ടീമിൽ അഴിച്ചുപണിയുമായി ഇന്ത്യ നാലാം ടെസ്റ്റിനിറങ്ങി, ആദ്യ ദിനം ആസ്ട്രേലിയ 274/5
ബ്രിസ്ബേൻ : പരിക്കിന്റെ പിടിയിൽപ്പെട്ട മുൻനിര താരങ്ങൾക്ക് പകരം യുവതാരങ്ങളുമായി നാലാം ടെസ്റ്റിനിറങ്ങിയ ഇന്ത്യയ്ക്ക് എതിരെ ആസ്ട്രേലിയ ആദ്യദിനം കളിനിറുത്തുമ്പോൾ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 274 റൺസെടുത്തു. മാർനസ് ലബുഷാനെയുടെ സെഞ്ച്വറിയാണ് (108)ആസ്ട്രേലിയൻ ഇന്നിംഗ്സിന്റെ ഹൈലൈറ്റ്.
നെറ്റ്സിലെബൗളറായി വന്ന് ഏകദിനത്തിലും ട്വന്റി-20യിലും അരങ്ങേറി വിസ്മയം സൃഷ്ടിച്ച തങ്കരശു നടരാജനും വാഷിംഗ്ടൺ സുന്ദറും ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചപ്പോൾ മായാങ്ക് അഗർവാൾ പ്ളേയിംഗ് ഇലവനിൽ തിരിച്ചെത്തി.പേസർ ശാർദ്ദൂൽതാക്കൂറും പ്ളേയിംഗ് ഇലവനിൽ ഇടം കണ്ടു.നടരാജൻ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ സുന്ദറും സിറാജും ശാർദ്ദൂലും ഓരോ വിക്കറ്റ് സ്വന്തമാക്കി. പരിക്കേറ്റ ബുംറയ്ക്ക് പകരമാണ് നടരാജൻ കളിക്കാനിറങ്ങിയത്. സുന്ദർ അശ്വിന് പകരവും മായാങ്ക് ഹനുമ വിഹാരിക്ക് പകരവും ടീമിലെത്തി. ജഡേജയ്ക്ക് പകരമാണ് നാലാം പേസറായി ശാർദ്ദൂലിന് അവസരം നൽകിയത്. അതേസമയം നവ്ദീപ് സെയ്നിക്ക് ബൗളിംഗിനിടെ പരിക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയായി.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയയ്ക്ക് 17 റൺസെടുക്കുന്നതിനിടെ ഓപ്പണർമാരായ വാർണറെയും (1) മാർക്കസ് ഹാരിസിനെയും (5) നഷ്ടമായിരുന്നു. ആദ്യ ഓവറിൽത്തന്നെ വാർണറെ സ്ളിപ്പിൽ രോഹിതിന്റെ കയ്യിലെത്തിച്ച് സിറാജാണ് പ്രഹരം നൽകിയത്. ഒൻപതാം ഓവറിൽ ശാർദൂലിന്റെ പന്തിൽ സുന്ദറിന് ക്യാച്ച് നൽകിയാണ് ഹാരിസ് മടങ്ങിയത്. തുടർന്ന് ക്രീസിൽ ഒരുമിച്ച് 70 റൺസ് കൂട്ടിച്ചേർത്ത ലബുഷാനെയും സ്മിത്തുമാണ്(36) ആതിഥേയരെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ലഞ്ചിന് ശേഷം സ്മിത്തിനെ രോഹിതിന്റെ കയ്യിലെത്തിച്ച് സുന്ദർ ആദ്യ ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കിയപ്പോൾ മാത്യു വേഡിനെ() കൂട്ടുനിറുത്തി ലബുഷാനെ ടീമിനെ 200ലെത്തിച്ചു.
113 റൺസ് കൂട്ടിച്ചേർത്ത സഖ്യത്തെ ചായയ്ക്ക് ശേഷം നടരാജനാണ് പൊളിച്ചത്.ടീം സ്കോർ 200ൽ വച്ച് വേഡിനെ ശാർദൂലിന്റെ കയ്യിലെത്തിച്ച നടരാജൻ 213-ൽ വച്ച് ലബുഷാനെയുടെ കളിയും അവസാനിപ്പിച്ചു. 204 പന്തുകളിൽ ഒൻപത് ബൗണ്ടറികൾ പായിച്ച ലബുഷാനെ കീപ്പർ റിഷഭ് പന്തിന് ക്യാച്ച് നൽകുകയായിരുന്നു. കളി അവസാനിപ്പിക്കുമ്പോൾ 38 റൺസുമായി നായകൻ ടിം പെയ്നും 28 റൺസുമായി കാമറൂൺ ഗ്രീനുമാണ് ക്രീസിൽ.
സിറാജിന് വീണ്ടും തെറിവിളി
മൂന്നാം ടെസ്റ്റിൽ ഇന്ത്യ പരാതി ഉയർത്തിയിട്ടും ആസ്ട്രേലിയൻ കാണികളുടെ അസഹിഷ്ണുതയ്ക്ക് കുറവില്ല. ബ്രിസ്ബേനിലും ഇന്ത്യൻ താരങ്ങൾക്ക് നേരേ മോശം വാക്കുകൾ ഉപയോഗിക്കാൻ മടികാട്ടാത്ത ചില കാണികളുണ്ടായിരുന്നു. സിഡ്നിയിൽ വംശീയ അധിക്ഷേപം നേരിട്ട സിറാജിനെയും വാഷിംഗ്ടൺ സുന്ദറിനെയുമാണ് ഇന്നലെ അപമാനിച്ചത്. സിഡ്നിയിൽ കാണികളെ ഇറക്കിവിട്ട സ്റ്റേഡിയം സെക്യൂരിറ്റി ഇവിടെ അതിന് തയ്യാറായില്ല.
സെയ്നിക്ക് സ്കാനിംഗ്
തന്റെ എട്ടാം ഓവർ ബാറ്റുചെയ്യുന്നതിനിടെ അടിവയറ്റിന് പരിക്കേറ്റ നവ്ദീപ് സെയ്നിയെ സ്കാനിംഗിന് വിധേയനാക്കി.താരത്തിന്റെ ആരോഗ്യസ്ഥിതി മെഡിക്കൽ ടീം നിരീക്ഷിക്കുകയാണെന്നും ഇന്ന് ബൗൾ ചെയ്യുമോയെന്ന് തീരുമാനിക്കാറായിട്ടില്ലെന്നും ബി.സി.സി.ഐ അറിയിച്ചു.നേരത്തേ പേസർമാരായ ഷമി,ഉമേഷ്,ബുംറ എന്നിവർക്ക് പരിക്കേറ്റിരുന്നു.
ഒരേ പര്യടനത്തിൽ മൂന്ന് ഫോർമാറ്റുകളിലും അരങ്ങേറ്റം കുറിക്കുന്ന ആദ്യ ഇന്ത്യൻ താരമായി നടരാജൻ റെക്കാഡിട്ടു. ഒരു ഫോർമാറ്റിൽ പോലും നടരാജൻ പ്രാഥമിക ടീമിൽ ഉണ്ടായിരുന്നില്ലെന്നതാണ് വലിയ കൗതുകം. നെറ്റ്സിൽ പരിശീലനത്തിന് സഹായിയായാണ് ആസ്ട്രേലിയയ്ക്ക് തിരിച്ചത്. ഏകദിന പരമ്പരയ്ക്കിടെ സെയ്നിക്ക് പരിക്കേറ്റപ്പോൾ ആദ്യ അവസരം ലഭിച്ചു. മികവ് കാട്ടിയതിനാൽ ട്വന്റി-20 ടീമിലും ഇടംകിട്ടി. നെറ്റ്സ് ബൗളറായാണ് ടെസ്റ്റ് ടീമിനാെപ്പം തുടർന്നത്. ബുംറയ്ക്ക് പരിക്കേറ്റതിനാൽ ഒരേയൊരു ഫസ്റ്റ് ക്ളാസ് മത്സരം മാത്രം കളിച്ചിട്ടുള്ള ഈ 29കാരന് മുന്നിൽ ടെസ്റ്റിലെ വാതിലും തുറന്നു.