diabetes

ലോകമാകെയുള‌ള ജനജീവിതത്തെ സാരമായി ബാധിച്ച കൊവിഡ് മഹാമാരി ജീവിതശൈലീ രോഗങ്ങളുടെ ഗണത്തിൽപ്പെടുന്ന പ്രമേഹം പോലുള്ള ദീർഘകാല രോഗങ്ങളുടെ ചികിത്സയിലും അപാകതകളുണ്ടായി. ഇക്കൂട്ടത്തിൽ കുട്ടികളിൽ വരുന്ന തരത്തിലെ പ്രമേഹത്തിനുള‌ള ചികിത്സയിലും പ്രതിസന്ധികളുണ്ടായി.

കുട്ടികളിൽ പ്രധാനമായും കണ്ടുവരുന്ന ടൈപ്പ് വൺ അല്ലെങ്കിൽ ജുവനൈൽ ഡയബറ്റിസ് പാൻക്രിയാസ് ഗ്രന്ഥിയിൽ നിന്നും ഇൻസുലിൻ ഹോർമോണിന്റെ ഉത്പാദനം കുറയുന്നതുകൊണ്ട് സംഭവിക്കുന്നതാണ്. പാരമ്പര്യ സാദ്ധ്യതയുള്ള കുടുംബങ്ങളിൽ അമിതവണ്ണവും വ്യായാമക്കുറവും കൂടിയാവുമ്പോൾ മുതിർന്നവരിൽ കാണുന്ന ടൈപ്പ് ടു ഡയബറ്റിസ് കൗമാരപ്രായക്കാരായ കുട്ടികളെയും യുവാക്കളെയും ബാധിക്കുന്നതായും കാണാം. ഇതിൽ കുട്ടികളിൽ കാണുന്ന ടൈപ്പ് വൺ ഡയബറ്റിസിന് നൽകുന്ന ചികിത്സ ഭക്ഷണത്തിന് മുൻപ് രക്തത്തിൽ പഞ്ചസാരയുടെ അളവ് പരിശോധിച്ച ശേഷം ഉചിതമായ രീതിയിൽ ഇൻസുലിൻ തൊലിക്കടിയിൽ കുത്തിവെയ്ക്കുക എന്നതാണ്. ഇത് ജീവിതകാലം മുഴുവൻ തുടരേണ്ട ചികിത്സയാണ്. ഇൻസുലിൻ ചികിത്സയോടൊപ്പം ഭക്ഷണക്രമീകരണവും ദിവസേനയുള്ള വ്യായാമവും ആരോഗ്യ പരിശോധനയും കൊണ്ട് മറ്റു കുട്ടികളെപ്പോലെ ആരോഗ്യകരമായ ജീവിതം ടൈപ്പ് വൺ ഡയബറ്റിസ് രോഗമുള്ള കുട്ടികൾക്കും നയിക്കാനാകും.

നിയന്ത്രണാതീതമായ പ്രമേഹം കൊവിഡ് പിടിപെടാനുള്ള സാധ്യത കൂട്ടുന്നു. അമിതവണ്ണമുള്ളവർക്കും ഹൃദയസംബന്ധമായ രോഗമുള്ളവർക്കും കൊവിഡ് മാരകമായി തീർന്നേക്കാം. അതോടൊപ്പം പ്രമേഹം നിയന്ത്രണാതീതമായാൽ, രക്തത്തിൽ പഞ്ചസാരയുടെ അളവ് വളരെ കൂടിയാൽ, കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തിൽ ഡയബറ്റിക് കീറ്റോ അസിഡോസിസ് (ഡി.കെ.എ.) എന്ന പ്രമേഹത്തിന്റെ സങ്കീർണാവസ്ഥ വരാനുള്ള സാധ്യതയുണ്ട്.

മുൻകൊല്ലങ്ങളെ അപേക്ഷിച്ച് ഈ കൊവിഡ് കാലത്ത് ഡി.കെ.എ. കൂടുതലാകാം എന്നതാണ് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്. കൊവിഡിനെ പ്രതിരോധിക്കാനും ചികിത്സിക്കാനും ശ്രമിക്കുന്നതിനിടയിൽ പ്രമേഹം പോലുള്ള ദീർഘകാല രോഗങ്ങളുടെ ചികിത്സ അവഗണിക്കപ്പെടുന്നതാണ് ഇതിന്റെ പ്രധാനകാരണം. കൊവിഡ് പിടിപെടുമെന്ന് ഭയന്ന് ആശുപത്രിയിൽ പോകാനോ, ചികിത്സതേടാനോ മടിക്കുന്നത് ചിലപ്പോഴെങ്കിലും പ്രമേഹരോഗ നിയന്ത്രണത്തിന്റെ താളം തെറ്റിക്കുന്നു.

പ്രമേഹബാധിതരായ കുട്ടികളിലെ പ്രമേഹത്തിന്റെ തോത് നിയന്ത്രണവിധേയമാക്കിയാൽ ഇവരിൽ കൊവിഡ് കാരണം ഉണ്ടാകാവുന്ന പ്രശ്നങ്ങൾ മറ്റു കുട്ടികളെ അപേക്ഷിച്ച് കൂടുതലാകില്ല. കൊവിഡ് നിയന്ത്രിച്ചു നിർത്താൻ ലോക്ഡൗൺ പോലെയുള്ള നിയന്ത്രണങ്ങൾ നമുക്ക് വേണ്ടിവന്നു. കുട്ടികൾക്ക് സ്‌കൂളിൽ പോകാനാകാതെ വന്നപ്പോൾ കളികൾക്കും മറ്റു വ്യായാമങ്ങൾക്കും അവധികൊടുത്ത് ഡിജിറ്റൽ സ്‌ക്രീനിനുമുന്നിൽ ക്ലാസ്സിനും വിനോദങ്ങൾക്കുമായി ചടഞ്ഞുകൂടേണ്ടിവന്നു. വീട്ടിൽ നിൽക്കുമ്പോൾ ഭക്ഷണത്തിന് നിയന്ത്രണമില്ലാത്ത സാഹചര്യത്തിൽ ചിലകുട്ടികളെങ്കിലും അമിതവണ്ണമുള്ളവരായി മാറിയിട്ടുണ്ട്.

പ്രമേഹത്തിന് പാരമ്പര്യ സാധ്യതയുള്ള കുടുംബങ്ങളിലെ കുട്ടികളിൽ , മുതിർന്നവരിലെന്നപോലെ, രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിച്ച് പ്രീഡയബറ്റിസ് എന്ന സ്ഥിതി ഉണ്ടാകുന്നു. ജനുവരി ഒന്നുമുതൽ സംസ്ഥാനത്തെ സ്‌കൂളുകൾ പടിപടിയായി തുറന്ന് പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രമേഹ രോഗബാധിതരായ കുട്ടികളെ എങ്ങനെ പരിചരിക്കണം എന്നത് രക്ഷിതാക്കളും സ്‌കൂൾ അധികൃതരും ആരോഗ്യപ്രവർത്തകരും അറിഞ്ഞിരിക്കണം.

പ്രമേഹമുള്ള കുട്ടികളുടെ ചികിത്സയിൽ ആരോഗ്യ പ്രവർത്തകരോടൊപ്പം തന്നെ പ്രാധാന്യം സ്‌കൂൾ അധികൃതർക്കും പ്രത്യേകിച്ച് അദ്ധ്യാപകർക്കുമുണ്ട്. മറ്റ് കുട്ടികൾക്ക് സമാനമായ പഠന അവസരങ്ങളും സ്‌കൂൾ അനുഭവങ്ങളും ലഭിക്കേണ്ടത് പ്രമേഹ ബാധിതരായ കുട്ടികളുടെ അവകാശമാണ്.

പ്രമേഹ രോഗമുള്ള കുട്ടി സ്‌കൂളിൽ ചേരുമ്പോഴും അദ്ധ്യയന വർഷം തുടങ്ങുമ്പോഴും കുട്ടിയുടെ രോഗചികിത്സയുടെ വിവിധ വശങ്ങൾ രക്ഷിതാക്കൾ സ്‌കൂൾ അധികൃതർക്ക് ലഭ്യമാക്കണം. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് എങ്ങനെ പരിശോധിക്കണം, രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയുന്ന ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥ എങ്ങനെ തിരിച്ചറിയാം, അത് എങ്ങനെ ചികിത്സിക്കണം, കായിക മത്സരസമയത്തും കുട്ടികൾ പങ്കെടുക്കുന്ന കലാപരിപാടിയുള്ളപ്പോഴും ഹൈപ്പോഗ്ലൈസീമിയ പ്രതിരോധിക്കാൻ ഭക്ഷണം എങ്ങനെ ക്രമീകരിക്കണം എന്നിവയെപ്പറ്റി സ്‌കൂൾ അധികൃതർക്ക് വ്യക്തമായ അറിവുണ്ടാകണം.

ഡയബറ്റിസ് രോഗമുള്ള പല കുട്ടികളും ഉച്ചഭക്ഷണത്തിനൊപ്പം ഇൻസുലിൻ എടുക്കുന്നവരാണ്. അവർക്ക് ഇൻജെക്ഷൻ എടുക്കാൻ ആവശ്യമായ സൗകര്യവും സ്വകാര്യതയും ക്ലാസ്സ് മുറിക്ക് സമീപത്ത് ഒരുക്കാൻ സ്‌കൂൾ അധികൃതർ ശ്രദ്ധിക്കണം. കുട്ടികൾക്ക് വേണ്ട സമയത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാനും ആവശ്യമെങ്കിൽ ഗ്ലൂക്കോസ് കഴിക്കാനും ആശുപത്രിയിൽ പോകാനും സ്‌കൂൾ നിയമങ്ങളിൽ ഇളവ് വരുത്തേണ്ടതാണ്.

പ്രമേഹമുള്ള കുട്ടികളിൽ പലരും, പ്രത്യേകിച്ച് കൗമാരപ്രായക്കാർ, അപകർഷതാബോധവും മാനസിക സമ്മർദ്ദവും അനുഭവിക്കുന്നവരാണ്. ഇവർക്ക് പലപ്പോഴും സഹപാഠികളുടെ കളിയാക്കലുകൾ ഏറ്റുവാങ്ങേണ്ടിവരാറുണ്ട്. അതിനാൽ അവർ രോഗാവസ്ഥ തുറന്ന് പറയാൻ മടിക്കാറുണ്ട്. അദ്ധ്യാപകരും ആരോഗ്യ പ്രവർത്തകരും പ്രമേഹരോഗത്തേയും ചികിത്സയേയും പറ്റി സ്‌കൂൾ കുട്ടികൾക്കിടയിൽ അവബോധം ഉണ്ടാക്കുന്നത് പ്രമേഹരോഗ ബാധിതരായ കുട്ടികളുടെ അപകർഷതാബോധം കുറയ്ക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സഹായകമാകും.

ഡോ. ഷീജ മാധവൻ
പീഡിയാട്രിക് എൻഡോക്രൈനോളജിസ്റ്റ്
കിംസ്‌ഹെൽത്ത്
തിരുവനന്തപുരം