ചിലതരം ഭക്ഷണങ്ങളോട് നമ്മുടെ ശരീരം പ്രതികരിക്കാറുണ്ട്. ഇതിനെ ഭക്ഷണ അലർജി (food allergy) എന്നുപറയും. ഉദാ. നിലക്കടല, മുട്ട, ബദാം, കശുഅണ്ടി, മത്സ്യം, ഞണ്ടിറച്ചി, കക്കയിറച്ചി, ഗോതമ്പ്, പാൽ, സോയാബീൻ ഉത്പന്നങ്ങൾ തുടങ്ങിയത. ഫുഡ് അലർജി ജന്മനാ ഉണ്ടാവുന്നതോ പിന്നീട് ഉണ്ടാവുന്നതോ ആവാം. ഭക്ഷണം കഴിച്ച ഉടനെയോ അല്പം മണിക്കൂറുകൾ കഴിഞ്ഞോ അലർജിക്ക് റിയാക്ഷൻ ഉണ്ടാവാം. ഇത്തരം ഭക്ഷണങ്ങൾ ആദ്യം കഴിക്കുമ്പോൾ അലർജി ഉണ്ടാവണമെന്നില്ല. ചിലപ്പോൾ വളരെ ലഘുവായ റിയാക്ഷൻ ഉണ്ടാവാം. അടുത്തപ്രാവശ്യം അതേ ഭക്ഷണം കഴിക്കുമ്പോൾ അപകടകരമായ റിയാക്ഷൻ ഉണ്ടായേക്കാം. ചിലർക്ക് ഇത്തരം ഭക്ഷണങ്ങൾ തൊടുകയോ അതിന്റെ മണം ശ്വസിക്കുകയോ ചെയ്താൽ പോലും അലർജി ഉണ്ടാവാം. ചർമ്മത്തിൽ തിണർപ്പ്, മൂക്കടപ്പ്, തുമ്മൽ, ചുണ്ടിനോ മുഖത്തോ നാക്കിലോ നീരുവരിക, തൊണ്ടയ്ക്ക് തടസം, ശബ്ദം പരുപരുത്തതാവുക, ചുമ, ശ്വാസംമുട്ടൽ, ഒാർക്കാനം, ഛർദ്ദി, വയറുവേദന, വയറിളക്കം എന്നിവയാണ് പ്രധാനലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ ഉണ്ടായാൽ ഉടനെ ഡോക്ടറെ കാണിക്കണം. ഒരിക്കലും അത്തരം ഭക്ഷണങ്ങൾ (നിങ്ങൾക്ക് അലർജി ഉണ്ടായിക്കാണുന്ന ഭക്ഷണങ്ങൾ) വീണ്ടും കഴിക്കരുത്.