സെയ്ദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ ഡൽഹിയെ ചേസ് ചെയ്ത് കീഴടക്കി കേരളം
ടൂർണമെന്റിലെ കേരളത്തിന്റെ തുടർച്ചയായ മൂന്നാം ജയം, ചേസിംഗിൽ റെക്കാഡ്
റോബിൻ ഉത്തപ്പയ്ക്കും (91), വിഷ്ണു വിനോദിനും അർദ്ധസെഞ്ച്വറികൾ (71)
മുംബയ്: ദേശീയ ക്രിക്കറ്റിൽ കേരളത്തിന്റെ ചുണക്കുട്ടികൾ ചരിത്രം കുറിക്കുകയാണ്. സെയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബയ്‌യെ മുട്ടുകുത്തിച്ചതിന് പിന്നാലെ ഡൽഹിയെയും തകർത്തുവിട്ടിരിക്കുകയാണ് കേരള ടീം.തുടർച്ചയായ മൂന്നാം വിജയത്തോടെ എലൈറ്റ് ഗ്രൂപ്പ് ഇയിൽ ഒന്നാം സ്ഥാനത്താണ് കേരളം.
ടൂർണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചേസിംഗ് വിജയം എന്ന റെക്കാഡോടെയാണ് കേരളം ഇന്നലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡൽഹിയെ തകർത്തത്. ഇന്ത്യൻ താരങ്ങളായ ശിഖർ ധവാനും ഇശാന്ത് ശർമ്മയുമടങ്ങിയ ഡൽഹി ആദ്യം ബാറ്റ് ചെയ്ത് 212/4 എന്ന സ്കോർ ഉയർത്തിയപ്പോൾ കേരളം ആറു വിക്കറ്റുകളും ആറു പന്തുകളും ബാക്കിനിൽക്കെ 218 റൺസെടുത്ത് വെന്നിക്കൊടി പാറിച്ചു.2016 സീസണിൽ റെയിൽവേയ്സിനെതിരെ 211 റൺസ് ചേസ് ചെയ്ത് ജയിച്ച ഡൽഹിയുടെ റെക്കാഡാണ് കേരളം തകർത്തത്.
അർദ്ധസെഞ്ച്വറികൾ നേടിയ റോബിൻ ഉത്തപ്പയും (54 പന്തുകളിൽ മൂന്ന് ഫോറും എട്ട് സിക്സുമടക്കം 91 റൺസ്), വിഷ്ണു വിനോദും (38 പന്തുകളിൽ മൂന്ന് ഫോറും അഞ്ചു സിക്സുമടക്കം 71 റൺസ് ) ചേർന്നാണ് കേരളത്തിനുവേണ്ടി സൂപ്പർ ചേസിംഗ് നടത്തിയത്. മുംബയ്ക്ക് എതിരെ സെഞ്ച്വറി നേടിയിരുന്ന മുഹമ്മദ് അസ്ഹറുദ്ദീൻ ഡക്കായെങ്കിലും സഞ്ജു(16), സച്ചിൻ ബേബി (22) എന്നിവർ രണ്ടക്കം കടന്നു.
ആദ്യം ബാറ്റുചെയ്ത ഡൽഹി ശിഖർ ധവാന്റെയും(48 പന്തുകളിൽ 77 റൺസ്),ലളിത് യാദവിന്റെയും (25 പന്തുകളിൽ പുറത്താകാതെ 52 റൺസ്) മികവിലാണ് 212ലെത്തിയത്. ഓപ്പണിംഗിനിറങ്ങിയ ധവാൻ ഒരറ്റത്ത് കത്തിക്കയറവേ ഹിതൻ ദലാൽ(11),ഹിമ്മത്ത് സിംഗ് (26),നിതീഷ് റാണ (16) എന്നിവരെ കേരളം മടക്കി അയച്ചു. കേരളത്തിനായി ശ്രീശാന്ത് രണ്ട് വിക്കറ്റ് വീഴ്ത്തി.11-ാം ഓവറിൽ നിതീഷ് റാണയെയും 17-ാം ഓവറിൽ ധവാനെയുമാണ് ശ്രീ മടക്കി അയച്ചത്. തുടർന്നാണ് ലളിത് കൂറ്റനടികളിലൂടെ ഡൽഹിയെ 200 കടത്തിയത്.
മറുപടിക്കിറങ്ങിയ കേരളത്തിന് ഓപ്പണർ അസ്‌ഹറുദ്ദീനെ മൂന്നാം പന്തിൽത്തന്നെ നഷ്ടമായി. ഇശാന്ത് ശർമ്മയുടെ പന്തിൽ കീപ്പർ ക്യാച്ച് നൽകുകയായിരുന്നു അസ്ഹർ. എന്നാൽ ഉത്തപ്പ അക്ഷോഭ്യനായി തുടർന്നത് കേരളത്തിന് ജീവൻ പകർന്നു. എട്ടാം ഓവറിൽ ടീം സ്കോർ 71 ലെത്തിയപ്പോൾ സഞ്ജുവും സച്ചിൻ ബേബിയും കരയ്ക്ക് കയറിയെങ്കിലും വിഷ്ണു വിനോദ് കളത്തിലിറങ്ങിയതോടെ കളിമാറി. ഇരുവരും ചേർന്ന് 62 പന്തുകളിൽ 132 റൺസാണ് അടിച്ചുകൂട്ടിയത്. ഡൽഹിയുടെ പേരുകേട്ട ബൗളിംഗ് നിരയെ മുഴുവൻ തല്ലിയൊതുക്കുകയായിരുന്നു കേരള താരങ്ങൾ.18-ാം ഓവറിൽ ഉത്തപ്പ പുറത്തായശേഷം സൽമാൻ നിസാറിനെക്കൂട്ടി (10*) വിഷ്ണു വിജയത്തിലെത്തിച്ചു.
ഇതോടെ മൂന്ന് കളികളിൽ നിന്ന് കേരളത്തിന് 12 പോയിന്റായി. ഇ ഗ്രൂപ്പിൽ 12 പോയിന്റുള്ള ഹരിയാനയാണ് രണ്ടാം സ്ഥാനത്ത്. നാളെ ആന്ധ്രയ്ക്ക് എതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.
133
ട്വന്റി-20യിലെ കേരളത്തിന്റെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് ഇന്നലെ ഉത്തപ്പയും വിഷ്ണു വിനോദും കൂട്ടിച്ചേർത്ത 133 റൺസ്.രണ്ട് ദിവസം മുമ്പ് മുംബയ്ക്ക് എതിരെ ഉത്തപ്പയും അസ്ഹറുദ്ദീനും കൂട്ടിച്ചേർത്ത 129 റൺസിന്റെ റെക്കാഡാണ് തകർന്നത്.