differently-abled-karate-

ഗാസ സിറ്റി: ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ പരിമിതികളെ നിസാരമായി തോൽപ്പിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഗാസ സ്വദേശിയും നിയമബിരുദധാരിയുമായ യൂസഫ്​ അബൂ ആമിറ.

കാലുകളില്ലാതെ, ഭാഗികമായി മാത്രം വളർന്ന കൈകളോടെ ജനിച്ച യൂസഫ്​ ഇന്ന് കരാട്ടേയിൽ ഉയരങ്ങൾ കീഴടക്കി മുന്നേറുകയാണ്.

ശരീയത്ത്​-നിയമ കോളജിൽ നിന്ന്​ കഴിഞ്ഞ വർഷം ബിരുദം നേടിയ 24കാരനായ യൂസഫ്​ ഇപ്പോൾ കരാട്ടേയിൽ ഒാറഞ്ച്​ ബെൽറ്റും നേടി. നിത്യവും പരിശീലനത്തിനെത്തുന്ന യൂസഫ്​ മറ്റ്​ പരിശീലനാർത്ഥികൾക്കും മാതൃകയാണെന്ന്​ കോച്ച്​ ഹസൽ അൽ റായി പറയുന്നു.'അംഗവൈകല്യം മനസിനെയും ശരീരത്തിനെയും ബാധിക്കാതിരുന്നാൽ നമുക്ക്​ നേടിയെടുക്കാൻ പറ്റാത്തതായി യാതൊന്നുമില്ലെന്ന് ലോകത്തോട്​ വിളിച്ചുപറയാനാണ്​ ഇൗ നേട്ടങ്ങളിലുടെ ഞാൻ ആഗ്രഹിക്കുന്നത്​. എന്നെപ്പോലെയുള്ള ലക്ഷക്കണക്കിനാളുകൾക്ക്​ എന്റെ ജീവിതം പ്രചോദനമാകുമെങ്കിൽ അതിൽപരം സന്തോഷം എനിയ്ക്ക് വേറെയില്ല. അന്താരാഷ്​ട്ര കരാട്ടേ ചാമ്പ്യൻഷിപ്പുകളിൽ മത്സരിക്കുന്നതാണ്​ ഞാനിപ്പോൾ സ്വപ്​നം കാണുന്നത്​'- യൂസഫ്​ പറയുന്നു.

ശക്​തമായ പഞ്ചുകൾ നൽകാനും തടയാനും മിടുക്കനാണ് യൂസഫ്​. 'യൂസഫിന്റെ പ്രകടനം എന്നെ ശരിക്കും അത്​ഭുത​പ്പെടുത്തുകയാണ്​. മികച്ച രീതിയിൽ എല്ലാ കാര്യങ്ങളും ചെയ്യാൻ യൂസഫിന്​ കഴിയും. ഗാസയി​ലെ അഭയാർത്ഥി ക്യാമ്പിൽ വളർന്ന യൂസഫ്​ വിദ്യാഭ്യാസത്തിലും കായിക മികവിലും കാണിക്കുന്ന വൈദഗദ്ധ്യം രാജ്യത്തെ യുവജനങ്ങൾക്ക് പ്രചോദനമാകും - കോച്ച്​ ഹസൽ അൽ റായി പറഞ്ഞു നിറുത്തി