goa

പനാജി.മണ്ഡോവി നദീതീരം ഇന്നലെ വിജനമായിരുന്നു. ഇന്ത്യയുടെ രാജ്യാന്തരചലച്ചിത്രോത്സവം ( ഇഫി ) ഇന്നാരംഭിക്കാനിരിക്കെ പതിവ് തിരക്കുകളോ ആഘോഷങ്ങളോ ഒന്നും കാണാനില്ലായിരുന്നു. നവംബർ 20 മുതൽ 28 വരെ നടക്കേണ്ടിയിരുന്ന ഫെസ്റ്റിവൽ കൊവിഡ് കാരണമാണ് ജനുവരി 16-24 ലേക്ക് മാറ്റിയത്.എന്നാൽ ഫെസ്റ്റിവലിൽ പ്രതിനിധികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.

ഇഫി തുടങ്ങിക്കഴിഞ്ഞാൽ ഗോവയിൽ എവിടെ തിരിഞ്ഞു നോക്കിയാലും മലയാളം മാത്രമെ കേൾക്കാൻ കഴിയുമായിരുന്നുള്ളു.എന്നാൽ ഇക്കുറി കേരളത്തിൽ നിന്ന് പതിവായി പോയിരുന്ന പ്രതിനിധികളിൽ നല്ലൊരു പങ്കും കൊവിഡ് ഭീതി കാരണം യാത്ര ഉപേക്ഷിക്കുകയായിരുന്നു.മിക്കവാറും പ്രതിനിധികൾ തലേ ദിവസം തന്നെ എത്തിച്ചേരുന്നതാണ് പതിവ്. എന്നാൽ ഇക്കുറി ഭൂരിഭാഗം പേരും എത്തിയില്ലെന്ന് തിരുവനന്തപുരത്തു നിന്ന് മേളയ്ക്കെത്തിയ എം.ഡി.മോഹൻദാസ്, പറക്കാട്ട് നാരായണൻ എന്നിവർ പറ‌ഞ്ഞു. " ഒരുക്കങ്ങളൊന്നും കാര്യമായിട്ടില്ല. ആർഭാടങ്ങളുമില്ല.ആകെ ആശയക്കുഴപ്പമാണ്.തിയറ്റർ പ്രവേശനം സംബന്ധിച്ച അറിയിപ്പ് ഒന്നും കിട്ടിയില്ല."--മോഹൻദാസ് വിശദീകരിച്ചു.

ഇന്ന് ഉദ്ഘാടന ചിത്രമായ അനദർ റൗണ്ടിന്റെ പ്രദർശനം മാത്രമാണുള്ളത്.ശ്യാമപ്രസാദ് മൂഖർജി സ്റ്റേഡിയത്തിൽ 200 പേർക്കു മാത്രമെ ഉദ്ഘാടന ചടങ്ങിലേക്ക് പ്രവേശനം ഉള്ളു.ഉദ്ഘാടന ചിത്രം അനദർ റൗണ്ട് വൈകിട്ട് ഇതിനു പുറമെ കലാ അക്കാഡമിയിലും കാണിക്കും.മലയാളികൾ ഏറ്റവും കൂടുതൽ താമസിച്ചിരുന്ന പനാജിയിലെ കാരിത്താസ് ക്രിസ്റ്റ്യൻ ഹോളിഡേ ഹോം നവീകരണത്തിനായി അടച്ചിരിക്കുകയാണ്. താമസ സൗകര്യം വലിയ പ്രശ്നമായി മാറിയിട്ടുണ്ട്.ചീപ്പ് റേറ്റിൽ താമസിക്കുകയും നല്ല ആംബിയൻസിൽ സിനിമ കാണുകയും കുറഞ്ഞ നിരക്കിൽ മദ്യം ലഭിക്കുകയും ചെയ്യുമെന്നതാണ് ഗോവ ചലച്ചിത്രോത്സവത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.ഗോവയിൽ വരുന്ന ചലച്ചിത്രോത്സവ പ്രേമികളിൽ ഭൂരിഭാഗവും മലയാളികളായിരുന്നു.24 ന് സമാപിക്കുന്ന മേളയുടെ സമാപന ചിത്രം വൈഫ് ഓഫ് എ സ്പൈ എന്ന ജാപ്പനീസ് ചിത്രമാണ്.