തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം സുപ്രീംകോടതിയിലെ കേസ് നടത്തിപ്പിന് മാത്രമായി ചിലവഴിച്ചത് പതിനാലുകോടി പത്തൊമ്പത് ലക്ഷം രൂപ. വിവരാവകാശ രേഖയിലാണ് സംസ്ഥാന സർക്കാർ ഇക്കാര്യം വ്യക്തമാക്കുന്നത്. 10 കോടി 72 ലക്ഷം രൂപയാണ് ഹൈക്കോടതിയിലെ കേസ് നടത്തിപ്പിന് മാത്രമായി സർക്കാർ ചിലവാക്കിയത്.
ഷുഹൈബ് കേസിൽ സംസ്ഥാന സർക്കാരിനായി ഹാജരായ അഭിഭാഷകൻ വിജയ് ഹൻസാരിയക്കായി സർക്കാർ ചിലവാക്കിയത് 64,44,000 രൂപയാണ്. പെരിയ ഇരട്ടക്കൊലക്കേസിൽ ഹാജരായ അഭിഭാഷകനായി സർക്കാർ ചെലവാക്കിയത് അറുപത് ലക്ഷം രൂപയാണ്. ഇതേ കേസിൽ മറ്റൊരു 25 ലക്ഷം രൂപ കൂടി സർക്കാർ ചിലവാക്കി. ഇത്തരത്തിൽ ആകെ ചെലവ് ഒരു കോടിയോട് അടുക്കും.
പയ്യന്നൂരിലെ രാഷ്ട്രീയ കൊലപാതക കേസിൽ ഹരിൻ പി റാവൽ ഹാജരായതിന് 46 ലക്ഷം രൂപയാണ് ചിലവ്. സർക്കാർ പ്രതിരോധത്തിലായ പ്രമാദമായ കേസുകളിലാണ് മുതിർന്ന അഭിഭാഷകരെ രംഗത്ത് ഇറക്കാൻ ഏറ്റവുമധികം തുക ചിലവാക്കിയിരിക്കുന്നത്. 14 കേസുകളിൽ സർക്കാർ കോൺസുൽ ലിസ്റ്റിന് പുറത്തുളള അഭിഭാഷകർ ഹാജരായി. വിവരാവകാശ പ്രവർത്തകനായ ധനരാജ് എസ് നൽകിയ ചോദ്യങ്ങൾക്കാണ് സർക്കാരിന്റെ മറുപടി.