farmers-stir-

ന്യൂഡൽഹി : കേന്ദ്ര സർക്കാർ അടുത്തിടെ കൊണ്ടുവന്ന കാർഷിക നിയമങ്ങളെ ചൊല്ലിയുള്ള കർഷക സമരം രാജ്യ തലസ്ഥാനത്ത് കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. പുതിയ നിയമത്തെ എതിർക്കുന്ന കർഷക സംഘടനകളുമായി നിരവധി തവണ കേന്ദ്ര സർക്കാർ ചർച്ച നടത്തിയിരുന്നു. ഇന്ന് ഡൽഹിയിൽ നടക്കുന്ന ഒൻപതാം വട്ട ചർച്ചയിലും നിരാശയാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. വിവാദ നിയമത്തിൽ സുപ്രീം കോടതി ശക്തമായ നിലപാടുകൾ സ്വീകരിച്ച ശേഷമുള്ള അനുനയ ചർച്ചയെന്ന പ്രത്യേകതയും ഒൻപതാം വട്ട ചർച്ചയ്ക്കുണ്ടായിരുന്നു. എന്നാൽ നിയമം പൂർണമായും പിൻവലിക്കണമെന്ന് മുൻനിലപാടിൽ കർഷക സംഘടനകൾ ഉറച്ചു നിൽക്കുകയാണ്. ഇതിന് ഒരുക്കമല്ലെന്ന സന്ദേശമാണ് സർക്കാരിനെ ചർച്ചയിൽ പ്രതിനിധീകരിക്കുന്ന കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമർ,പിയൂഷ് ഗോയൽ, സോം പ്രകാശ് എന്നിവർ സ്വീകരിച്ചത്. നാൽപ്പതംഗങ്ങളാണ് കർഷകരെ ചർച്ചയിൽ പ്രതിനിധീകരിക്കുന്നത്.

ചർച്ചകൾ ഫലപ്രദമല്ലാത്ത സാഹചര്യത്തിൽ വിഷയം പഠിക്കാൻ നാലംഗ സമിതിയെ സുപ്രീം കോടതി നിയോഗിച്ചിരുന്നു. എന്നാൽ ഈ സമിതിയിൽ നിന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഭൂപിന്ദർ സിംഗ് പിൻമാറിയിരുന്നു. സമിതിയിലെ മറ്റംഗങ്ങളെല്ലാവരും നിയമത്തെ അനുകൂലിക്കുന്നവരെന്ന് കാട്ടിയാണ് അദ്ദേഹം പിൻവാങ്ങിയത്. ഇതോടെ സമിതിയുടെ പ്രവർത്തനം വഴിമുട്ടിയിരിക്കുകയാണ്. റിപബ്ളിക്ക് ദിനത്തിൽ ഡൽഹിയിലെ നിരത്തിലൂടെ ട്രാക്ടർ റാലി നടത്തുമെന്ന ഭീഷണിയാണ് സമരം ചെയ്യുന്ന കർഷകർ ഉന്നയിക്കുന്നത്.