ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ കൊവിഡ് വാക്‌സിനേഷൻ പ്രക്രിയക്ക് നാളെ ഇന്ത്യയിൽ തുടക്കമാകും. വാക്‌സിനേഷൻ എങ്ങനെ നടത്തണമെന്നത് സംബന്ധിച്ച മാർഗനിർദ്ദേശം കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് കൈമാറിയിട്ടുണ്ട്. വാക്‌സിൻ, കൊവിഷീൽഡ് എന്നീ രണ്ട് വാക്‌സിനുകളാണ് വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ മൂന്ന് കോടി പേർക്കാണ് രാജ്യത്ത് വാക്‌സിൻ വിതരണം ചെയ്യുന്നത്.
പ്രധാന മാർഗനിർദ്ദേശങ്ങൾ
18 വയസിന് മുകളിലുളളവർക്ക് മാത്രമേ വാക്‌സിനേഷൻ നടത്താൻ പാടുളളൂ
ഒരാൾക്ക് ആദ്യഡോസിൽ ഏത് വാക്‌സിൻ നൽകിയോ, അതേ വാക്‌സിൻ മാത്രമേ രണ്ടാമതും നൽകാവൂ. മാറി നൽകരുത്.
വാക്‌സിൻ നൽകുമ്പോൾ എന്തെങ്കിലും തരത്തിൽ രക്തസ്രാവമോ, പ്ലേറ്റ്‍ലെറ്റ് സംബന്ധമായ അസുഖങ്ങളോ, രക്തം കട്ടപിടിക്കുന്നതോ, രക്തസംബന്ധമായ അസുഖങ്ങളോ ഉളള ആളുകൾക്ക് നൽകാതിരിക്കാൻ ശ്രദ്ധിക്കണം.
ആദ്യഡോസിൽ ഏതെങ്കിലും തരത്തിൽ അലർജി റിയാക്ഷനുണ്ടായ ആൾക്ക് പിന്നീട് വാക്‌സിൻ നൽകരുത്.
ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്‌സിൻ നൽകരുത്
വൈകീട്ട് അഞ്ച് മണിക്ക് ശേഷം നൽകരുത്
പാർശ്വഫലങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണം
വാക്‌സിനേഷൻ തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിൽ മാത്രം
വാക്‌സിനുകൾ നിർബന്ധമായും രണ്ട് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൂക്ഷിക്കണം. അവ നേരിട്ട് സൂര്യപ്രകാശമേൽക്കാതെ വയ്‌ക്കണം. തണുത്ത് ഉറയാൻ പാടില്ല.