തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന സർക്കാരിന്റെ ആറാമത്തെ ബഡ്ജറ്റിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് പികെ കൃഷ്ണദാസ്. ബഡ്ജറ്റ് വാചകമേളയാണെന്നും തിരഞ്ഞെടുപ്പ് പ്രസംഗമായി ബഡ്ജറ്റിനെ ധനമന്ത്രി തരംതാഴ്ത്തിയെന്നുമാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്.
ബഡ്ജറ്റ്അവിശ്വസിനീയവും അയഥാർത്ഥവും അപ്രായോഗികമാണെന്നും പികെ കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.തോമസ് ഐസക്കിന്റെ കഴിഞ്ഞകാല അഞ്ച് ബഡ്ജറ്റുകളുടെ ആവർത്തനം മാത്രമാണിത്. എട്ട് ലക്ഷം പേർക്ക് തൊഴിൽ കൊടുക്കുമെന്ന് അദ്ദേഹം പറയുന്നു. ഏത് മേഖലയിലാണ് എട്ട് ലക്ഷം പേർക്ക് തൊഴിൽ കൊടുക്കുക. തകർന്നടിയുന്ന കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാൻ എന്ത് നിർദേശമാണ് ബഡ്ജറ്റിലുള്ളത്. പികെ കൃഷ്ണദാസ് പറഞ്ഞു.
സാധാരണ കേരളത്തിൽ, കാർഷിക-വ്യാവസായിക മേഖലകൾ തകർന്നാലും സേവന മേഖലയാണ് കുറച്ച് മുന്നോട്ടേക്ക് പോയിരുന്നത്. ഇത്തവണ സേവന മേഖലയും തകർന്നിരിക്കുകയാണ്. ബിജെപി നേതാവ് പറഞ്ഞു.
ടൂറിസം മേഖലയും തകർന്നിരിക്കുകയാണെന്നും ഇവിടെയെല്ലാം തൊഴിൽ സൃഷ്ടിക്കാൻ ഒരു സാദ്ധ്യതയുമില്ലെന്നും പികെ കൃഷ്ണദാസ് പറയുന്നു. ധനമന്ത്രി ഒരു കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയേണ്ടതായിരുന്നു.
കാരണം, ഇതിലെ ചില പദ്ധതികൾ കേന്ദ്ര സർക്കാരിന്റേതാണ് സംസ്ഥാന സർക്കാരിന്റേതല്ല. അദ്ദേഹം പറയുന്നു.
എല്ലാവര്ക്കും പാർപ്പിടമെന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതി പേര് മാറ്റിയിട്ടാണെങ്കിലും കേരളത്തിൽ നടപ്പാക്കുകയാണ്. കേന്ദ്ര സർക്കാർ പദ്ധതികളല്ലാതെ സംസ്ഥാന സര്കാരിന്റെതായിട്ട് കഴിഞ്ഞ അഞ്ച് വർഷക്കാലമായിട്ട് പദ്ധതികൾ നടന്നിട്ടില്ല. നരേന്ദ്ര മോദി സർക്കാരിന്റെ ഉദാരമായ സമീപനംകൊണ്ടാണ് കേരളത്തിൽ ട്രഷറി പൂട്ടാതിരിക്കുന്നത്. പികെ കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.