ഈ ജീവിതത്തിൽ ഇനി ആരോടും ക്ഷമപറയാനാകില്ല. മരണം അന്വേഷിച്ചെത്തുന്നവരോടെങ്കിലും അറിഞ്ഞും അറിയാതെയും ചെയ്ത തെറ്റുകുറ്രങ്ങളിൽ പശ്ചാത്താപമുണ്ടായിരുന്നുവെന്ന് അറിയിക്കണം. ആശുപത്രിയിൽ അർദ്ധബോധാവസ്ഥയിൽ കിടക്കുമ്പോൾ സുകുമാരൻ ഇടയ്ക്കിടെ മകൻ ഉദയനോട് പറഞ്ഞുകൊണ്ടിരുന്നു.
അതുവരെ കണ്ടിരുന്ന, അറിഞ്ഞിരുന്ന, അച്ഛനല്ല അപ്പോൾ സംസാരിക്കുന്നതെന്ന് ഉദയന് തോന്നി. കുറ്റബോധവും പശ്ചാത്താപവും ഒരിക്കലും ഗാംഭീര്യം കൈവിട്ടിട്ടില്ലാത്തമുഖത്ത് നിഴലിച്ചു. ആരുടെ മുന്നിലും നട്ടെല്ല് വളയ്ക്കില്ല. തോറ്റുകൊടുക്കില്ല എന്ന് വീമ്പിളക്കിയിരുന്ന ആ സ്വരം പതറിയിരുന്നു. ഓർമ്മയ്ക്കും മറവിയ്ക്കും ഇടയിലെ ചില അനുഭവങ്ങൾ സുകുമാരൻ പറഞ്ഞുകൊണ്ടിരുന്നു. കുട്ടിക്കാലം മുതൽ കണ്ടുവളർന്ന അച്ഛൻ ധിക്കാരിയായിരുന്നു. ഇരട്ടക്കരളുണ്ടെന്ന് ഭാവിച്ചിരുന്നു. പക്ഷേ ഇപ്പോഴത്തെ പരാജയബോധവും സ്വരവും അവസാനഅദ്ധ്യായത്തിലെ അവസാന വരികളാണോ? ഉദയൻ പഴയകാലത്തെ ചില സംഭവങ്ങൾ ഓർത്തെടുത്തു. അച്ഛന് ജീവിതം ഒരു സമരമായിരുന്നു. ആരെയെങ്കിലും ശത്രുസ്ഥാനത്ത് പ്രതിഷ്ഠിക്കും. കുറേക്കാലം അവരോട് നിഴൽയുദ്ധം നടത്തിക്കൊണ്ടിരിക്കും. പുതിയ ശത്രുവിനെ കണ്ടെത്തിയാൽ പഴയവൈരിയെ മോചിപ്പിക്കും.
അമ്മയെ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. അമ്മയുടെ ബന്ധുക്കളും ശത്രുസ്ഥാനത്തായിരുന്നു. വാർദ്ധക്യത്തിലെത്തിയ സ്വന്തം മാതാപിതാക്കളെ കാണാൻ പോലും അമ്മയ്ക്ക് അനുമതിയുണ്ടായിരുന്നില്ല. പാത്തും പതുങ്ങിയും അതീവരഹസ്യമായി വേലിയുടെ ഇപ്പുറത്ത് ചെന്നുനിന്ന് രക്ഷിതാക്കളെ കണ്ട് മടങ്ങും. പുതിയവീട് വച്ചുകൊടുക്കാൻ സജീവമായി നിന്നത് അമ്മയുടെ അച്ഛനാണ്. വീട് തീർന്ന് ഗൃഹപ്രവേശദിവസം എന്തോ നിസാരകാര്യത്തിന് തെറ്റി. പിന്നെ തന്റെ വീട്ടിന്റെ പടികടന്നുപോകരുതെന്ന് കല്പിക്കുകയും ചെയ്തു. പിന്നെ അപ്പൂപ്പനോ അമ്മൂമ്മയോ വീട്ടിൽ വന്നിട്ടില്ലെന്നും ഉദയൻ ഓർമ്മിച്ചു. അച്ഛന് ജയിക്കാൻ അമ്മ എപ്പോഴും തോറ്റുകൊടുക്കും. അമ്മയുടെ മാതാപിതാക്കളെ അനാവശ്യം പറയുമ്പോഴും അമ്മ ദൈവത്തെ പ്രാർത്ഥിച്ചിരിക്കും. ഭാര്യവീട്ടുകാരെ രണ്ടാംതരം പൗരന്മാരായിട്ടാണ് അച്ഛൻ എന്നും കണ്ടിരുന്നത്. എന്നാൽ സ്വന്തം സഹോദരങ്ങളോട് പ്രത്യേകമമതയും സ്നേഹവുമായിരുന്നു. പണമുണ്ടെങ്കിൽ എല്ലാം പിന്നാലെ വന്നുകൊള്ളും എന്ന സിദ്ധാന്തക്കാരനായിരുന്നു.
കാൻസർ ചികിത്സയുടെ ആദ്യ നാളുകളിലും അച്ഛൻ പിടിച്ചുനിന്നു. ശത്രുസ്ഥാനത്ത് നിറുത്തിയിരുന്നവർ രക്തദാനത്തിനും സാമ്പത്തികസഹായത്തിനും വരുമ്പോൾ ദയനീയമായി നോക്കും. എല്ലാകാലത്തും ആർക്കും ജയിക്കാൻ പറ്റില്ലെന്ന സത്യം തിരിച്ചറിഞ്ഞപോലെ. വേദനയുമായി ഒരു സഹനസമരത്തിലാണ് അച്ഛനെന്ന് മനസിലായ ഉദയൻ അച്ഛന്റെ നെറുകയിൽ തലോടി. നല്ലതൊന്നും കാണാൻ പറ്റിയില്ല. പ്രകൃതിയും മനുഷ്യരിലും. എന്നെപ്പോലെ വിലപ്പെട്ടജീവിതം പോരടിച്ചും വഴക്കടിച്ചും ശത്രുക്കളെ ഉണ്ടാക്കിയും പാഴാക്കരുത്. സുകുമാരൻ പ്രയാസപ്പെട്ട് വാക്കുകൾ ചേർത്തുവയ്ക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു. അതുകാണാനാകാതെ മകൻ ഉദയൻ അച്ഛന്റെ കാലുകളിൽ തല ചായ്ച്ചു.
(ഫോൺ: 9946108220)