bachan

ന്യൂഡൽഹി: കൊവിഡ് ബോധവത്കരണത്തിനായി നടൻ അമിതാഭ് ബച്ചന്റെ ശബ്ദത്തിലുള്ള പ്രീ കോളർ ട്യൂൺ ഓഡിയോ സന്ദേശം ഇനിയുണ്ടാകില്ല. രാജ്യത്ത് ഇന്ന് മുതൽ മുതൽ കൊവിഡ് വാക്സിൻ വിതരണം ആരംഭിക്കുന്നതിനാൽ വാക്സിനേഷൻ സംബന്ധിച്ച സന്ദേശമാകും പുതിയ കോളർ ട്യൂണിൽ. വാക്സിനേഷനെ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് ലക്ഷ്യം.

വാക്സിനേഷൻ ഡ്രൈവുമായി ബന്ധപ്പെട്ട ബോധവത്കരണ ശബ്ദം സ്ത്രീയുടേതാണ്.

'പുതുവർഷത്തിൽ കൊവിഡ് വാക്സിന്റെ രൂപത്തിൽ പ്രതീക്ഷയുടെ കിരണമെത്തിയെന്ന് തുടങ്ങുന്നതാണ് സന്ദേശം. കൊവിഡിനെതിരായ പ്രതിരോധ ശേഷി കൈവരിക്കാൻ വാക്സിന് സാധിക്കും. വാക്സിനേഷൻ സംബന്ധിച്ച വ്യാജവാർത്തകളിൽ വിശ്വസിക്കരുത്. വാക്സിൻ ഇന്ത്യയിൽ വികസിപ്പിച്ചതാണെന്നും സുരക്ഷിതമാണെന്നും പകർച്ചവ്യാധിക്കെതിരെ ഫലപ്രദമാണെന്നും പുതിയ കോളർ ട്യൂണിൽ പറയുന്നു.

വാക്സിൻ വിതരണം ആരംഭിച്ചെങ്കിലും മാസ്‌ക് ധാരണം, സാനിറ്റെസർ ഉപയോഗം, കൈകഴുകൽ, സാമൂഹിക അകലം തുടങ്ങിയ കൊവിഡ് മുൻകരുതലുകൾ തുടർന്ന് പോരണമെന്നും ശബ്ദ സന്ദേശത്തിൽ ഓർമിപ്പിക്കുന്നു.

കൊവിഡ് ബോധവത്കരണ സന്ദേശത്തിൽ അമിതാഭ് ബച്ചന്റെ ശബ്ദം നീക്കണമെന്നാവശ്യപ്പെട്ട് പൊതു താത്പര്യ ഹർജി ഡൽഹി ഹൈകോടതിയിൽ നൽകിയിരുന്നു. കൊവിഡിനെതിരായ പോരാട്ടത്തിൽ നിരവധിപേർ സൗജന്യ സേവനത്തിന് തയാറാകുമ്പാൾ സർക്കാർ ബച്ചന് ഇത്തരം പരസ്യങ്ങൾക്കായി പണം നൽകുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.