കൊച്ചി:കനത്ത സാമ്പത്തിക പരിമിതികൾക്കിടയിലും കേരളത്തിന്റെ സർവ മേഖലകൾക്കും ഊന്നൽ നൽകുന്നതാണ് തോമസ് ഐസക്കിന്റെ ബഡ്‌ജറ്റ്.
മുതിർന്ന പൗരന്മാർ
ക്ഷേമപെൻഷൻ1600 രൂപയാക്കി 23% വോട്ടർമാരുടെ കൈയടി നേടി. എല്ലാ വാർഡിലും വയോ ക്ളബ്ബ്. മുതിർന്ന പൗരന്മാർക്ക് കുറഞ്ഞവിലയ്ക്ക് മരുന്ന് വീട്ടിലെത്തിക്കും.
ഭിന്നശേഷിക്കാർ
ചികിത്സയ്ക്കും പരിചരണത്തിനും 50 കോടി. സ്‌പെഷ്യൽ സ്‌കൂളിന് 60 കോടി. മാനസികാരോഗ്യ പദ്ധതികൾക്ക് 64 കോടി. 250 ബഡ്‌സ് സ്‌കൂളുകൾ തുറക്കും.
സ്‌ത്രീശക്തി
ബഡ്‌ജറ്റ് വിഹിതത്തിന്റെ 19.54% വനിതാ പദ്ധതികൾക്ക്. സ്‌ത്രീ സുരക്ഷയ്ക്കും തൊഴിലവസരത്തിനും മുൻഗണന. ഓൺലൈൻ പ്ളാറ്റ്ഫോമുകളും മറ്റ് സംരംഭങ്ങളും പ്രോത്സാഹിപ്പിക്കാൻ കുടുംബശ്രീക്ക് 1,749 കോടി. അങ്കണവാടി ടീച്ചർ, ഹെൽപ്പർ പെൻഷൻ കൂട്ടി. ആശാ വർക്കർമാരുടെ ഓണറേറിയവും വർദ്ധിപ്പിച്ചു. അടുക്കള ആധുനികമാക്കാൻ കെ. എസ്.എഫ്.ഇ സ്മാർട്ട് കിച്ചൻ ചിട്ടി.
കുടുംബക്ഷേമം
ഭക്ഷ്യസബ്സിഡിക്ക് 1,060 കോടി.
ആരോഗ്യം
കാരുണ്യ ബെനവലന്റ് ഫണ്ട് തുടരും. ആരോഗ്യപരിരക്ഷ വ്യാപകമാക്കാൻ സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസി. വയനാട്ടിൽ മെഡിക്കൽ കോളേജ്. കാൻസർ സെന്ററുകൾക്ക് സഹായം. കെ.എസ്.ഡി.പിയിലൂടെ വിലകുറഞ്ഞ മരുന്നുകൾ വിപണിയിലേക്ക്.
കർഷകപ്രിയം
റബറിന്റെ താങ്ങുവില 170 രൂപയാക്കി. റബർ വ്യവസായം പ്രോത്സാഹിപ്പിക്കാൻ കേരള റബർ ലിമിറ്റഡ് കമ്പനി വരും. നാളികേരം, നെല്ല് സംഭരണ വിലയും ഉയർത്തി.
പച്ചക്കറികൾക്കും പരിഗണന. ഇതിനായി, വി.എഫ്.പി.സി.കെയ്ക്കും ഫണ്ട്.
നെല്ല്, നാളികേരം, വയനാട് ബ്രാൻഡഡ് കോഫീ, വയനാട്ടിൽ കോഫീ പാർക്ക്, പാലക്കാട് റൈസ് പാർക്ക് എന്നിവയ്ക്കും ഫണ്ട്. വനയാട് കോഫിക്ക് 90 രൂപ തറവില. കർഷകത്തൊഴിലാളി ക്ഷേമനിധിക്ക് 100 കോടി.
ടൂറിസം
കൊവിഡിൽ തകർന്ന ടൂറിസത്തിന് വലിയ പരിഗണന കിട്ടിയില്ല. എന്നാൽ, മാർക്കറ്റിംഗിന് റെക്കാഡ് തുകയായ 100 കോടി. ഹെറിറ്റേജ് - സ്‌പൈസ് റൂട്ട് പദ്ധതികൾക്ക് പ്രോത്സാഹനം. ടൂറിസം തൊഴിലാളി ക്ഷേമനിധി വരും. സംരംഭകർക്കും തൊഴിലാളികൾക്കും വായ്‌പ.
വ്യവസായം
കേരളത്തെ വ്യവസായ സൗഹൃദമാക്കാൻ വൻ പദ്ധതികൾ. കൊച്ചി-ബംഗളൂരു, കൊച്ചി-മാംഗ്ളൂർ, കാപ്പിറ്റൽ റീജിയൺ ഡെവലപ്‌മെന്റ് (തിരുവനന്തപുരം, വിഴിഞ്ഞം)എന്നീ മൂന്ന് വ്യവസായ ഇടനാഴികൾ. 50,000 കോടി നിക്ഷേപം. പതിനായിരങ്ങൾക്ക് തൊഴിൽ ലഭിക്കും.
കൊച്ചിയിൽ പെട്രൊകെമിക്കൽ പാർക്ക് 3 വർഷത്തിനകം. ഫാർമ പാർക്കും വരും
വ്യവസായ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ സ്‌റ്റാമ്പ് ഡ്യൂട്ടി 8ൽ നിന്ന് നാലു ശതമാനമാക്കി. രജിസ്‌ട്രേഷൻ ഫീസ് രണ്ടിൽ നിന്ന് ഒരു ശതമാനമായും കുറച്ചു.
പുതിയ പദ്ധതികൾക്ക് സിംഗിൾ വിൻഡോ
എം.എസ്.എം.ഇ
1,600 കോടി രൂപ നിക്ഷേപത്തോടെ 16,000 എം.എസ്.എം.ഇകളാണ് ഈവർഷം ആരംഭിക്കുക. 55,000 പേർക്ക് തൊഴിൽ .
കയർ. കശുഅണ്ടി, കരകൗശലം, കൈത്തറി, ഖാദി മേഖലകൾക്കും കൈത്താങ്ങ്.
മത്സ്യകൃഷിയും തീരദേശവും
2021ൽ 5000 പുതിയ തൊഴിലുകൾ. കൃഷി വ്യാപിപ്പിക്കും. അഞ്ചുവർഷത്തിനകം 5,000 കോടി രൂപയുടെ പാക്കേജ്. മലബാറിൽ ഔട്ടർ ഹാർബർ. മത്സ്യബന്ധന യാനങ്ങൾക്ക് നവീകരണ സഹായം. കുറഞ്ഞവിലയ്ക്ക് മണ്ണെണ്ണ.
റിയൽ എസ്‌റ്റേറ്റ്
ഈ മേഖലയ്ക്ക് നേരിട്ട് കാര്യമായ പരിഗണനയില്ല. പട്ടികജാതി/വർഗ വിഭാഗത്തിന് 52,000 വീടുകൾ നിർമ്മിക്കും. ലൈഫ് മിഷനിലൂടെ ഒന്നരലക്ഷം വീടുകളും.
പ്രവാസികൾ
പ്രവാസി പെൻഷൻ വിദേശത്തുള്ളവർക്ക് 3500 രൂപയായും തിരിച്ചെത്തിയവർക്ക് 3,000 രൂപയായും കൂട്ടി. പ്രവാസിക്ഷേമ നിധിക്കും പണം. പുതിയ തൊഴിൽ പദ്ധതികളിൽ പ്രവാസികൾക്ക് മുൻഗണന. പഞ്ചായത്തുകളിൽ പ്രവാസി സംഗമം. പ്രവാസി ഡിവിഡന്റ് സ്‌കീമിൽ നിക്ഷേപത്തിന് ഉയർന്ന പലിശ.
ഇ-വണ്ടി
ഇലക്‌ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾക്ക് മോട്ടോർ വാഹന നികുതിയിൽ 50 % ഇളവ്. ഇ-ഓട്ടോയ്ക്ക് 30,000 രൂപ വരെ സബ്സിഡി. കെ.എസ്.ഇ.ബി ഈവർഷം 236 ചാർജിംഗ് സ്‌റ്റേഷനുകൾ സ്ഥാപിക്കും. കെ.എസ്.ആർ.ടി.സിയും ഇലക്‌ട്രിക്, എൽ.എൻ.ജി വണ്ടികൾ.
നികുതിയിൽ ആശ്വാസം
പുതിയ നികുതികളില്ല.വാറ്റ് ആംനെസ്‌റ്റി 2021-22ലേക്ക് നീട്ടി.
എൽ.എൻ.ജി/സി.എൻ.ജി വാറ്റ് 14.5% ആയിരുന്നത് 5 ശതമാനമാക്കി
വൻകിട പദ്ധതികൾക്കും സിറ്റി ഗ്യാസ് പദ്ധതിക്കും ഉണർവാകും
പൈപ്പിലൂടെ പാചകവാതകം വീടുകളിൽ കുറഞ്ഞവിലയ്ക്ക് കിട്ടും.