veli

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വേളിയിലെ ജലാശയത്തിൽ നിർമ്മിച്ച ആംഫി തിയേറ്റർ 26ന് പൊതുജനങ്ങൾക്കായി തുറന്നുനൽകും. 250 പേർക്ക് ഇരിക്കാവുന്ന തിയേറ്റർ വേളിയിലെ ടൂറിസത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. ഉദ്ഘാടന ദിവസം രാജശ്രീ വാര്യരുടെ നൃത്തവും ഉണ്ടായിരിക്കും.

ഫ്ളോട്ടിംഗ് സ്റ്റേജ്

ആംഫി തിയേറ്ററിന്റെ പ്രധാന ആകർഷണം വെള്ളത്തിൽ ഒഴുകി നീങ്ങുന്ന സ്‌റ്റേജ് ആണ്. കൊവിഡിനെ തുടർന്ന് മാസങ്ങളോളം അടച്ചിട്ട ശേഷം വേളി സന്ദർശകർക്കായി തുറന്ന് നൽകിയപ്പോൾ ഈ ഫ്ളോട്ടിംഗ് സ്‌റ്റേജ് കാണാനായി നിരവധി പേരാണ് എത്തിയത്. 78 ലക്ഷം രൂപ മുടക്കിയാണ് ആംഫി തിയേറ്റർ നിർമ്മിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയായിരുന്നു പദ്ധതി യാഥാർത്ഥ്യമാക്കിയത്. ഫ്ളോട്ടെൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് 35 ലക്ഷം രൂപ മുടക്കി ഫ്ളോട്ടിംഗ് തിയേറ്റർ പണിതുനൽകിയത്.

ആംഫി തിയേറ്ററിൽ ഫ്ളോട്ടിംഗ് സ്‌‌റ്റേജ് കൂടാതെ ഒരു ഗാലറിയും ഉണ്ട്. ഇതുകൂടാതെ സ്‌റ്റേജിനായി ഒരു താൽക്കാലിക നങ്കൂരവും സ്ഥാപിക്കുന്നുണ്ട്. നാല് ലക്ഷം രൂപയാണ് ഇതിന്റെ വില. സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചാണ് ഈ ആങ്കർ നിർമ്മിക്കുന്നത്. 25 വർഷം വരെ ഈടുനിൽക്കുന്നതാണ് ഈ ആങ്കർ. ഉടൻ തന്നെ സ്ഥിരമായ ആങ്കർ സ്ഥാപിക്കും. ഇത് ആസ്ട്രേലിയയിൽ നിന്നാണ് കൊണ്ടുവരുന്നത്. ഉടൻ ഇവിടെ എത്തുമെന്നാണ് അധികൃതർ നൽകുന്ന സൂചന.

ആംഫി തിയേറ്റർ അടക്കം വേളിയിൽ കോടികളുടെ നവീകരണ പ്രവർത്തനങ്ങളാണ് ടൂറിസം വകുപ്പ് നടത്തിയത്.

രണ്ട് ജീവനക്കാരടക്കം 48 പേർക്കു സഞ്ചരിക്കാവുന്ന മിനിയേച്ചർ ട്രെയിനാണ് ഇവിടത്തെ മറ്റൊരാകർഷണം. പുരാതന രീതിയിലുള്ള രണ്ട് മിനി റെയിൽവേ സ്റ്റേഷൻ അടക്കമുള്ള ഇവിടെ തുരങ്കവും കുളവും ലെവൽ ക്രോസിംഗും ഒരു വലിയ പാലവും 2 ചെറു പാലങ്ങളും സിഗ്നൽ സംവിധാനവും വോക്ക് വേകളുമുണ്ട്.

റെയിൽവേക്കു വേണ്ടി നാരോ ഗേജ് എൻജിനുകൾ നിർമ്മിക്കുന്ന ബംഗളൂരുവിലെ സാൻ എൻജിനിയറിംഗ് ആൻഡ് ലോക്കോമോട്ടീവ്സ് ആണ് ട്രെയിൻ നിർമ്മിച്ചത്. 9 കോടിയുടെ പദ്ധതി ടൂർ ഫെഡ്, ക്വയിലോൺ മിനിയേച്ചർ റയിൽവേ എന്നിവരുടെ സഹകരണത്തോടെ ഊരാളുങ്കൽ ലേബർ കോൺട്രേക്ടേഴ്സ് സൊസൈറ്റിയാണ് നിർമ്മിച്ചത്. വേളി ടൂറിസ്റ്റ് വില്ലേജിലെ 80,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ നിലവിലുള്ള പാർക്ക്, നടപ്പാത, ഫ്ളോട്ടിംഗ് റസ്റ്റോറന്റ്, പവലിയനുകൾ, ശിൽപങ്ങൾ എന്നിവ നവീകരിച്ചാണ് 4.99 കോടി രൂപ മുടക്കി വേളി അർബൻ പാർക്ക് ഒരുക്കിയത്. ഇതുകൂടാതെ 9.98 കോടി ചെലവിട്ട് വേളിയിൽ ഒരു കൺവെൻഷൻ സെന്ററും നിർമ്മിക്കുന്നുണ്ട്.