yedyurappa

ബംഗളൂരു: മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യെദ്യൂരപ്പയ്‌ക്കെതിരെ കലാപവുമായി സംസ്ഥാന ബിജെപിയിലെ മ‌റ്റ് നേതാക്കൾ. മുഖ്യമന്ത്രിയെ രഹസ്യ വിവരമുള‌ള വിവാദ സി.ഡി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പുതുതായി സത്യപ്രതിജ്ഞ ചെയ്‌ത ഏഴ് മന്ത്രിമാരിൽ മൂന്നുപേരും പദവി നേടിയെടുത്തതെന്നാണ് ബിജെപി എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്നൽ ആരോപണം ഉന്നയിച്ചത്. യെദ്യൂരപ്പയ്‌ക്കെതിരായ അഴിമതി വിവരങ്ങളാണ് സി.ഡിയിലെന്നും അഴിമതി കേസുകൾ നേരിടുന്ന യെദ്യൂരപ്പ രാജിവയ്‌ക്കണമെന്നും യത്നൽ ആവശ്യപ്പെട്ടു. എന്നാൽ ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും യെദ്യൂരപ്പ മറുപടി നൽകിയില്ല. നേരിട്ട് കേന്ദ്രനേതൃത്വത്തോട് പരാതി നൽകാനാണ് യെദ്യൂരപ്പ വിമർശകരോട് ആവശ്യപ്പെടുന്നത്.

മുഖ്യമന്ത്രിയുടെ പൊളി‌റ്റിക്കൽ സെക്രട്ടറി എം.പി രേണുകാചാര്യ,എം.എൽ.എമാരായ എം.പി കുമാരസ്വാമി. സതീഷ് റെഡ്‌ഡി, രാജൂ ഗൗഡ,എസ്.എ രാമദാസ്, ശിവനഗൗജ നായക്, മഹേഷ് കുമത്തല്ലി, എൻ.മുനിരത്ന, തിപ്പ റെഡ്‌ഡി, സതീഷ് കുമാർ എന്നിവരും എം.എൽസിയായ എ.എച്ച് വിശ്വനാഥ് എന്നിവരും മ‌റ്റ് നിരവധി പാർട്ടി നേതാക്കളും യെദ്യൂരപ്പക്കെതിരെ എതിർപ്പുമായി മുന്നോട്ടുവന്നിട്ടുണ്ട്.

ബുധനാഴ്‌ച മന്ത്രിമാരായ മുരുഗേഷ് നിറാനി ഉൾപ്പടെ മൂന്നുപേർ തന്നെ നാല് മാസം മുൻപ് നെലമംഗലയിലെ റിസോർട്ടിൽ വന്നുകണ്ട് നൂറ് കോടിരൂപ വാഗ്‌ദാനം ചെയ്‌തു. യെദ്യൂരപ്പയെ പുറത്താക്കാൻ സഹായം ചോദിച്ചായിരുന്നു ഇത്. ഇപ്പോൾ മന്ത്രിമാരെ നിശ്ചയിക്കുന്നത് യെദ്യുരപ്പയുടെ മകനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി.വൈ വിജയേന്ദ്രയാണ്. പണവും രഹസ്യ സി.ഡിയുമാണ് ഇതിനുള‌ള മാനദണ്ഡമെന്നും യത്‌നൽ അഭിപ്രായപ്പെട്ടു. പാർട്ടിയോടുള‌ള കൂറും ജാതി സമവാക്യങ്ങളുമാണ് മുൻപ് നേതൃനിരയിലെത്താനുള‌ള അടിസ്ഥാനം.

മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ ലിംഗായത്ത് മഠങ്ങളെ ഉപയോഗിച്ച യെദ്യൂരപ്പ മഠങ്ങൾക്ക് 83 കോടി രൂപ അനുവദിച്ചു. ഇതിലൂടെ ലിംഗായത്തുകളെ പ്രധാനമന്ത്രിയ്‌ക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചുവെന്നും കുടുംബവാഴ്‌ചയാണ് യെദ്യൂരപ്പ പാർട്ടിയിൽ നടപ്പാക്കുന്നതെന്നും യത്നൽ അഭിപ്രായപ്പെട്ടു.