mealworm

ഓരോ നാട്ടിലും മനുഷ്യരുടെ സംസ്‌കാരം വ്യത്യാസമായിരിക്കും എന്നതുപോലെ തന്നെയാണ് ഭക്ഷണ കാര്യവും. പലവിധ പരീക്ഷണങ്ങളും ഭക്ഷണത്തിൽ ഇഷ്‌ടപ്പെടുന്നവരാണ് നാം മനുഷ്യർ. പഴങ്ങളും പച്ചക്കറികളും മുതൽ വിവിധ ജീവികളെയും ആഹാരമായി നാം ഉപയോഗിക്കുന്നു. ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ടതാണ് പ്രാണികൾ. വിവിധ പോഷക ഘടകങ്ങൾ ലഭിക്കുന്നതിന് പാ‌റ്റകളെയും പുഴുക്കളെയും മ‌റ്റ് പ്രാണികളെയും ആഹാരമാക്കിയ നാടുകളുണ്ട്. ഇത്തരത്തിൽ ഒരുവിഭാഗത്തിൽ പെട്ട പുഴുക്കളായ മീൽ വേംസിനെ മനുഷ്യന് ഭക്ഷ്യയോഗ്യമായ ഭക്ഷണങ്ങളുടെ കൂട്ടത്തിൽ പെടുത്തിയിരിക്കുകയാണ് യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ ഭക്ഷ്യസുരക്ഷാ ഏജൻസിയുടെ പട്ടികയിലാണ് യെല്ലോ ഗ്രബ് എന്ന മീൽ വേം ഇടംപിടിച്ചത്.

പാസ്‌ത, ബ്രെഡ്, ബിസ്‌കറ്റ് എന്നിവയുണ്ടാക്കാൻ പൊടിച്ചോ കറികളിലിട്ടോ, വറുത്തോ ഇവയെ ഭക്ഷിക്കുന്നതിനാണ് യൂറോപ്യൻ ഭക്ഷ്യസുരക്ഷാ ഏജൻസി അനുമതി നൽകിയത്. മീൽവേം വണ്ടുകളുടെ ലാർവയാണ് മീൽ വേം പുഴുക്കൾ. പ്രോട്ടീൻ, ഫൈബർ, കൊഴുപ്പ് എന്നിവയടങ്ങിയ മീൽ വേമുകൾ ലഘുഭക്ഷണമായും ന്യൂഡിൽസായും ഉപയോഗിച്ചുവരുന്നുണ്ട്. പ്രാണികളെ ഭക്ഷണത്തിലുപയോഗിക്കാൻ ഈ തീരുമാനം പ്രചോദനമാകുമെന്നാണ് കരുതുന്നത്. വിവിധ രാജ്യങ്ങളിൽ പ്രാണികളെ ഭക്ഷിക്കുന്നത് ഇപ്പോഴും തെ‌റ്റായ കാര്യമായും അറപ്പുളവാക്കുന്നതായും കരുതിപ്പോരുന്നുണ്ട്. അത്തരം സംസ്‌കാരം ഈ തീരുമാനങ്ങൾ കാരണം മാ‌റ്റമുണ്ടാകുമെന്നാണ് വിദഗ്ദ്ധർ കരുതുന്നത്.

ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, വിവിധ ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളും പ്രാണികൾ ഭക്ഷണമായി സാധാരണ ഉപയോഗിക്കുന്നുണ്ട്. എന്നാൽ യൂറോപ്പിൽ ഈ രീതി നിലവിൽ ശുഷ്‌കമാണ്. ഇത് പരിഹരിക്കുന്നതിനും വരുംകാലങ്ങളിൽ ലോകത്തെ ഭക്ഷ്യക്ഷാമത്തിനും പരിഹാരമാണ് പ്രാണികളെന്നാണ് ഒരുവിഭാഗം വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നത്.