ന്യൂഡൽഹി: റഷ്യയിൽ നിന്നും എസ് 400 എയർ ഡിഫൻസ് സിസ്റ്റം വാങ്ങിയാൽ കടുത്ത നടപടികളിൽ ഇളവ് നൽകില്ലെന്ന് ഇന്ത്യയ്ക്ക് അമേരിക്ക മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. തുർക്കിക്ക് ഏർപ്പെടുത്തിയതിന് സമാനമായ ഉപരോധം ഇന്ത്യയുടെ കാര്യത്തിലും ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
5.5 ബില്യൺ ഡോളർ കരാർ ഉപേക്ഷിച്ച് നയതന്ത്ര പ്രതിസന്ധി ഒഴിവാക്കാൻ ട്രംപ് ഭരണകൂടം ഇന്ത്യയോട് ആവശ്യപ്പെട്ടു. അമേരിക്കയുടെ പുതിയ പ്രസിഡന്റായി അടുത്താഴ്ചയാണ് ജോ ബൈഡൻ അധികാരമേൽക്കുന്നത്. ട്രംപ് മാറി ബൈഡൻ വന്നാലും റഷ്യയുടെ കാര്യത്തിൽ നിലപാട് മാറാൻ സാദ്ധ്യതയില്ലെന്നാണ് സൂചന.
എന്നാൽ ചൈനയുടെ ഭീഷണി നേരിടാൻ മിസൈൽ പ്രതിരോധ സംവിധാനം ആവശ്യമാണെന്നാണ് ഇന്ത്യയുടെ നിലപാട്. പ്രതിരോധ സാമഗ്രികൾ തിരഞ്ഞെടുക്കാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി. ഇത് അമേരിക്കയുടെ പുതിയ ഭരണകൂടവുമായുള്ള ഇന്ത്യയുടെ ബന്ധത്തെ പ്രതികൂലമായി ബാധിക്കാൻ സാദ്ധ്യതയുണ്ടെന്ന് രാഷ്ട്രീയ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
അമേരിക്കയുമായും റഷ്യയുമായും ഇന്ത്യയ്ക്ക് നല്ല സൗഹൃദമാണ് ഉള്ളത്. ഇന്ത്യ എല്ലായ്‌പ്പോഴും സ്വതന്ത്ര വിദേശനയം പിന്തുടരുന്നുവെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.എതിരാളിയിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നവർക്കു മേൽ യുഎസ് ഏർപ്പെടുത്തുന്ന ഉപരോധത്തിന് (സിഎടിഎസ്എ) മുന്നിൽ മുട്ടുമടക്കില്ലെന്ന് നേരത്തെ ഇന്ത്യഅറിയിച്ചിരുന്നു.
എസ്-400 വാങ്ങിയതിന്റെ പേരില്‍ നാറ്റോ സഖ്യകക്ഷിയായ തുര്‍ക്കിക്കുമേല്‍ അമേരിക്ക കഴിഞ്ഞമാസം ഉപരോധമേര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി തുര്‍ക്കിയുടെ മിലിട്ടറി വകുപ്പിന് നല്‍കിയിരുന്ന എല്ലാ എക്സ്പോര്‍ട്ട് ലൈസന്‍സുകളും സാമ്പത്തിക സഹായവും അമേരിക്ക പിൻവലിച്ചിരുന്നു.