തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും കോടികൾ വാരിക്കൂട്ടി വിജയ് ചിത്രം മാസ്റ്റർ. റിലീസ് ചെയ്‌ത് മൂന്ന് ദിവസം പിന്നിടുമ്പോൾ മാസ്‌റ്ററിന്റെ കളക്ഷൻ നൂറ് കോടി പിന്നിട്ടിരിക്കുകയാണ്. അതിൽ 55 കോടി രൂപയാണ് തമിഴ്നാട്ടിൽ നിന്ന് മാത്രമുളള കളക്ഷൻ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ലോക്ക്ഡൗണിന് ശേഷം തീയറ്ററുകൾ തുറന്നപ്പോൾ ആദ്യമായെത്തിയ ബിഗ് ബഡ്‌ജറ്റ് റിലീസ് ആയിരുന്നു മാസ്റ്ററിന്റേത്.
തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക, കേരളം, ഉത്തരേന്ത്യ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന റിലീസ് കേന്ദ്രങ്ങൾ. നിർമ്മാതാക്കളായ എക്സ്ബി ഫിലിം ക്രിയേറ്റേഴ്സ് പുറത്തുവിട്ടിരിക്കുന്ന കണക്കുകൾ പ്രകാരം തമിഴ്നാട്ടിലെ ആദ്യദിനത്തിലെ കളക്ഷൻ 25 കോടിയോളം ആയിരുന്നു. ആന്ധ്ര, തെലങ്കാന 10.4 കോടി, കർണാടക 5 കോടി, കേരളം 2.17 കോടി എന്നിങ്ങനെയായിരുന്നു ആദ്യദിന കളക്ഷൻ.
ഗൾഫ്, സിംഗപ്പൂർ, ഓസ്ട്രേലിയ, ശ്രീലങ്ക, യു എസ് എ അടക്കമുളള അന്തർദേശീയ വിപണികളിലേക്കും ചിത്രം മികച്ച ഓപ്പണിംഗ് നേടിയിരുന്നു. ഗൾഫിൽ നിന്ന് ആദ്യത്തെ രണ്ട് ദിവസങ്ങളിൽ 1.35 മില്യൺ ഡോളർ, സിംഗപ്പൂര്‍ - 3.7 ലക്ഷം ഡോളർ, ഓസ്ട്രേലിയ - 2.95 ലക്ഷം ഡോളർ, ശ്രീലങ്ക - 2.4 ലക്ഷം ഡോളർ, യു എസ് എ - 1.5 ലക്ഷം ഡോളർ എന്നിങ്ങനെയാണ് കണക്കുകൾ.
ആദ്യ രണ്ട് ദിവസങ്ങളിൽ നിന്നായി 1.60 കോടി മാത്രമാണ് ഉത്തരേന്ത്യയിൽ നിന്നുളള ചിത്രത്തിന്റെ നെറ്റ് കളക്ഷൻ. ആദ്യ രണ്ട് ദിവസങ്ങളിലെ നഷ്‌ടം ഒഴിവാക്കണമെങ്കിൽ 12 കോടിയെങ്കിലും ചിത്രം നേടണമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം. വാരാന്ത്യ കളക്ഷനിലാണ് നിലവിൽ വിതരണക്കാരുടെ പ്രതീക്ഷ.