kovind-

ന്യൂഡൽഹി: അയോദ്ധ്യയിൽ ഉയരുന്ന രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് അഞ്ച് ലക്ഷത്തി നൂറുരൂപ സംഭാവന നൽകി. രാമക്ഷേത്ര നിർമ്മാണത്തിനായി രാജ്യവ്യാപകമായി നടത്തുന്ന ധനസമാഹരണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ പ്രഥമ പൗരനിൽ നിന്നും ആദ്യ സംഭാവന സ്വീകരിക്കുകയായിരുന്നു. ഇതിനായി രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹിയായ ഗോവിന്ദ ദേവ് ഗിരിജി മഹാരാജിന്റെ നേതൃത്വത്തിൽ ഒരു സംഘം അദ്ദേഹത്തെ സന്ദർശിച്ച് സംഭാവന സ്വീകരിക്കുകയായിരുന്നു. രാഷ്ട്രപതി അദ്ദേഹത്തിന്റെ സ്വകാര്യ സമ്പാദ്യത്തിൽ നിന്നുമാണ് സംഭാവന നൽകിയത്.

രാഷ്ട്രപതിയെ കാണുവാനുള്ള സംഘത്തിൽ ഗോവിന്ദ് ദേവ് ഗിരിജി മഹാരാജിന് പുറമേ വിഎച്ച്പി വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ, ക്ഷേത്ര നിർമാണ സമിതി മേധാവി വൃപേന്ദ്ര മിശ്ര, ആർഎസ്എസ് നേതാവ് കുൽഭൂഷൻ അഹൂജ എന്നിവരുമുണ്ടായിരുന്നു. സന്ദർശന ശേഷം അലോക് കുമാറാണ് രാഷ്ട്രപതി നൽകിയ തുക എത്രയെന്ന് വെളിപ്പെടുത്തിയത്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായ ശിവരാജ് സിംഗ് ചൗഹാൻ ഒരു ലക്ഷത്തിന്റെ ചെക്കാണ് ക്ഷേത്ര നിർമ്മാണത്തിനായി നൽകിയത്. അടുത്തമാസം അവസാനം വരെയാണ് ധനസമാഹരണം നടത്തുന്നത്.