തമിഴകത്തിന്റെ മക്കൾ സെൽവന് ഇന്ന് 43 വയസു തികയുന്നു
ഇരുപത്തിരണ്ട് വർഷങ്ങൾക്ക് മുൻപ് തമിഴ്നാട്ടിലെ പ്രശസ്തമായ ഒരു ആഡിറ്റോറിയത്തിൽ കാർത്തിക് - സുവലക്ഷ്മി ചിത്രം ഗോകുലത്തിൽ സീതൈയുടെ ഷൂട്ടിംഗ് നടക്കുന്നു. ഒരുകൂട്ടം ജൂനിയർ ആർട്ടിസ്റ്റുമാരുടെ നേരെ കാമറ എത്തിയപ്പോൾ അതിൽ ഒരു ഇരുപതുകാരൻ ഉണ്ടായിരുന്നു. കാമറയിൽ മുഖം പതിക്കാനായി ആ ചെറുപ്പക്കാരൻ ശ്രമിച്ചെങ്കിലും അവനെ ആരോ ഫ്രെയിമിൽ നിന്ന് തള്ളിമാറ്റി. അന്ന് പിന്തള്ളപ്പെട്ട ആ പയ്യൻ പിന്നീട് തെന്നിന്ത്യൻ സിനിമയുടെ മക്കൾ സെൽവനായി മാറി.ചെറിയ കാലയളവ് കൊണ്ട് പ്രേക്ഷകനെ വിസ്മയിപ്പിച്ച അതുല്യ പ്രതിഭയാണ് വിജയ്സേതുപതി. സിനിമയോടുള്ള സ്നേഹവും അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശവുമാണ് വിജയ്സേതുപതി എന്ന നടനെ മക്കൾ സെൽവൻ എന്ന പദവിയിലേക്ക് എത്തിപ്പിച്ചത്.
താൻ കടന്നുവന്ന വഴികളത്രയും കല്ലും മുള്ളും നിറഞ്ഞതായിട്ടും നിശ്ചയദാർഢ്യത്തോടെയുള്ള ആ യാത്ര വിജയ്സേതുപതിയെ രജനികാന്തും കമൽഹാസനും സൂര്യയും വിജയ് യും അജിത്തും അടക്കി വാഴുന്ന തമിഴ് സിനിമലോകത്ത് എത്തിച്ചു. അവിടെസ്വന്തം സിംഹാസനം കണ്ടെത്തിയിട്ടും വിനയം കൈമുതലായ വിജയ്സേതുപതി തമിഴ് മക്കളുടെ മാത്രമല്ല മലയാളികളുടെയും പ്രിയപ്പെട്ട നടനാണ്.
1978 ജനുവരി 16 നു മധുരയിൽ വിജയ ഗുരുനാഥസേതുപതിയായി ജനിച്ച വിജയ്സേതുപതിയുടെ സ്കൂൾ ജീവിതം ചെന്നൈയിലായിരുന്നു. പഠനശേഷം പലജോലികളിലും ഏർപ്പെട്ടിരുന്നെങ്കിലും എപ്പോഴോ മനസ്സിൽ കുടുങ്ങിയ സിനിമയെ കൂടുതൽചേർത്തുപിടിച്ചു. സിനിമയോടുള്ള അതിയായ ആഗ്രഹം തന്നെയായിരുന്നു കൂത്ത്പട്ടറയ് എന്ന നാടക ട്രൂപ്പിൽ നിറസാന്നിധ്യമായത്. സിനിമ സ്വപ്നം കണ്ട് അരങ്ങിൽ തകർത്തു. സിനിമയിലേക്കുള്ള ദൂരം കുറച്ചു. ടെലി സീരിയലുകളിൽ അഭിനയിച്ചുകൊണ്ട് കാമറയ്ക്ക് മുന്നിലെത്തി. സീരിയലുകളിലും ഷോർട്ഫിലിമുകളിലും അഭിനയിച്ചു. പത്തോളം സിനിമകളിൽ നായകന്റ സുഹൃത്തായും വഴിയിൽ കൂടെ നടക്കുന്ന ആളായുമൊക്കെ മുഖം കാണിച്ചു.പേരില്ലാത്ത കഥാപാത്രം ചെയ്യുമ്പോഴും വിജയ്സേതുപതി ഒരിക്കൽപോലും തളർന്നില്ല. 2010 ൽ തേൻമേർക്ക് പരുവകാറ്റ് എന്ന സിനിമയിൽ വിജയ്സേതുപതി നായക മുഖമായി. സുന്ദരപാണ്ഡ്യൻ, പിസ്സ,നടുവിലെ കൊഞ്ചം പക്കത്തെ കാണോം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചതോടെ വിജയ് സേതുപതി താരപദവിയിലേക്ക് ഉയർന്നു.സൂത് കാവും ,ഇതർക്ക് താനേ ആസപ്പട്ടായ് ബാലകുമാരാ,പണ്ണിയാരും പദ്മിനിയും, ജിഗർത്തണ്ട, ഓറഞ്ച് മിട്ടായി, നാനും റൗഡി താൻ,സേതുപതി, കാതലും കടന്ത്പോകും,വിക്രംവേദ തുടങ്ങി ഏറ്റവുമൊടുവിൽ ഇറങ്ങിയ വിജയ് ലോകേഷ് കനകരാജ് ചിത്രം മാസ്റ്ററിലും വിജയ്സേതുപതിയുടെ അഭിനയം പ്രകടനം പ്രേക്ഷകർ കണ്ടു.
ആക്ഷനുംകോമഡിയും തുടങ്ങി എല്ലാ ഇമോഷൻ സീനുകളിലും അദ്ദേഹം പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. പുതുമയുള്ള തിരക്കഥയുമായി വരുന്ന പുതുമുഖ സംവിധായകർക്ക് വിജയ്സേതുപതിഡേറ്റ് കൊടുത്ത് അവരുടെ വളർച്ചയ്ക്ക് പങ്കാളിയായി. സിനിമയ്ക്കപ്പുറത്ത് തന്റെ നിലപാടുകൾ ഉറക്കെ വിളിച്ചു പറയാൻ മടിയില്ലാത്ത നടനുംകൂടിയാണ് വിജയ്സേതുപതി. ''ഓരോവോട്ടും ഓരോരുത്തരുടെ അവകാശമാണെന്നും. ജാതിചോദിച്ചുവോട്ട് ചോദിക്കുന്നവർക്ക് വോട്ട് കൊടുക്കരുതെന്ന് "" വിജയ്സേതുപതി പൊതുവേദിയിൽ പറഞ്ഞത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.കേരളക്കരയ്ക്ക് വിജയ്സേതുപതി മരുമകൻ കൂടിയാണ്. അദ്ദേഹത്തിന്റെ പ്രിയ പാതി ജെസ്സി കൊല്ലംകാരിയാണ്. മലയാളത്തിൽ ജയറാമിനൊപ്പം മാർക്കോണി മത്തായി എന്ന ചിത്രത്തിൽ അതിഥിവേഷത്തിൽ എത്തിയാണ് അദ്ദേഹം മലയാള സിനിമയിൽ ഹരിശ്രീ കുറിച്ചത്. 96 എന്ന തമിഴ് ചിത്രത്തിലൂടെ മലയാളികൾക്കും പ്രിയങ്കരരായി.നവാഗത സംവിധായിക ഇന്ദു വി .എസ് ഒരുക്കുന്ന 19 ( 1) ( എ) എന്ന ചിത്രത്തിൽ നായകവേഷത്തിൽ വിജയ്സേതുപതി എത്തുന്നുണ്ട്. നിത്യമേനോനാണ് വിജയ്സേതുപതിയുടെ നായികയായി എത്തുന്നത്. ആ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് അദ്ദേഹത്തിന്റെ മലയാളി ആരാധികമാർ.