക്കമായിരിക്കും. അതിൽ ഷട്ടിൽ കളിക്കാനുപയോഗിക്കുന്ന പക്ഷിത്തൂവൽ കൊണ്ട് ഉണ്ടാക്കിയ ഷട്ടിൽ കോക്ക് അറിയുമല്ലോ. ഏതാണ്ട് അതെ ആകൃതിയിലുള്ള ഒരു ചിത്രത്തിന്റെ കാര്യമാണ് ഇവിടെ സൂചിപ്പിക്കുന്നത്. വളരെ അപൂർവമായി കിട്ടിയ ഒരു ഫോട്ടോയെക്കുറിച്ചാണ് പറയുന്നത്. പക്ഷികളുടെ ചിത്രമെടുക്കുക അത്ര എളുപ്പമല്ല. തീരെ ചെറുതും ചലിക്കുന്നതുമാണെങ്കിൽ ഫോക്കസ് ചെയ്യുന്നതുപോലും വളരെ പ്രയാസവുമാണ്. അപ്പോൾ അതിവേഗത്തിൽ പറക്കുന്നവയുടെ കാര്യം പറയേണ്ടതില്ലല്ലോ.
ഒരു വൈൽഡ്ലൈഫ് ഷൂട്ടിനായി കാട്ടിനുള്ളിൽ കയറിയപ്പോൾ കുരുവിയെക്കാൾ ചെറിയ ഒരു പക്ഷിയെ കണ്ടു. വളരെ ആക്ടീവായതും പെട്ടെന്ന് പെട്ടെന്ന് ഓരോ ചില്ലകളിലേക്കു മാറിമാറി ഇരിക്കുന്ന പ്രകൃതമാണ് ഇതിന്റേത്. ഗ്രെ ടിറ്റ് എന്നു അറിയപ്പെടുന്ന ഈ കുഞ്ഞൻ പക്ഷി ഒരു മരക്കൊമ്പിൽ നിന്ന് മറ്റൊരിടത്തേക്കു പറക്കുമ്പോൾ പിന്നിൽ നിന്നും എടുത്ത ഫോട്ടോയാണ് ഇത്. പക്ഷിത്തൂവൽ കൊണ്ട് ഉണ്ടാക്കുന്ന ഷട്ടിൽ കോക്ക് രൂപത്തിലാണ് ഇതു കിട്ടിയിരിക്കുന്നത്.
(ഫോൺ:9443032995)