പാലക്കാട്: ഇത്തവണത്തെ ബഡ്‌ജറ്റ് പ്രഖ്യാപനത്തിന്റെ ആമുഖത്തിലും, മദ്ധ്യഭാഗത്തും, അവസാനവേളയിലും ധനമന്ത്രി തോമസ് ചൊല്ലിയത് കേരളത്തിലെ വിവിധ സർക്കാർ സ്‌കൂളുകളിലെ കുട്ടികൾ രചിച്ച കവിതകളായിരുന്നു. പാലക്കാട് ചിതലയിലെ കുളവൻമുക്ക് ഗവൺമെന്റ് ഹൈസ്‌കൂൾ വിദ്യാർത്ഥിനി സ്‌നേഹയുടെ കവിത ചൊല്ലിയായിരുന്നു ബഡ്‌ജറ്റിന്റെ തുടക്കം. വീണ്ടും സൂര്യനുദിക്കുകയും കനിവാർന്ന പൂക്കൾ വിരിയുകയും മനുഷ്യർ പ്രതീക്ഷയോടെ ജീവിതത്തിലേക്ക് കടക്കുകയും ചെയ്യുന്നപോലെ കൊവിഡിനെ അതിജീവിച്ചുകൊണ്ട് കേരളം മുന്നോട്ടുപോകും എന്നതായിരുന്നു കവിത. താൻ എഴുതിയ കവിത ബഡ്‌ജറ്റ് അവതരണത്തിന്റെ ഭാഗമായതിൽ സന്തോഷമുണ്ടെങ്കിലും, പൊട്ടിപ്പൊളിഞ്ഞ തന്റെ സ്കൂൾ പുതുക്കിപ്പണിയണമെന്ന അപേക്ഷയാണ് മന്ത്രിയോട് സ്‌നേഹയ‌്ക്ക് പറയാനുള്ളത്.
പൊട്ടിപ്പൊളിഞ്ഞ് ഷീറ്റുകൾ വച്ചുകെട്ടി വളരെ മോശമായ അവസ്ഥയിലാണ് കുളവൻമുക്ക് ഗവൺമെന്റ് ഹൈസ്‌കൂൾ പ്രവർത്തിക്കുന്നത്. മാനത്ത് മഴചാറിയാൽ ക്ളാസും കുട്ടികളും നനഞ്ഞുകുതിരും. മുന്നൂറിലധികം കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ ഗ്രൗണ്ട് പോലുമില്ല. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്‌കൂളിന് നിർമ്മാണത്തിനായി പഞ്ചായത്ത് സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കിലും നടപടികൾ പുരോഗമിക്കുന്നില്ല എന്ന പരാതിയാണ് സ്‌കൂൾ അധികൃതർക്കുള്ളത്.