ചിത്രശലഭങ്ങളുടെ പിന്നാലെ പതുങ്ങി നടക്കുന്ന, അപ്പൂപ്പൻതാടി ഊതിപ്പറത്തുന്ന, മഞ്ചാടിക്കുരു പെറുക്കി നിധിപോലെ സൂക്ഷിയ്ക്കുന്ന, പൂടപ്പഴം പറിച്ചു നുണയുന്ന ഒരു കുട്ടി നമ്മുടെയൊക്കെ ഉള്ളിലുണ്ട്. ടീച്ചറിന്റെ ചൂരലിൽ നിന്നു കിട്ടിയ ഓർക്കാപ്പുറത്തെ അടിയെക്കാൾ, പുതുമണം മായുംമുമ്പേ കാണാതെ പോയ റബറുണ്ടാക്കിയ നോവിനെക്കാൾ, കൂട്ടുകാരി പൊട്ടിച്ച സ്ലേറ്റ് ഹൃദയത്തിലുണ്ടാക്കിയ
മുറിവിനെക്കാൾ ഓർക്കാനിഷ്ടപ്പെടുക കേക്കു പൊതിഞ്ഞു വരുന്ന വർണ്ണക്കടലാസു ശേഖരിച്ചു വച്ചിരുന്നതും കൂട്ടുകാർ ചേർന്നു പൊട്ടിച്ചു തിന്ന കമ്പിളി നാരങ്ങയുടെ പുളിപ്പും, കൂട്ടുകാരോടൊപ്പം ആർത്തു കളിച്ച കള്ളനും പോലീസും ഒക്കെത്തന്നെയാണ്. ഒരു പുഞ്ചിരിയോ പൊട്ടിച്ചിരിയോ ഉള്ളിൽ വിടർത്തുന്ന എന്തെന്തു കാര്യങ്ങൾ!
കുട്ടിക്കാലം ഏതു മനുഷ്യന്റെയും ജീവിതത്തെ പ്രകാശപൂർണമാക്കുന്ന പൊൻകാലമാണ്. മനോഹരമായ ബാല്യത്തെ തട്ടിപ്പറിച്ചെടുക്കുന്നതുപോലെ ക്രൂരമായ മറ്റൊന്നുണ്ടെന്നു തോന്നുന്നില്ല. ഏതു ക്രൂരനെയും അക്രൂരനാക്കുന്നതാണു ബാല്യത്തിന്റെ
പുഞ്ചിരി.. എന്റെ മോളുടെ മുഖത്തു വിടർന്ന ആദ്യത്തെ പുഞ്ചിരി, എത്രയോ വട്ടം എന്റെ മനസ്സിലെത്തുന്നു. അവളാദ്യമായി ഞങ്ങളുടെ കൈവിട്ട് തനിയെ, ഉറച്ച ധർമ്മടം ബീച്ചിലെ മണൽത്തിട്ടയിൽ നടന്നത്... സ്വയം നടക്കാനാവുന്നു എന്ന തിരിച്ചറിവ് അവളുടെ മുഖത്തു വിരിയിച്ച അദ്ഭുതം, പിന്നെ സ്വയം പൊട്ടിച്ചിരിച്ചു കൊണ്ട് നടത്തം പരീക്ഷിച്ചത്. എന്റെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദം നിറഞ്ഞ ഓർമ്മയാണത്. അദ്ഭുതങ്ങളും ആഹ്ലാദവും കൊച്ചു നോവുകളും നിറഞ്ഞ ബാല്യം പോലെ മറ്റെന്താണ് ഓർമ്മയിലെ മുത്തുമണികളാകുന്നത്?
കവികളെയും കലാകാരന്മാരെയുമൊക്കെ എന്നും സർഗ്ഗാത്മകതയിലേ യ്ക്കു തള്ളിവിടുന്ന ബാല്യസ്മരണകൾ ഓരോ കുട്ടിയ്ക്കും അവരുടെ അച്ഛനമ്മ മാർക്കും ഉണ്ടാവേണ്ടതല്ലേ? എന്നാൽ തല്ലിക്കെടുത്തിയ ബാല്യങ്ങൾ... നോവിന്റെ ബാല്യങ്ങൾ... കുഞ്ഞിക്കൂനനിലോ ഒലിവർ ട്വിസ്റ്റിലോ ഒതുങ്ങുന്നില്ലാ എന്ന യാഥാർത്ഥ്യം ഒരുപാടു കയ്പു നിറഞ്ഞതാണ്. ആഹ്ലാദം നിറഞ്ഞ ഒരു ബാല്യം മണ്ണിൽ പിറക്കുന്ന ഓരോ കുട്ടിയുടെയും അവകാശമാണ്. സ്വന്തം കുഞ്ഞിനെ മറ്റു ജീവികളിൽ നിന്നു
സംരക്ഷിയ്ക്കുന്നതിനായി ജന്തുക്കൾ പോലും എന്തെല്ലാം മാർഗ്ഗങ്ങൾ സ്വീകരിയ്ക്കുന്നു!
ജന്തുക്കൾ വാസസ്ഥലം കണ്ടുപിടിയ്ക്കാതിരി യ്ക്കാൻ മുട്ട വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങളുടെ കാഷ്ഠം കൊക്കിൽ കൊത്തി യെടുത്തു ദൂരെ കൊണ്ടുപോയിക്കളയുന്ന ചില പക്ഷികളുണ്ട്. മുട്ടയിട്ടു വച്ചിരിയ്ക്കുന്ന സ്ഥലം തിരിച്ചറിയാതിരിയ്ക്കാൻ ആകാശത്തു പരുന്തിനെ കാണുമ്പോഴേയ്ക്കും എതിർ ദിശയിൽ പോയി ശബ്ദമുണ്ടാക്കുന്ന തിത്തിരിപ്പക്ഷിയെ നടക്കാൻ പോകുമ്പോൾ കാണാറുണ്ട്. കുഞ്ഞിനെ വരവേൽക്കാനായി എത്ര കഷ്ടപ്പെട്ടാണ് ചില പക്ഷികൾ മനോഹരവും സുഖപ്രദവുമായ കൂടുണ്ടാക്കുന്നത്! കൃത്രിമ ജീവിതം നയിക്കുന്ന മനുഷ്യന് ജന്തുക്കൾക്കു പോലുമുള്ള സ്വതസിദ്ധമായ സ്‌നേഹം ഇല്ലാതാകുന്ന കാഴ്ച വേദനാജനകമാണ്.
ഞങ്ങൾ പൊലീസ് അക്കാദമിയിൽ നടത്തിയ ഒരു പഠനം സൂചിപ്പിയ്ക്കുന്നത് ബാലപീഡന ക്കേസുകൾ കൂടുതലായി നടക്കുന്നത് അവധിക്കാലത്താണെന്നാണ്. കുട്ടികൾ കൂടുതൽ സമയം വീട്ടിൽ ഒറ്റയ്ക്കാവുകയോ ബന്ധുവീടുകളിൽ വിരുന്നു പോവുകയോ ഒക്കെ ചെയ്യുമ്പോൾ പീഡനത്തിനിരയാകുന്നതാകാം കാരണം. നമ്മുടെ കുഞ്ഞുങ്ങളുടെ സുരക്ഷ അവരുടെ രക്ഷിതാക്കളിൽ മാത്രമായി ഏല്പിച്ചു കൊടുക്കാവുന്ന ഒന്നല്ലെന്നാണ് ഇതു സൂചിപ്പിയ്ക്കുന്നത്. കുഞ്ഞുങ്ങൾ നാടിന്റെ സ്വത്താണ്. അവരെ പരിപാലിയ്ക്കാൻ വേണ്ട മാനസിക വളർച്ചയോ ഭൗതിക സാഹചര്യങ്ങളോ ഇല്ലാത്ത മാതാപിതാക്കളെ അതിനു പ്രാപ്തരാക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിനുണ്ട്. ഓരോ കുട്ടിയുടേയും സാമൂഹിക സുരക്ഷയ്ക്കായുള്ള പദ്ധതി രൂപീകരിയ്ക്കാൻ ഒരു ക്ഷേമരാഷ്ട്രത്തിനു കഴിയണം. ജനിച്ചു വീഴുന്ന ഓരോ കുഞ്ഞും രാജ്യത്തിന്റെ ഏറ്റവും വിലപ്പെട്ട സ്വത്താണ്. അതിന്റെ ശാരീരിക-മാനസിക ആരോഗ്യം, വിദ്യാഭ്യാസം ഇവയൊക്കെ രാജ്യത്തിന്റെ ബാധ്യതയാണ്. ഓരോ കുഞ്ഞിനും പരിപൂർണമായ വ്യക്തി വികാസത്തിനുള്ള അവസരം നാം സൃഷ്ടിക്കേണ്ടതുണ്ട്. ഓരോ കുട്ടിയ്ക്കും പോളിയോ വാക്സിൻ എടുക്കാൻ നാം കാണിയ്ക്കുന്ന ശ്രദ്ധപോലെ ഇക്കാര്യങ്ങളിലെല്ലാം ശ്രദ്ധ ആവശ്യമുണ്ട്. അംഗൻവാടികൾക്കും പ്രൈമറി സ്‌കൂളുകൾക്കും അനുബന്ധമായി ഇത്തരം സൗകര്യങ്ങളുണ്ടാകേണ്ടതുണ്ട്. കുട്ടികളുടെ സംരക്ഷണത്തിനായി നിയോഗിക്കപ്പെടുന്നവർ ബാല്യങ്ങളെ പീഡിപ്പിയ്ക്കുന്നത് സഹിക്കാവുന്നതിനും അപ്പുറത്താണ്.
കൊച്ചുകുട്ടികൾ ഇന്റർനെറ്റിന് അടിമകളാകാൻ സ്‌കൂൾ ലോക്ഡൗൺ ഒരു
കാരണമായി മാറിയിട്ടുണ്ട്. ഈയ്യിടെ ഒരച്ഛൻ വേദനയോടെ പറഞ്ഞു ' മോൾ മുഖത്തു നോക്കി സംസാരിയ്ക്കുന്നില്ല. കുനിഞ്ഞിരുന്നു ഓൺലൈൻ ക്ലാസുമാത്രം അറ്റന്റു ചെയ്യുന്ന കുഞ്ഞിന് മറ്റുള്ളവരെ അഭിമുഖീകരിയ്ക്കാനാവുന്നില്ല. അതു കൊണ്ട് ഈയ്യിടെയായി അവളെ ഞാനെന്റെ കടയിലേയ്ക്കു രാവിലെ കൊണ്ടു പോവുകയാണ്; മനുഷ്യരുടെ മുഖത്തു നോക്കാൻ അവളെ ശീലിപ്പിയ്ക്കുന്നതിനായി'. അച്ഛനേയും അമ്മയേയും മാത്രം കണ്ടു മടുത്തു എന്നു പറയുന്ന കുട്ടി കൾ ഇന്നു മിക്കവീടുകളിലുമുണ്ട്. ടി.വി.യിലെ പുൽമേട്ടിൽ മേയുന്ന പശുവിനെ കണ്ടിട്ട്, എനിയ്‌ക്കൊരു പശുവായാൽ മതി എന്നുപറഞ്ഞ കുഞ്ഞിനെ എനിയ്ക്ക് ഓർമ്മ വരുന്നു. ചിത്രശലഭങ്ങളും മഴവില്ലുമുള്ള ഒരു ബാല്യം നമ്മുടെ കുഞ്ഞുങ്ങ ൾക്കു നൽകാൻ നമുക്ക് ബാധ്യതയില്ലേ?.