temple-

കാസർകോട് : ലോകാവസാനം വരുന്നു എന്ന കിംവദന്തി വ്യാപകമായ 1962 കാലഘട്ടത്തിലാണ് പാലക്കുന്ന് ക്ഷേത്രത്തിലും ഭണ്ഡാരവീട്ടിലും ഉൾപ്പെടെ വടക്കൻ കേരളത്തിലെ ക്ഷേത്രങ്ങളിലെല്ലാം ദുരന്തത്തെ ചെറുക്കാൻ ദേവീദേവന്മാരുടെ പ്രീതിക്കായി അഖണ്ഡനാമ യജ്ഞം ആരംഭിച്ചത്. മറ്റു ക്ഷേത്രങ്ങളിലെല്ലാം പിൽക്കാലത്ത് യജ്ഞം മുടങ്ങിയെങ്കിലും നീണ്ട 59 വർഷമായി ഒരുതവണയും മുടങ്ങാതെ അഖണ്ഡനാമ യജ്ഞം നടത്തുകയാണ് പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രത്തിൽ. കൊവിഡ് കാലത്തും അതിന് മുടക്കം വന്നില്ല. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടുതന്നെ മകര സംക്രമ നാളിൽ പുലർച്ചെ തന്നെ പാലക്കുന്ന് അമ്മയുടെ സന്നിധിയിൽ നാമജപ സംഘങ്ങൾ ഒത്തുകൂടി ഭജന ചൊല്ലിയപ്പോൾ ക്ഷേത്രവും പരിസരവും ഭക്തിസാന്ദ്രമായി.

മേലെ ക്ഷേത്രത്തിലെ തിരുമുറ്റത്ത് പ്രത്യേകം പന്തൽ ഒരുക്കിയാണ് യജ്ഞം തുടങ്ങിയത്. സൂര്യോദയ സമയത്ത് ആരംഭിച്ച യജ്ഞം വെള്ളിയാഴ്ച പുലർച്ചെ സൂര്യോദയ സമയത്ത് അവസാനിച്ചു. കണ്ണംവയൽപാക്കം, ആലക്കോട്, പൂച്ചക്കാട് പ്രാദേശിക സമിതികളാണ് ആരംഭം കുറിച്ചത്. ആകെയുള്ള 31 പ്രാദേശിക സമിതികളും നിശ്ചിത സമയങ്ങളിൽ 'ഹരേ രാമ, ഹരേ കൃഷ്ണ' മന്ത്രം ആലപിച്ചു. രണ്ടു മണിക്കൂർ വീതമാണ് ഓരോ പ്രാദേശിക സമിതികൾക്കും സമയം നൽകിയിരുന്നത്. കളനാട് വടക്കേക്കര, കളനാട് തെക്കേക്കര, കീഴൂർ പ്രാദേശിക സമിതികളുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ പൂർത്തിയായി. അഖണ്ഡനാമ യജ്ഞത്തിന് നേതൃത്വം നല്കാൻ കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, അഡ്വ. ബാലകൃഷ്ണൻ, ഉദയമംഗലം സുകുമാരൻ, ചന്ദ്രശേഖരൻ ഉദുമ, കൃഷ്ണൻ ചട്ടഞ്ചാൽ തുടങ്ങിയവരും പ്രാദേശിക സമിതി ഭാരവാഹികൾ, മാതൃസമിതി ഭാരവാഹികൾ എന്നിവരും ക്ഷേത്രത്തിൽ സന്നിഹിതരായിരുന്നു.