വാഷിംഗ്ടൺ: ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ ഹോളിവുഡ് സിനിമ പ്രേമികളുടെ മനം കവർന്ന നടിയായ ജസിക്ക കാംബെൽ അന്തരിച്ചു. നാച്ചുറോപതിക് ഫിസിഷ്യനായിരുന്ന ജസിക്ക രോഗികളെ പരിശോധിക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് റിപ്പോർട്ടുകൾ. മരണകാരണത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 2020 ഡിസംബർ 29നാണ് ജസക്കയുടെ മരണം സംഭവിച്ചതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
1982ൽ അമേരിക്കിയിലെ ഒക്ലഹോമയിൽ ജനിച്ച ജസിക്ക 1992ൽ പുറത്തിറങ്ങിയ ദ ബെസ്റ്റ് ഇൻട്രസ്റ്റ് ഒഫ് ദ ചിൽഡ്രൻ എന്ന ടെലിവിഷൻ ചിത്രത്തിൽ ബാലതാരമായാണ് അഭിനയരംഗത്ത് എത്തുന്നത്. പിന്നീട്, 1999ൽ പുറത്തിങ്ങിയ ഇലക്ഷൻ എന്ന ചിത്രത്തിലൂടെ ജസിക്ക യുവാക്കളുടെ പ്രിയപ്പെട്ട താരമായി. ടി.വി സീരിസായ ഫ്രീക്സ് ആൻഡ് ഗീക്ക്സടക്കം ഒരു പിടി ചിത്രങ്ങളിൽ അഭിനയിച്ച ജസിക്ക, 2002ന് ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്തു. അവസാനം അഭിനയിച്ച ജങ്ക്, ഡാഡ്സ് ഡേ എന്നീ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട്, നാച്ചുറോപതിക് ഫിസിഷ്യനായി ജോലി നോക്കുകയായിരുന്നു. ഡാനിയൽ പാപ്കിനാണ് ഭർത്താവ്. പത്തുവയസുള്ള ഒരു മകനുണ്ട്.