വാഷിംഗ്ടൺ: ചൈനയ്ക്ക് മേൽ വീണ്ടും ഉപരോധമേർപ്പെടുത്തി അമേരിക്ക. കൊമാക്, ഷവോമി എന്നിവ അടക്കമുളള കമ്പനികളെയാണ് സ്ഥാനമൊഴിയാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ഡൊണാൾഡ് ട്രംപ് കരിമ്പട്ടികയിൽപ്പെടുത്തിയത്. ഈ കമ്പനികളിൽ ഇനി യു.എസ് നിക്ഷേപം സാദ്ധ്യമല്ല. ഇതോടെ, ഈ കമ്പനികളിൽ നിന്ന് ഓഹരികൾ പിൻവലിക്കുന്നതിന് അമേരിക്കൻ നിക്ഷേപകർ നിർബന്ധിതരാകും. ചൈനീസ് സൈന്യവുമായി പ്രസ്തുത കമ്പനികൾക്ക് ബന്ധമുണ്ടെന്നാണ് അമേരിക്കയുടെ ആരോപണം. ഇത് കൂടാതെ, ദക്ഷിണ ചൈനാക്കടലിലെ നീക്കങ്ങളുടെ പേരിൽ ചൈനീസ് ഉദ്യോഗസ്ഥർക്കും ഉപരോധമേർപ്പെടുത്തി. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികൾക്കും വിലക്കുണ്ട്.ദക്ഷിണ ചൈന കടലിൽ ചൈന അനധികൃതമായി ഇടപെടുകയാണെന്നാണ് അമേരിക്കയുടെ ആരോപണം. വിയറ്റ്നാം, ഫിലിപ്പീൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങളെ ചൈന ഭയപ്പെടുത്തുന്നു. എന്നാൽ, ചൈനക്ക് ആധിപത്യമുള്ള ഈ കടലിൽ യുദ്ധക്കപ്പലുകൾ അണിനിരത്തി അമേരിക്ക അനാവശ്യ പ്രകോപനം സൃഷ്ടിക്കുകയാണെന്നാണ് ചൈനയുടെ പക്ഷം.
വ്യോമയാന മേഖലയിലെ കമ്പനി സ്കൈറിസൺ, അഡ്വാൻസ്ഡ് ഫാബ്രിക്കേഷൻ എക്യുപ്മെന്റ് ഇൻകോർപറേഷൻസ് ലുവോകുംഗ് ടെക്നോളജി കോർപ്, ബീജിംഗ് ഷോങ്കുവാൻകുംഗ് ഡവലപ്പ്മെന്റ് ഇൻവെസ്റ്റ്മെന്റ് സെന്റർ, ഗോവിൻ സെമികണ്ടക്ടർ കോർപ്, ഗ്രാൻഡ് ചൈന എയർ കോ ലിമിറ്റഡ്, ഗ്ലോബൽ ടോൺ കമ്യൂണിക്കേഷൻ ടെക്നോളജി കോ.ലിമിറ്റഡ്, ചൈന നാഷണൽ ഏവിയേഷൻ ഹോൾഡിംഗ് ടോ ലിമിറ്റഡ് എന്നിവരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ നടപടിയെക്കുറിച്ച് കമ്പനികൾ പ്രതികരിച്ചിട്ടില്ല.