ഉത്തരധ്രുവത്തിലൂടെ ഏറ്റവും ദൈർഘ്യമേറിയ വിമാനയാത്ര നടത്തി എയർ ഇന്ത്യയുടെ നാല് വനിതാ പൈലറ്റുമാർ ചരിത്രം കുറിച്ചത് കഴിഞ്ഞയാഴ്ചയാണ്. എയർ ഇന്ത്യയുടെ ബോയിങ് 777 വിമാനം സാൻഫ്രാൻസിസ്‌കോയിൽ നിന്നും 16,000 കി.മീ പിന്നിട്ടാണ് ബംഗളൂരു വിമാനത്താവളത്തിൽ എത്തിയത്. 17 മണിക്കൂറെടുത്താണ് യാത്ര പൂർത്തിയാക്കിയത്. വളരെയധികം പരിചയസമ്പത്തും സാങ്കേതിക വൈദഗ്ദ്ധ്യവും ആവശ്യമുള്ള ഈ ദൗത്യത്തിന് ആദ്യമായാണ് വനിതാ വൈമാനികരുടെ ടീമിനെ എയർഇന്ത്യ ചുമതലപ്പെടുത്തുന്നത്.
ഇതാദ്യമായാണ് ഒരു വനിതാ ടീം ഉത്തര ധ്രുവത്തിനു മുകളിലൂടെ 17 മണിക്കൂർ ദൈർഘ്യമേറിയ വിമാനയാത്ര നയിക്കുന്നത്.തങ്ങളെ ദൗത്യം ഏല്പിച്ചതിൽ അങ്ങേയറ്റം അഭിമാനമുണ്ടെന്ന് വനിതാ പൈലറ്റുമാരെ നയിക്കുന്ന സോയ അഗർവാൾ പറഞ്ഞു. തൻമയ് പപഗരി, ആകാംക്ഷ, ശിവാനി മാൻഹാസ് എന്നിവരാണ് ടീം അംഗങ്ങൾ.
ട്വിറ്ററിൽ മോദി ഒന്നാമൻ
ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ഭരണകർത്താവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ഭരണാധികാരികളിൽ ഒന്നാമനായിരുന്ന ട്രംപിന്റെ അക്കൗണ്ട് കാപ്പിറ്റോൾ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ട്വിറ്റർ എന്നേക്കുമായി പൂട്ടിയതോടെയാണ് നരേന്ദ്ര മോദി ഒന്നാമതെത്തിയത്.
ട്രംപിന് 88.7 മില്ല്യൺ ഫോളോവേഴ്സാണ് ഉണ്ടായിരുന്നത്. നരേന്ദ്ര മോദിക്ക് 64.7 മില്യൺ ഫോളോവേഴ്സുണ്ട്. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയാണ് ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന രാഷ്ട്രീയ നേതാവ്. 127.9 മില്ല്യൺ ആളുകളാണ് ട്വിറ്ററിൽ ഒബാമയെ പിന്തുടരുന്നത്.
അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് ട്വിറ്ററിൽ 23.3 മില്യൺ ഫോളോവേഴ്സാണ് ഉള്ളത്. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് 24.2 മില്ല്യൺ ഫോളോവേഴ്സും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് 21.2 മില്യൺ ഫോളോവേഴ്സുമുണ്ട്.ട്രംപ് അനുകൂലികളുടെ കാപ്പിറ്റോൾ ആക്രമത്തിന് പിന്നാലെയാണ് ട്രംപിന്റെ അക്കൌണ്ട് ട്വിറ്റർ പൂട്ടിയത്.
വിവാഹേതര ലൈംഗികബന്ധം കുറ്റമോ
വിവാഹേതര ലൈംഗികബന്ധം ക്രിമിനൽ കുറ്റമല്ലെന്ന വിധി സേനാവിഭാഗങ്ങളിൽ ബാധകമാക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ച സംഭവം കഴിഞ്ഞയാഴ്ച ഏറെ ചർച്ചയായി.
സൈന്യത്തിൽ വിവാഹേതര ലൈംഗിക ബന്ധം കുറ്റകൃത്യമായി തന്നെ നിലനിറുത്തണമെന്നാണ് സുപ്രീംകോടതിയുടെ 2018ലെ വിധിയിൽ വ്യക്തത തേടി കേന്ദ്രം സമർപ്പിച്ച ഹർജിയിലെ ആവശ്യം.
സേനാ അംഗങ്ങളിൽ ഭൂരിഭാഗവും ജോലിക്കായി കുടുംബത്തിൽ നിന്ന് അകന്നു കഴിയുന്നതിനാൽ സുപ്രീംകോടതിയുടെ വിധി വഴിവിട്ട ബന്ധങ്ങളിലേക്ക് അവരെ നയിച്ചേക്കാമെന്നാണ് കേന്ദ്രത്തിന്റെ ആശങ്ക.
കേന്ദ്രത്തിന്റെ അപേക്ഷയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ മുമ്പാകെ ലിസ്റ്റ് ചെയ്യാൻ ജസ്റ്റിസ് റോഹിന്റൺ നരിമാന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിച്ചു.
വിവാഹേതര ബന്ധത്തിന്റെ പേരിൽ സൈനികരെ കോർട്ട്മാർഷൽ ചെയ്യാൻ വ്യവസ്ഥയുള്ള സായുധ സേനാ നിയമം 2018ലെ സുപ്രീംകോടതി വിധിയിൽ കണക്കിലെടുത്തിട്ടില്ലെന്ന് അറ്റോർണി ജനറൽ കെ. കെ. വേണുഗോപാൽ ബെഞ്ചിനെ ധരിപ്പിച്ചു. സഹപ്രവർത്തകരായ സൈനിക ഉദ്യോഗസ്ഥരുടെ ഭാര്യമാർ ഉൾപ്പെടെയുള്ള സ്ത്രീകളോട് വഴിവിട്ട ബന്ധം പുലർത്തിയാൽ കോർട്ട് മാർഷൽ ചെയ്ത് ജോലിയിയിൽ നിന്ന് പുറത്താക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്നാണ് വിശാല ബെഞ്ചിന് വിടാൻ ചീഫ്ജസ്റ്റിസിനോട് അഭ്യർത്ഥിച്ചത്.
ട്രംപ് ഔട്ട്
നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അട്ടിമറിക്കാൻ അനുയായികളെ ഇളക്കി വിട്ട് കോൺഗ്രസ് ആസ്ഥാനം ആക്രമിച്ച കുറ്റത്തിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്‌തു.197നെതിരെ 232 വോട്ടുകൾക്കാണ് ഇംപീച്ച്മെന്റ് പ്രമേയം പാസായത്. ഇതോടെ, അമേരിക്കൻ ചരിത്രത്തിൽ പ്രതിനിധി സഭ രണ്ട് തവണ ഇംപീച്ച് ചെയ്യുന്ന ആദ്യ പ്രസിഡന്റായി ട്രംപ്. ആൻഡ്രൂ ജോൺസണും ബിൽ ക്ലിന്റണും ശേഷം ഇംപീച്ച്മെന്റിന് വിധേയനാകുന്ന പ്രസിഡന്റാണ് ട്രംപ്.
ട്രംപിനെതിരെ 10 റിപ്പബ്ലിക്കൻ അംഗങ്ങളും വോട്ട് രേഖപ്പെടുത്തി. വിചാരണ ഇനി ഉപരിസഭയായ സെനറ്റിലേക്ക് നീങ്ങും. റിപ്പബ്ലിക്കൻ നിയന്ത്രണത്തിലുള്ള സെനറ്റിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം ഉണ്ടെങ്കിലേ നടപടി സാദ്ധ്യമാകൂ. 20ന് ബൈഡൻ അധികാരമേൽക്കും മുമ്പ് സെനറ്റ് വിചാരണ തുടങ്ങുമോ എന്ന് വ്യക്തമല്ല.