mushtaque-ali

മുംബയ്: സയിദ് മുഷ്‌താഖ് അലി ട്വന്റി 20യിൽ ദില്ലിയെയും തോൽപ്പിച്ച് മുന്നേറി കേരളം. ഡൽഹി ഉയ‌ർത്തിയ 213 റൺസ് വിജയലക്ഷ്യം ഒരോവർ ബാക്കി നിൽക്കെ കേരളം നേടി. മികച്ച വിജയം നേടിയതോടെ ഗ്രൂപ്പ് ഇയിൽ കേരളം ഒന്നാമതായി. ഡൽഹിയെയാണ് കേരളം മറികടന്നത്.

ആദ്യം ബാ‌റ്റ് ചെയ്‌ത ഡൽഹി നായകൻ ശിഖർ ധവാന്റെ പിൻബലത്തിൽ (48 പന്തുകളിൽ 77) നാല് വിക്ക‌റ്റ് നഷ്‌ടത്തിൽ 212 റൺസ് നേടി. ശിഖർ ധവാനു പുറമേ ലളിത് യാദവ് (52), അനുജ് റാവത്ത് (10 പന്തിൽ 27)എന്നിവരുടെ മികവിലാണ് ഡൽഹി 200 കടന്നത്. അവസാന ഓവറുകളിൽ ലളിത് യാദവിന്റെ കൂ‌റ്റനടികളേറ്റ് കേരള ബൗളർമാർ വശം കെട്ടു. മുതിർന്ന താരം ശ്രീശാന്ത് നാലോവറിൽ 46 റൺസ് വിട്ടുനൽകിയാണ് 2 വിക്ക‌റ്റുകൾ നേടിയത്. ശിഖർ ധവാന്റെയും നിതീഷ് റാണ(16)യുടെയും വിക്ക‌റ്റുകളാണ് ശ്രീശാന്ത് നേടിയത്. ബേസിൽ തമ്പി 3.2 ഓവറുകളിൽ 33 റൺസ് വഴങ്ങി. ജലജ് സക്‌സേന നാലോവറിൽ 38 റൺസ് വഴങ്ങി. മിഥുൻ എസ് ഒരു വിക്ക‌റ്റ് വീഴ്‌ത്തിയെങ്കിലും നാലോവറിൽ 44 റൺസാണ് നൽകിയത്.

മറുപടി ബാ‌റ്റിംഗിനിറങ്ങിയ കേരളത്തിന് മുംബയുമായുള‌ള മത്സരത്തിലെ വിജയശിൽപി മുഹമ്മദ് അസറുദ്ദീനെ ആദ്യമേ നഷ്‌ടമായി. (ഒരു പന്തിൽ പൂജ്യം), തുട‌ർന്ന് കൂറ്റനടികൾക്ക് ശ്രമിച്ച നായകൻ സഞ്ജു സാംസൺ (10 പന്തുകളിൽ 16) പുറത്തായി.തുടർന്ന് മുൻ നായകൻ സച്ചിൻ ബേബി(22)യുടെ വിക്ക‌റ്റും നഷ്‌ടമായി.എന്നാൽ ഉറച്ചുനിന്ന് ഡൽഹി ബൗളർമാരെ കണക്കിന് പ്രഹരിച്ച് ഓപ്പണർ റോബിൻ ഉത്തപ്പ കേരളത്തിന് അർഹിച്ച വിജയം നേടിത്തരാൻ കാരണമായി. എട്ട് സിക്‌സറുകളും മൂന്ന് ബൗണ്ടറികളുമടക്കം 54 പന്തുകളിൽ 91 റൺസെടുത്താണ് ഉത്തപ്പ പുറത്തായത്. 38 പന്തുകളിൽ 71 റൺസെടുത്ത് പുറത്താകാതെ നിന്ന വിഷ്‌ണു വിനോദ് ഉത്തപ്പയ്‌ക്ക് നല്ല പിന്തുണ നൽകി. അഞ്ച് സിക്‌സറുകളും മൂന്ന് ബൗണ്ടറികളും ചേർന്നതായിരുന്നു വിഷ്‌ണുവിന്റെ ഇന്നിംഗ്സ്. തുടർന്ന് സൽമാൻ നിസാർ (മൂന്ന് പന്തുകളിൽ 10) പറത്തിയ സിക്‌സറിലൂടെ കേരളം വിജയതീരത്തിലേക്ക്.

ഡൽഹിയ്‌ക്ക് വേണ്ടി ഇശാന്ത് ശർമ്മ, സിമർജീത് സിംഗ്, പ്രദീപ് സാംഘ്‌വാൻ, ലളിത് യാദവ് എന്നിവർ ഓരോ വിക്ക‌റ്റ് വീഴ്‌ത്തി. എന്നാൽ മൂന്നോവറിൽ 42 റൺസ് വിട്ടുനൽകിയ പവൻ നേഗിയ്‌ക്ക് വിക്ക‌റ്റൊന്നും നേടാനായില്ല. ആദ്യ മത്സരത്തിൽ പുതുച്ചേരിയെയും രണ്ടാം മത്സരത്തിൽ മുംബയെയും തോൽപ്പിച്ച കേരളം ഈ മത്സരത്തിലും വിജയഗാഥ തുടർന്നു.