aravind

ല‌ക്‌നൗ: കഴിഞ്ഞ ദിവസം ബി.ജെ.പി അംഗത്വമെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ അരവിന്ദ് കുമാർ ശർമ്മ ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും.

വ്യാഴാഴ്ച ലക്‌നൗവിൽ നടന്ന ചടങ്ങിൽ പാർട്ടി അംഗത്വം സ്വീകരിച്ച അരവിന്ദ് കുമാർ ശർമ്മയ്ക്ക് യോഗി ആദിത്യനാഥ് സർക്കാരിൽ ഉന്നത പദവി നൽകിയേക്കുമെന്നാണ് സൂചന. മോദിക്കൊപ്പം 20 വർഷം ജോലിചെയ്തയാളാണ് ശർമ. ഈ മാസം 28നാണ് യു.പി ലെജിസ്ളേറ്റീവ് കൗൺസിലിലെ 12 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി 18ആണ്.

യു.പിയിൽ നിയമസഭാതിരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെയാണ് അരവിന്ദ് കുമാർശർമ്മയുടെ രാഷ്ട്രീയ പ്രവേശനം. യു.പി ലെജിസ്ളേറ്റീവ് കൗൺസിൽ തിര‌ഞ്ഞെടുപ്പിൽ ശർമ മത്സരിച്ച് വിജയിച്ചാൽ ആദിത്യനാഥിന്റെ രണ്ട് ഉപമുഖ്യമന്ത്രിമാരിൽ ഒരാളായേക്കുമെന്നും സൂചനയുണ്ട്.
ഉത്തർപ്രദേശിലെ മൗസവ് സ്വദേശിയായ ശർമ 1988 ഗുജറാത്ത് കേഡറിലാണ് സർവീസ് ആരംഭിച്ചത്. 2001ൽ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോൾ അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്നു. 2014ൽ മോദി അധികാരത്തിലെത്തിയപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസിൽ അഡിഷണൽ സെക്രട്ടറിയായി ചുമതലയേറ്റു. മൈക്രോ സ്‌മോൾ മീഡിയം എന്റർപ്രൈസസ് വകുപ്പിൽ സെക്രട്ടറിയായിരിക്കെയാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ശർമ്മ സർവീസിൽ നിന്ന് സ്വയം വിരമിച്ചത്. 2022 ജൂലായ് വരെ അദ്ദേഹത്തിന് സർവീസ് കാലാവധിയുണ്ടായിരുന്നു.