ലണ്ടൻ: വറുത്ത പുഴുവിനെ കറുമുറെ കഴിയ്ക്കാൻ ആഗ്രഹിക്കുന്നവർ യൂറോപ്പിലുണ്ടെങ്കിൽ അവർക്കൊരു സന്തോഷ വാർത്തയുണ്ട്. പുഴുവിനെ ഭക്ഷണപദാർത്ഥമായി യൂറോപ്യൻ ഫുഡ്സേഫ്ടി ഏജൻസി അംഗീകരിച്ച് കഴിഞ്ഞു. മഞ്ഞ നിറത്തിലുള്ള കുഞ്ഞു പുഴുവിനെയാണ് (YELLOW GRUB) ഭക്ഷ്യയോഗ്യമായി അംഗീകരിച്ചത്. പാസ്ത വിഭവങ്ങളിലാകും പ്രധാനമായും ഇവയെ ചേർക്കുക. ഭക്ഷണ പദാർത്ഥമായി ഇ.എഫ്.
എസ്.എ അംഗീകരിക്കുന്ന ആദ്യ പ്രാണിയാണിത്.
ബിസ്ക്കറ്റ്, പാസ്ത, ബ്രഡ് എന്നിവയ്ക്കുള്ള മാവിലും കറികളിലും പുഴുക്കളെ മുഴുവനായി ഉണക്കി ചേർക്കാം. ഇത്തരത്തിലുള്ള പുഴുക്കളെ നിലവിൽ യൂറോപ്പിൽ പെറ്റ് ഫുഡ് ചേരുവകളിൽ മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. പോഷകസമ്പുഷ്ടമാണ് ഇവയെന്നാണ് പുഴുപ്രേമികൾ പറയുന്നത്. ചൈനയടക്കമുള്ള ചില ഏഷ്യൻ രാജ്യങ്ങളെ കൂടാതെ, ആസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ പാശ്ചാത്യ രാജ്യങ്ങളിലും ആഫ്രിക്കയിലെ ചില ഭാഗങ്ങളിലും പുഴുക്കളടക്കമുള്ള പ്രാണികളെ ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങൾ ലഭ്യമാണ്.