covid-protocols

പാരീസ് : കൊവിഡ് വ്യാപനം തടയുന്നതിനായി കർശന നിയന്ത്രണമേർപ്പെടുത്തി ഫ്രാൻസ്. വൈകിട്ട് ആറു മണിയ്ക്ക് ശേഷം ആരും പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം. ഇക്കാര്യം നിരീക്ഷിക്കുന്നതിനായി പൊലീസിന്റെ കർശന പരിശോധനയുണ്ട്. ജനിതക വകഭേദം വന്ന കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചത്. ആറു മണിയ്ക്ക് ശേഷം പുറത്തിറങ്ങുന്നതിന് പൊലീസിനെ വ്യക്തമായ കാരണം ബോധിപ്പിക്കണം. അതേസമയം, നിയന്ത്രണം വീണ്ടും ദീർഘിപ്പിച്ചുകൊണ്ട് ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റെക്‌സ് ഉത്തരവ് പുറപ്പെടുവിച്ചു. കമ്പനികളും വ്യാപാരസ്ഥാപനങ്ങളും നാലരയോടെ പ്രവര്‍ത്തനം അവസാനിപ്പിക്കണം. 90 മിനുട്ടിനകം തൊഴിലാളികൾ വീട്ടിൽ കയറണം. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത പിഴ ചുമത്താനാണ് സർക്കാർ തീരുമാനം. കിഴക്കൻ പ്രദേശങ്ങൾക്ക് പുറമെ, ബൽജിയം, ജർമ്മനി, സ്വിറ്റ്‌സർലൻഡ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന മേഖലകളിലും വൈകീട്ട് ആറു മുതൽ രാവിലെ ആറുവരെ കർഫ്യൂ ഏര്‍പ്പെടുത്തി. അതേസമയം ഇറ്റലി, ബെൽജിയം തുടങ്ങിയ രാജ്യങ്ങൾ രാത്രി 10 മുതൽ രാവിലെ ആറു വരെയും ഹംഗറി രാത്രി എട്ടു മുതൽ പുലര്‍ച്ചെ അഞ്ചുവരെയുമാണ് കർഫ്യൂ ഏർപ്പെടുത്തിയിട്ടുള്ളത്.