ram-temple-

അഹമ്മദാബാദ് : അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനുള്ള സംഭാവന സ്വീകരിക്കൽ ആരംഭിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കോടിക്കണക്കിന് രൂപയാണ് ക്ഷേത്രനിർമ്മാണത്തിനായി ഒഴുകുന്നത്. ഗുജറാത്തിലെ സൂറത്തിൽ നിന്നുള്ള ഒരു വജ്ര വ്യാപാരി പതിനൊന്ന് കോടിരൂപയാണ് ക്ഷേത്രനിർമ്മാണ ഫണ്ടിലേക്ക് നൽകിയിരിക്കുന്നത്. ആർ എസ് എസ് അനുഭാവി കൂടിയായ ഗോവിന്ദ്ഭായ് ധോളാകിയ വി എച്ച് പിയുടെ ഓഫീസിലെത്തിയാണ് തുക കൈമാറിയത്. ഇദ്ദേഹത്തെ പോലെ ഗുജറാത്തിലെ നിരവധി വജ്രവ്യാപാരികൾ വൻ തുക ക്ഷേത്ര നിർമ്മാണ ഫണ്ടിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. സൂറത്തിലെ തന്നെ വ്യാപാരിയായ മഹേഷ് കബൂത്തർവാല 5 കോടി രൂപയാണ് നൽകിയത്, ലവ്ജി ബാദ്ഷ എന്നയാൾ ഒരു കോടി രൂപയും സംഭാവന ചെയ്തു.

ഉത്തർപ്രദേശിലെ അയോദ്ധ്യയിൽ ഉയരുന്ന രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി ആദ്യ സംഭാവന നൽകിയത് രാഷ്ട്രപതി രാം നാഥ് കോവിന്ദായിരുന്നു. അഞ്ച് ലക്ഷത്തി നൂറുരൂപയാണ് അദ്ദേഹം സംഭാവനയായി നൽകിയത്. രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹിയായ ഗോവിന്ദ ദേവ് ഗിരിജി മഹാരാജിന്റെ നേതൃത്വത്തിൽ ഒരു സംഘം അദ്ദേഹത്തെ സന്ദർശിച്ച് സംഭാവന സ്വീകരിക്കുകയായിരുന്നു. രാഷ്ട്രപതി അദ്ദേഹത്തിന്റെ സ്വകാര്യ സമ്പാദ്യത്തിൽ നിന്നുമാണ് സംഭാവന നൽകിയത്.