juliya-hawkins

ജൂലിയ ഹോക്കിൻസിനെ ലോകം അറിയുന്നത് മറ്റൊരു പേരിലാണ്. 'ചുഴലിക്കാറ്റ് മുത്തശ്ശി. ' 105 വയസിന്റെ ചെറുപ്പത്തിൽ വേഗമേറിയ കാലുകൾ കൊണ്ട് അമേരിക്കൻ ട്രാക്കിനെ വിറപ്പിക്കുകയാണവർ.

യു.എസ്.എ ട്രാക്ക് ആൻഡ് ഫീൽഡ് ഔട്ട്‌ഡോർസ് മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ പ്രായമായവർക്കുള്ള നൂറുമീറ്റർ ഓട്ടത്തിൽ ജൂലിയ ലോക റെക്കാഡ് സ്വന്തമാക്കിയത് 101-ാം വയസിലാണ്. അതും 40.12 സെക്കൻഡിലാണ് മുത്തശി ഓട്ടം ഫിനിഷ് ചെയ്തത്. അതൊരു തുടക്കമായിരുന്നു. 60 മീറ്റർ ഇൻഡോർ ഓട്ടമത്സരത്തിലും ഷോട്ട്പുട്ടിലും ലോകറെക്കാഡ് നേടിയിട്ടുണ്ട് കക്ഷി. നീന്തൽ മത്സരങ്ങളിലും ഒന്നാംസ്ഥാനം പോക്കറ്റിലാക്കും.

50 വയസിന് മുകളിലുള്ളവർക്കുള്ള 50, 100, 200 മീറ്റർ ഓട്ടമത്സരങ്ങളിൽ പങ്കെടുത്ത് വേഗത്തിൽ റെക്കാഡ് സൃഷ്ടിക്കുകയാണ് മുത്തശ്ശിയുടെ ഹോബി. ഓട്ടത്തിന് പുറമേ, ഷോട്ട്പുട്ടിലും മത്സരിച്ച് സമ്മാനം നേടാറുണ്ട് കക്ഷി .

ലൂസിയാനയിലെ ബാട്ടൻ റോഷ് സ്വദേശിയായി ജൂലിയ ഇപ്പോൾ നാഷണൽ സീനിയർ ഗെയിംസിൽ ഒരു കൈനോക്കാനുള്ള തയ്യാറെടുപ്പിലാണ്.

' നിങ്ങൾക്ക് എത്ര പ്രായമായാലും എന്റെ റെക്കാഡുകൾ ബ്രേക്ക് ചെയ്യാനാവില്ല. കാരണം ഞാനന്റെ ഏറ്റവും മികച്ച കഴിവുകൾ പുറത്തെടുത്ത് തനത് രീതിയിലാണ് മത്സരിക്കുന്നത്.' - ജൂലിയയുടെ വാക്കുകളിൽ 18ന്റെ ആവേശം.

എന്താണ് ഈ ചുറുചുറുക്കിന്റെ രഹസ്യമെന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ പറയാനാവില്ലെന്ന് - ജൂലിയ . 104 -ാം വയസിലും ഓട്ടമത്സരങ്ങളിൽ പങ്കെടുത്ത് വിജയം നേടുന്നതിന് പിന്നിൽ നിരവധി രഹസ്യങ്ങളുണ്ട്. ആരോഗ്യമാണതിൽ പ്രധാനം. പിന്നെ ചില ജീവിതശൈലികളും. ചെറിയൊരു പുഞ്ചിരിയോടെയാണ് അതേക്കുറിച്ച് മുത്തശ്ശി സംസാരിക്കുക.

പുതിയ കാര്യങ്ങൾ

ചെയ്യാൻ ശ്രമിക്കുക

ഒന്നിനോടും നോ പറയുന്നത് മുത്തശ്ശിക്കിഷ്ടമല്ല. ദിവസവും എന്തെങ്കിലും പുതിയ കാര്യങ്ങൾ ചെയ്യും. അതിപ്പോൾ പുതിയ കളികളാവാം,​ പാട്ടാകാം,​ പള്ളിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാകാം. ഈ ഉത്സാഹമാണ് മുത്തശ്ശിയെ കായികമത്സരങ്ങളിലേക്ക് എത്തിച്ചത്.

സ്വപ്നങ്ങളെ പിന്തുടരുക

നൂറുവയസ് പിന്നിട്ടപ്പോഴാണ് ആദ്യമായി മുത്തശ്ശി ട്രാക്കിലിറങ്ങുന്നത്.

'50 മീറ്റർ ഓട്ടമത്സരത്തിൽ വെറുതേ ഒരു രസത്തിന് പങ്കെടുത്തതാണ്. സംഗതി എങ്ങനെയുണ്ടെന്നറിയാൻ. പക്ഷേ, ഓടിത്തീർന്നപ്പോഴേക്കും ഞാൻ ട്രാക്കുമായി പ്രണയത്തിലായി. പിന്നെ ഞാനെന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ പായാൻ തുടങ്ങി. ട്രാക്കിൽ നിന്ന് ട്രാക്കിലേക്ക്, മത്സരങ്ങളിൽ നിന്ന് മത്സരങ്ങളിലേക്ക് '- മുത്തശ്ശിക്ക് കള്ളച്ചിരി.

എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണമെന്നാണ് ജൂലിയയുടെ പോളിസി. ഒരു നിമിഷം കക്ഷി അടങ്ങിയൊതുങ്ങി ഇരിക്കില്ല. പുതിയ സുഹൃത്തുക്കളെയുണ്ടാക്കും. പുതിയ കാര്യങ്ങൾ വായിക്കും. പുറത്തിറങ്ങി പക്ഷികളെ നിരീക്ഷിക്കും. പൂന്തോട്ടത്തിൽ പുതിയ ബോൺസായ് ചെടികൾ നട്ടുവളർത്തും.

സത്യം പറഞ്ഞാൽ ഗാ‌ർഡനിലായിരിക്കുമ്പോഴാണ് തന്റെയുള്ളിൽ ഒരു ഓട്ടക്കാരിയുണ്ടെന്ന് ആദ്യമായി ജൂലിയ തിരിച്ചറിഞ്ഞത്. വീടിനുള്ളിൽ നിന്ന് ലാൻഡ് ഫോൺ ബെല്ലടിക്കുമ്പോൾ ജൂലിയ പൂന്തോട്ടത്തിൽ നിന്ന് വീടിനുള്ളിലേക്ക് ഒരൊറ്റയോട്ടം വച്ചുകൊടുക്കും. പലകുറി ഇതാവർത്തിച്ചപ്പോഴാണ് ഓടാൻ നല്ല രസമാണല്ലോയെന്ന് ജൂലിയ തിരിച്ചറിഞ്ഞത്.

മാന്ത്രിക നിമിഷത്തെ

തിരിച്ചറിയുക
ജൂലിയ ജനിച്ചത് ഒന്നാം ലോക മഹായുദ്ധത്തിന്റെ സമയത്താണ്.

'അന്ന് ടെലിഫോണോ, ഇന്റർനെറ്റോ, ടെലിവിഷനോ ഇല്ലായിരുന്നു. ജീവിതത്തിലെ ചെറിയ കാര്യങ്ങൾ പോലും അന്ന് വളരെ നല്ലതായി തോന്നുമായിരുന്നു. ഞാനെന്റെ സുഹൃത്തുക്കൾക്ക് പുസ്തകങ്ങൾ വായിക്കാൻ നൽകുമായിരുന്നു. അതുപോലും വളരെ അഭിനന്ദാനർഹമാണെന്നാണ് തോന്നിയിരുന്നത്. സൂര്യോദയം, അസ്തമയം, പാടുന്ന പക്ഷികൾ, നക്ഷത്രങ്ങൾ, പാട്ടുകൾ അങ്ങനെയുള്ള ചെറിയകാര്യങ്ങളിലൊക്കെ സന്തോഷം കണ്ടെത്തുന്നതായിരുന്നു എന്റെ പ്രകൃതം. ഇതൊക്കെ കാണുക, കേൾക്കുക, അനുഭവിക്കുക.... എന്ത് രസമാണെന്നോ, ഈ മാന്ത്രിക നിമിഷങ്ങളാണ് നമ്മളെ സ്വയം തിരിച്ചറിയാൻ സഹായിക്കുന്നത്. '- ജൂലിയ പറഞ്ഞു.”

സാഹസികതയെ പുണരുക

കൗമാരകാലത്ത് ശരിക്കുമൊരു തീപ്പൊരിയായിരുന്നു ജൂലിയ. സാഹസികതകളോടായിരുന്നു ഏറെയിഷ്ടം. അന്നത്തെക്കാലത്ത് പെൺകുട്ടികൾ ചെയ്യാൻ മടിക്കുന്ന പലതും പരിശീലിച്ചു. കുതിര സവാരി, ഗോൾഫ് കളിക്കൽ, നദിയിലൂടെയുള്ള സഞ്ചാരം, കാടുകയറൽ തുടങ്ങിയവ. ഒരിക്കൽ കാട്ടിൽ പോയി മടങ്ങിവന്ന ജൂലിയയുടെ കയ്യിലൊരു കുരങ്ങനുമുണ്ടായിരുന്നു. അതിനെ തന്റെ പ്രിയപ്പെട്ട വളർത്തുമൃഗമാക്കിയെടുത്തു ജൂലിയ! ആളുകൾ അതിനെക്കണ്ട് ഭയന്നപ്പോഴും ജൂലിയ കുരങ്ങനെ കൈവിട്ടില്ല.

കുടുംബമാണെല്ലാം

കോളേജ് കാലത്തെ പ്രണയത്തെയാണ് ജൂലിയ ജീവിതത്തിൽ കൂടെക്കൂട്ടിയത്. മുറെ ഹോക്കിൻസിന് കപ്പലിലായിരുന്നു ജോലി. വർഷത്തിന്റെ പകുതി കടലിൽ. മറുപകുതി കരയിൽ. പ്രണയം കൊടുമ്പിരിക്കൊണ്ട കാലത്ത് ടെലിഫോണിലൂടെയായിരുന്നു ഇരുവരും വിവാഹിതരായത്. കാരണം കപ്പൽ തിരിച്ചെത്തുമ്പോഴേക്കും ജൂലിയ മനസുമാറി മറ്റൊരാളെ വിവാഹം ചെയ്യുമോയെന്ന് മുറെ ഭയന്നു. പക്ഷേ, ജൂലിയ പറഞ്ഞു. ഞാൻ ഒരു തവണ തീരുമാനിച്ചാൽ അത് നടപ്പായെന്ന് കരുതണമെന്ന്. ടെലിഫോണിലൂടെ തന്നെ പ്രിയതമനോട് 'യെസ് ' മൂളി.

2013ൽ തന്റെ 70 -ാം വയസിൽ മുറെ ഇഹലോകവാസം വെടിയും വരെ ഇരുവരും ഒറ്റമനസും രണ്ടു ശരീരവുമായി ജീവിച്ചു. നാലുകുട്ടികളാണ് ഇരുവർക്കും. 78, 71, 68, 66 വയസാണ് അവർക്കിപ്പോൾ. രണ്ടാമത്തെ മകൾ സീനിയർ നാഷണൽ ഗെയിംസിൽ നീന്തൽ വിഭാഗത്തിൽ മത്സരിക്കാനൊരുങ്ങുകയാണ്. മകളെ മത്സരിച്ച് തോല്പിക്കുമെന്ന വാശിയിലാണ് ജൂലിയ.

നമുക്കായി വിരുന്നൊരുക്കാം

നമ്മൾ സ്വയം സന്തോഷിപ്പിക്കണം. നമുക്കായി വിരുന്നൊരുക്കണം എന്നതാണ് ജൂലിയയുടെ നയം. ദിനവും 5-10 മൈലോളം സൈക്കിൾ ചവിട്ടും. 5-10 കിലോമീറ്റർ ബൈക്ക് ഓട്ടമത്സരത്തിൽ പങ്കെടുത്ത് നിരവധി ഗോൾഡ് മെഡലുകളും അവർ നേടിയിട്ടുണ്ട്. ആരോഗ്യകരമായ ജീവിതശൈലിയാണ് 105-ാം വയസിലെ ചെറുപ്പത്തിന്റെ പിന്നിൽ. ആഹാരത്തിൽ കർശന നിയന്ത്രണമാണെങ്കിലും ചില സമയങ്ങളിൽ വറുത്ത മത്സ്യവും കൊഞ്ചുമൊക്കെ കഴിച്ച് ആർഭാടം കാണിക്കാറുണ്ടെന്നും ജൂലിയ സമ്മതിക്കുന്നു.

മറ്റുള്ളവരെ പ്രചോദിപ്പിക്കുക

മറ്റുള്ളവരെ പ്രചോദിപ്പിക്കും വിധം കാര്യങ്ങൾ ചെയ്യുകയാണ് ജൂലിയയുടെ സ്റ്റൈൽ. വർഷങ്ങൾനീണ്ട കായിക ജീവിതത്തിനൊടുവിൽ തിരിഞ്ഞു നോക്കുമ്പോൾ ജൂലിയ പൊട്ടിച്ചിരിക്കും. ഈ റെക്കാഡുകളല്ല, ഓരോ ഓട്ടമത്സരവും സമ്മാനിച്ച സന്തോഷമാണ് എനിക്ക് പ്രധാനം. എനിക്ക് പിന്നാലെ വരുന്നവർക്ക് പ്രചോദനമാകാൻ ഈ ജീവിതം കൊണ്ട് ശ്രമിക്കുകയാണവർ.