covid-accin-

തിരുവനന്തപുരം: കൊവിഡ് വൈറസിനെതിരായ ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതിക്ക് നാളെ തുടക്കമാകും. ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് മുന്നണി പോരാളികളായ മൂന്ന് കോടി പേര്‍ക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ വിതരണം ചെയ്യുന്നത്. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ രണ്ട് വാക്‌സിനുകളാണ് ഇന്ത്യയില്‍ വിതരണാംഗീകാരം നല്‍കിയിട്ടുള്ളത്. ശനിയാഴ്ച രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിന്‍ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴി രാജ്യത്തൊട്ടാകെയുള്ള 3,006 വാക്‌സിനേഷന്‍ കേന്ദ്രങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

സംസ്ഥാനത്ത് ആദ്യ ദിനം 133 കേന്ദ്രങ്ങളിലാണ് വാക്സിനേഷന്‍ നടക്കുന്നത്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതവും ഉണ്ടാകും. ബാക്കി ജില്ലകളില്‍ ഒമ്പത് കേന്ദ്രങ്ങള്‍ വീതമാണ് ഉണ്ടാകുക. ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടേയും വിഭാഗങ്ങളുടേയും അന്താരാഷ്ട്ര ഏജന്‍സികളായ ഡബ്ലിയു.എച്ച്.ഒ., യൂണിസെഫ്, യു.എന്‍.ഡി.പി. തുടങ്ങിയവയുടെ സഹകരണത്തോടെയുമാണ് വാക്സിനേഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നത്.

കൊവിഡ് വാക്‌സിനേഷന്റെ ജില്ലകളിലെ ഒരുക്കങ്ങള്‍ അന്തിമമായി വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. എല്ലാ ജില്ലകളിലേയും കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്ത് ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. കൊവിഡ് വാക്‌സിനേഷനായി എല്ലാ ജില്ലകളും തയ്യാറാണെന്ന് യോഗം വിലയിരുത്തി. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിര്‍ബന്ധമായും പാലിക്കേണ്ട കോവിഡ് സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കിയതായി മന്ത്രി പറഞ്ഞു.

വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തുന്ന എല്ലാവരും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. വാക്‌സിനേഷന്‍ കേന്ദ്രങ്ങില്‍ വാക്‌സിന്‍ എടുക്കാന്‍ വരുന്നവരും ഉദ്യോഗസ്ഥരും മറ്റുള്ള എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകള്‍ ഇടയ്ക്കിടയ്ക്ക് ശുചിയാക്കുകയും വേണം. കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം പാടില്ല. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ചുമതലപ്പെടുത്തിയ വാക്‌സിനേഷന്‍ ഓഫീസര്‍മാരേയും ആരോഗ്യ പ്രവര്‍ത്തകരേയും വാക്‌സിന്‍ ഗുണഭോക്താക്കളേയും മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ ബോധവത്കരണ പോസ്റ്ററുകള്‍ സ്ഥാപിക്കേണ്ടതാണ്. വാക്‌സിനേഷന്‍ ബൂത്തുകള്‍ ഇടയ്ക്കിടയ്ക്ക് ശുചിയാക്കുകയും അണുവിമുക്തമാക്കുകയും വേണം.

രോഗലക്ഷണമുള്ളവരെ പ്രവേശന കവാടത്തില്‍ വച്ച് തന്നെ തിരിച്ചറിഞ്ഞ് മതിയായ ആരോഗ്യ പരിചരണം നല്‍കണം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അപ്പപ്പോള്‍ തന്നെ വിലയിരുത്തി പരിഹരിച്ച് വാക്‌സിനേഷന്‍ പ്രകൃയ സുഗമമാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ജോ. സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.