rape

ലക്‌നൗ: പതിനഞ്ചുകാരിയെ ഒരു വർഷത്തോളം തടവിലാക്കി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. തടവിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നേപ്പാൾ സ്വദേശിയുൾപ്പെടെയുള്ള പ്രതികളെ ഉത്തർപ്രദേശ് മഹാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണ്.

പ്രധാന പ്രതിയായ ഉപ്രേത കുമാർ പെൺകുട്ടിക്ക് വീട്ടുജോലി തരപ്പെടുത്തി കൊടുക്കാമെന്ന് വാഗ്ദാനം നൽകി വിവിധയിടങ്ങളിൽ കൂട്ടിക്കൊണ്ടുപോവുകയും നിരവധിതവണ ബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. കൂടാതെ പണത്തിനായി ഇയാൾ പെൺകുട്ടിയെ പലർക്കും കൈമാറിയതായും പൊലീസ് കൂട്ടിച്ചേർത്തു. തുടർച്ചയായി പതിനഞ്ച് ദിവസത്തോളം കുട്ടിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഭക്ഷണം പോലും നൽകിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. തടവിൽ നിന്ന് അടുത്തിടെ രക്ഷപ്പെട്ട് വീട്ടിലെത്തിയ പെൺകുട്ടിയെ സുഖമില്ലാതായതിനെ തുടർന്ന് കുട്ടിയുടെ മാതാവ് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഇവർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പരാതി ലഭിച്ചതിന് പിറ്റേന്ന് തന്നെ പൊലീസ് പ്രതികളെ പിടികൂടി. ഇതിൽ നേപ്പാൾ സ്വദേശിയായ പ്രതി സ്‌കൂൾ സെക്യൂരിറ്റിയായി പ്രവർത്തിച്ചു വരികയായിരുന്നു. പ്രതികൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.