വാഷിംഗ്ടൺ: സിൻജിയാംഗിലെ ഉയ്ഘുർ മുസ്ലിംങ്ങളേയും മറ്റ് ന്യൂനപക്ഷങ്ങളേയും ചൈന വംശഹത്യയ്ക്ക് വിധേയരാക്കിയെന്ന് കുറ്റപ്പെടുത്തി യു.എസ് അന്വേഷണ കമ്മിഷൻ. ഇപ്പോഴും അത് തുടരുന്നതിന്റെ പുതിയ തെളിവുകൾ പുറത്തുവന്നതായും യു.എസ് കോൺഗ്രസിലെ ഇരു കക്ഷികളുടെയും സമിതിയായ കോൺഗ്രഷനൽ എക്സക്യൂട്ടീവ് കമ്മിഷൻ ഓൺ ചൈന പറയുന്നു.
തൊഴിൽ പരിശീലന കേന്ദ്രങ്ങളെന്ന പേരിൽ സിൻജിയാംഗിൽ വ്യാപകമായി സ്ഥാപിച്ച കേന്ദ്രങ്ങളിൽ മുസ്ലിംങ്ങളെ പീഡിപ്പിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
പുതിയ ജോലികൾ പരിശീലിപ്പിക്കാനെന്ന പേരിലാണ് ഇവ നിലകൊള്ളുന്നതെങ്കിലും കോൺസൻട്രേഷൻ ക്യാമ്പുകളാണിവയെന്ന് അന്വേഷണങ്ങൾ വ്യക്തമാക്കുന്നു.
ഒരു ദശലക്ഷം ഉയ്ഘുർ മുസ്ലിംങ്ങളെയെങ്കിലും ഈ കേന്ദ്രങ്ങളിൽ പാർപ്പിച്ചെന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു. ഈ 'കോൺസൻട്രേഷൻ ക്യാമ്പുകൾ' കേന്ദ്രീകരിച്ച് നടക്കുന്നത് നരഹത്യയാണെന്ന് സന്നദ്ധ സംഘടനകളും ആരോപിക്കുന്നു.
മേഖലയിൽ മനുഷ്യാവകാശങ്ങൾ അടിച്ചമർത്തുന്ന ചൈനീസ് നീക്കം ഞെട്ടിക്കുന്നതാണെന്ന് സി.ഇ.സി.സി സഹ അദ്ധ്യക്ഷനും ഡമോക്രാറ്റ് പ്രതിനിധിയുമായ ജിം മക്ഗവേൺ പറഞ്ഞു.
വംശഹത്യയാണ് ചൈന നടത്തുന്നതെന്ന് സ്ഥിരീകരിച്ചാൽ യു.എൻ ഉപരോധമുൾപ്പെടെയുള്ള നടപടികൾക്ക് സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. സിൻജിയാംഗ് മേഖലയിൽ നിന്നുള്ള പരുത്തി, തക്കാളി ഉൽപന്നങ്ങൾക്ക് യു.എസ് കഴിഞ്ഞ ദിവസം വിലക്കേർപ്പെടുത്തിയിരുന്നു.