kk-shylaja

തിരുവനന്തപുരം: കൊവിഡ് വാക്സിൻ കുത്തിവയ്പിന് കേരളം പൂർണ സജ്ജമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വാക്‌സിൻ കേന്ദ്രങ്ങൾ തയ്യാറാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അടിസ്ഥാന രഹിതമാണെന്നും, അടുത്ത ഘട്ടത്തിൽ ആവശ്യമെങ്കിൽ കൂടുതൽ കേന്ദ്രങ്ങൾ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

'അടുത്ത സാമ്പത്തിക വർഷത്തിൽ കേരളം കൊവിഡ് മുക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു. വാക്‌സിൻ വലിയ ആശ്വാസം നൽകുന്നു. ആവശ്യമായ ഡോസ് ലഭിച്ചാൽ ഏപ്രിലോടെ എല്ലാവർക്കും കുത്തിവയ്‌പെടുക്കാൻ സാധിക്കും.'-മന്ത്രി ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്നും, താരതമ്യേന പാർശ്വഫലങ്ങൾ കുറഞ്ഞ വാക്‌സിനാണ് കൊവീഷീൽഡ് എന്നും മന്ത്രി പറഞ്ഞു. അതേസമയം കുത്തിവയ്പെടുത്താലും ജാഗ്രത തുടരണമെന്ന് കെ കെ ശൈലജ കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തെ കൊവിഡ് വാക്സിന്‍ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. വീഡിയോ കോണ്‍ഫറന്‍സ് വഴി രാജ്യത്തൊട്ടാകെയുള്ള 3,006 വാക്സിനേഷന്‍ കേന്ദ്രങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.


കേരളത്തിൽ 133 കേന്ദ്രങ്ങളിലാണ് ഇന്ന് വാക്സിനേഷൻ ആരംഭിക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തി. കുത്തിവയ്പെടുക്കുന്ന സ്ഥലത്ത് വെയിറ്റിംഗ് റൂം, വാക്‌സിനേഷൻ റൂം, ഒബ്‌സർവേഷൻ റൂം എന്നിവയുണ്ടായിരിക്കും.രജിസ്റ്റർ ചെയ്തവർ എവിടെ വാക്‌സിൻ എടുക്കാൻ പോകണമെന്ന് എസ് എം എസിലൂടെ അറിയിക്കും.