ഹലാൽ ഭക്ഷണം സംബന്ധിച്ച് നടക്കുന്ന വിവാദങ്ങളിൽ സോഷ്യൽ മീഡിയ വഴി പ്രതികരിച്ച് ആക്ടിവിസ്റ്റും മോഡലുമായ രശ്മി ആർ നായർ. ഹലാൽ അല്ലാത്ത ഭക്ഷണം കഴിക്കുന്നവർ മുഴുവൻ ചത്തതിനെയും വേസ്റ്റും ഒക്കെ തിന്നുന്നവരാണ് എന്ന് പ്രചരിപ്പിക്കുന്നത് കൃത്യമായ മതവിദ്വേഷ പ്രചാരണമാണെന്നാണ് രശ്മി തന്റെ കുറിപ്പ് വഴി പറയുന്നത്. ഈ പ്രചാരണത്തിന് പിന്നിൽ മതവിദ്വേഷം ഉണ്ടാക്കുക എന്ന അജണ്ടയാണ് പ്രവർത്തിക്കുന്നതെന്നും ഇത്തരത്തിൽ പ്രചാരണം നടത്തുന്നവർക്കെതിരെ കേസെടുക്കേണ്ടതുണ്ടെന്നും ആക്ടിവിസ്റ്റ് പറയുന്നു. ഹലാൽ ഭക്ഷണം എന്ന 'ബ്രാൻഡിംഗ്' ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വലതുപക്ഷ, തീവ്ര വലതുപക്ഷ സംഘടനകൾ രംഗത്തുവന്നത് വാർത്തയായിരുന്നു.
കുറിപ്പ് ചുവടെ:
'ഹലാൽ ഫുഡോ ബീഫോ പോർക്കോ ആളുകൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും പാചകം ചെയ്യാനും വിളമ്പാനും ഇവിടെ സ്വാതന്ത്ര്യമുണ്ട് എന്ന് സംഘികളും സുഡാപ്പികളും മനസിലാക്കേണ്ടതുണ്ട്. ഒരാൾ നടത്തുന്ന ഹോട്ടലിൽ ഹലാൽ ഭക്ഷണം വിളമ്പണോ വേണ്ടയോ എന്നതൊക്കെ അയാൾ മാത്രം തീരുമാനിക്കുന്ന കാര്യമാണ്. ഹലാൽ വേണ്ടവർ അത് ലഭിക്കുന്നിടത്തു പോയി കഴിക്കുക എന്നതാണ് ശരി.
അത് തടയാൻ ആരും വരാത്തിടത്തോളം അവിടെ എങ്ങനെ പാചകം ചെയ്യുന്നു എന്നത് നിങ്ങളുടെ വിഷയമല്ല. ഹലാൽ അല്ലാത്ത ഭക്ഷണം കഴിക്കുന്നവർ മുഴുവൻ ചത്തതിനെയും വേസ്റ്റും ഒക്കെ തിന്നുന്നവരാണ് എന്ന് പ്രചരിപ്പിക്കുന്നത് കൃത്യമായ മതവിദ്വേഷ പ്രചാരണമാണ്. അതിനു സമൂഹത്തിൽ സ്പർദ്ധ ഉണ്ടാക്കുക എന്ന അജണ്ടയുണ്ട്. അത്തരത്തിലുള്ള പ്രചാരവേലകൾക്കെതിരെ കേസെടുക്കണം.'