northkorea

പോഗ്യാംഗ്: കൊടിയ ദാരിദ്ര്യത്തിലാണെന്ന റിപ്പോർട്ടുകൾക്കിടയിലും അത്യാധുനിക ബാലിസ്​റ്റിക്​ മിസൈലുകൾ പ്രദർശിപ്പിച്ച്​ ഉത്തര കൊറിയ. രാഷ്​ട്രീയ സമ്മേളനത്തിന്റെ അവസാന ദിനമായ വ്യാഴാഴ്​ച രാത്രി തലസ്ഥാന നഗരമായ പ്യോഗ്യാംഗിൽ നടന്ന പരേഡിലായിരുന്നു പ്രദർശനം. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും ചടങ്ങിൽ പങ്കെടുത്തിരുന്നു. കറുത്ത കോട്ടും രോമത്തൊപ്പിയുമണിഞ്ഞ്​

കിം സുംഗ്​ ചത്വരത്തിലിരുന്ന് കിം ചടങ്ങ് വീക്ഷിച്ചു.

 പുക്​ഗുക്​സോംഗ് ​-5

പുതിയ ബാലിസ്റ്റിക് മിസൈൽ സമുദ്രാന്തർവാഹിനികൾ ഉപയോഗിച്ച്​ തൊടുത്തുവിടുന്നതാണെന്നാണ് വിവരം. പുക്​ഗുക്​സോംഗ് ​-5 എന്നാണ്​ മിസൈലിന്റെ പേര്. കഴിഞ്ഞ വർഷം ഒക്​ടോബറിൽ പ്രദർശിപ്പിച്ച പുക്​ഗുക്​സോംഗ്​- 4ന്റെ നവീകരിച്ച രൂപമാണിത്. ലോകത്തിലെ ഏറ്റവും മാരകവും ശക്തിയേറിയതുമായ ആയുധമാണിതെന്നാണ് ഉത്തരകൊറിയൻ മാദ്ധ്യമങ്ങൾ പറയുന്നത്.

മറ്റ് പല റോക്കറ്റുകളും പ്രദർശനത്തിനുണ്ടായിരുന്നു. ദക്ഷിണ കൊറിയയിൽ മാത്രമല്ല, ജപ്പാനിലും ആക്രമണം നടത്താൻ ശേഷിയുള്ളതാണ്​ ആയുധ ശേഖരമെന്നാണ്​ നിഗമനം.ഭൂഖണ്ഡാന്തര ബാലി​സ്​റ്റിക്​ മിസൈലുകൾ പ്രദർശനത്തിന് അണിനിരന്നില്ല.

അതേസമയം, അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേൽക്കുന്ന ജോ ബൈഡന് മുന്നറിയിപ്പ് നൽകാൻ നടത്തിയതാണ് പരേഡെന്നും റിപ്പോർട്ടുണ്ട്. ഉത്തരകൊറിയയുടെ അയൽരാജ്യങ്ങളായ ദക്ഷിണ കൊറിയയിലും ജപ്പാനിലും യു.എസ്​ സൈനിക സാന്നിദ്ധ്യമുണ്ട്​.